ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ പ്ലസ്ടു പഠിക്കുന്നു. അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഫോറസ്ട്രി പ്രോഗ്രാം ബിരുദതലത്തിൽ പഠിക്കണമെന്നുണ്ട്. ബയോളജി പഠിക്കാത്തതിനാൽ പ്രവേശനം കിട്ടുമോ?
- അഖിൽ, തൃശൂർ
നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) എഴുതി കേരളാ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്മെന്റ് വഴിയും ഐ.സി.എ.ആർ. അഗ്രിക്കൾച്ചർ യു.ജി. പ്രവേശനപരീക്ഷ എഴുതി അഖിലേന്ത്യാ ക്വാട്ട വഴിയും ഒരാൾക്ക് കേരള കാർഷിക സർവകലാശാലയിൽ അഗ്രിക്കൾച്ചർ, ഫോറസ്ട്രി എന്നീ ബി.എസ്‌സി. (ഓണേഴ്സ്) പ്രോഗ്രാമുകൾക്ക് പ്രവേശനത്തിന് ശ്രമിക്കാം.
നീറ്റ് അഭിമുഖീകരിക്കാൻ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി പ്ലസ് ടു തലത്തിൽ നിർബന്ധമാണ്. എൻട്രൻസ് കമ്മിഷണർ വഴിയുള്ള അഗ്രിക്കൾച്ചർ, ഫോറസ്ട്രി ബി.എസ്‌സി. (ഓണേഴ്സ്) കോഴ്‌സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി നിർബന്ധമാണ്.
ബയോളജി പഠിക്കാത്തതിനാൽ നീറ്റ് എഴുതാനോ എൻട്രൻസ് കമ്മീഷണർ നടത്തുന്ന അഗ്രിക്കൾച്ചർ, ഫോറസ്ട്രി ബി.എസ്.സി. (ഓണേഴ്സ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാനോ അർഹത കിട്ടില്ല.
ഐ.സി.എ.ആർ. അഗ്രിക്കൾച്ചർ പ്രവേശനപരീക്ഷ വഴി ബി.എസ്‌സി. (ഓണേഴ്സ്) ഫോറസ്ട്രി കോഴ്സ് പ്രവേശനം തേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്/ഇന്റർ അഗ്രിക്കൾച്ചർ വിഷയങ്ങൾ പഠിച്ചിരിക്കണം. നിങ്ങളുടെ പഠനവിഷയങ്ങൾപ്രകാരം ഇതിനും നിങ്ങൾക്ക് അർഹതയില്ല.
എന്നാൽ, ഐ.സി.എ.ആർ. വഴിയുള്ള ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ഇന്റർ അഗ്രിക്കൾച്ചർ വിഷയങ്ങൾ പഠിച്ചവർക്ക് അപേക്ഷിക്കാം.
പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ഭാഗങ്ങൾക്ക് ഉത്തരംനൽകുകയും ചെയ്യാം. ഈ സാധ്യതയാണ് ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ പഠിക്കാൻ നിങ്ങൾക്കു ലഭ്യമായ ഓപ്പണിങ്. ഈ പ്രക്രിയ വഴി, കേരളത്തിനു പുറത്തുള്ള കാർഷിക സർവകലാശാലകളിലും ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ പ്രവേശനത്തിനായി ശ്രമിക്കാം.
ഐ.സി.എ.ആർ. പരീക്ഷയിൽ യോഗ്യത നേടുന്നപക്ഷം പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുന്നതിനുമുമ്പ് രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പ്ലസ് ടു തലത്തിൽ ബയോളജി പഠിക്കാത്തവർക്ക് എല്ലാ സർവകലാശാലകളും പ്രവേശനം നൽകുമോ എന്ന് തിരക്കണം. ബയോളജി പഠിക്കാത്തതിനാൽ ബി.എസ്‌സി. (അഗ്രിക്കൾച്ചർ) പ്രോഗ്രാം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ കഴിയുമോ എന്നു സ്വയംവിലയിരുത്തണം.
Courtesy Mathrbhoomi
No comments:
Post a Comment