കൊച്ചി: പഠനവും പരീക്ഷകളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനാക്കാൻ നിർദേശിച്ച യു.ജി.സി. ഒരുപടികൂടി മുന്നോട്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തുന്ന ഇന്റേൺഷിപ്പുകളും പരമാവധി ഓൺലൈനാക്കാനാണ് ആഹ്വാനം.
അടച്ചിടൽ, അക്കാദമിക പ്രവർത്തനങ്ങളെ ബാധിച്ച സാഹചര്യത്തിൽ ബദൽസംവിധാനങ്ങൾ കണ്ടെത്താൻ വിദഗ്ധസമിതിയെ കമ്മിഷൻ നിയോഗിച്ചിരുന്നു. അവരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപ്പുവർഷത്തെ ബാക്കി പ്രവർത്തനങ്ങളും അടുത്തവർഷത്തെ പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ മാർഗരേഖ യു.ജി.സി. പുറത്തിറക്കിയിരുന്നു. അടുത്തവർഷം പുതിയ കോഴ്‌സുകളുടെ ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങാനാണു നിർദേശം.
ഓരോ സർവകലാശാലകൾക്കും സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട വ്യതിയാനങ്ങൾ വരുത്താമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിൽ നിലവിലെ കോഴ്‌സുകളുടെ ഭാഗമായ ഇന്റേൺഷിപ്പുകളെപ്പറ്റി പ്രത്യേകം പരാമർശിച്ചിരുന്നില്ല. കുട്ടികൾക്ക് ഓൺലൈൻ ഇന്റേൺഷിപ്പുകളോ പ്രവർത്തനങ്ങളോ പഠനത്തിന്റെ ഭാഗമായി നടത്താം. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വീട്ടിലിരുന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.
നിലവിൽ പുരോഗമിക്കുന്ന പദ്ധതികളുടെ ഭാഗമായും ഇന്റേൺഷിപ്പ് ക്രമീകരിക്കാം. ആവശ്യമെങ്കിൽ ഇന്റേൺഷിപ്പ് തുടങ്ങേണ്ട തീയതി ദീർഘിപ്പിക്കാം. അല്ലെങ്കിൽ കൂടുതൽ അസൈൻമെന്റുകൾ കൂട്ടിച്ചേർത്ത് ഇന്റേൺഷിപ്പിന്റെ കാലാവധി ചുരുക്കാം.
No comments:
Post a Comment