സിവിൽ എൻജിനിയറിങ് ഡിപ്ലോമ രണ്ടാംവർഷ വിദ്യാർഥിയാണ്. ഇതുകഴിഞ്ഞ് ജോലിക്കൊപ്പം പാർട്ട്‌ടൈം ആയി ബി.ടെക്. ചെയ്യാൻ താത്‌പര്യമുണ്ട്. കേരളത്തിൽ അതിനുള്ള അവസരമുണ്ടോ? -ദേവി, ആലപ്പുഴ
കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ ബി.ടെക്. (ഈവനിങ്) പ്രോഗ്രാം നടത്തുന്നുണ്ട് (2019-’20 അധ്യയനവർഷം). നാലുവർഷമാണ് കോഴ്‌സ് ദൈർഘ്യം. ക്ലാസുകൾ പ്രവൃത്തിദിവസങ്ങളിൽ, വൈകീട്ട് ആഴ്ചയിൽ അഞ്ചുദിവസം നടത്തും. ആവശ്യമുള്ളപക്ഷം അവധിദിവസങ്ങളിലും ക്ലാസുകൾ നടത്തും.
അംഗീകൃത എൻജിനിയറിങ്/ടെക്‌നോളജി ഡിപ്ലോമ വേണം. ഓരോ ഡിപ്ലോമ ബ്രാഞ്ചുകാർക്കും അപേക്ഷിക്കാവുന്ന ബി.ടെക്. പ്രോഗ്രാം ഏതൊക്കെയെന്ന് പ്രോസ്പക്ടസിൽ വ്യക്തമാക്കിയിരിക്കും. അപേക്ഷിക്കുന്ന സമയത്ത്, സ്ഥിരം ടെക്‌നിക്കൽ/പ്രൊഫഷണൽ ജോലി ഉണ്ടായിരിക്കണം. ഡിപ്ലോമ നേടിയശേഷം ടെക്‌നിക്കൽ/പ്രൊഫഷണൽ ജോലിയിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്ത വ്യവസായസംരംഭങ്ങൾ, കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ, സംസ്ഥാനത്തെ പ്രൈവറ്റ്-എയ്ഡഡ് പോളിടെക്‌നിക്കുകൾ, പ്രൈവറ്റ്-എയ്ഡഡ്/അൺഎയ്ഡഡ് എൻജിനിയറിങ് കോളേജുകൾ എന്നിവയിലൊന്നിലായിരിക്കണം പ്രവൃത്തിപരിചയം.
ഒരുവർഷ പ്രവൃത്തിപരിചയമുള്ളവരെ ലഭിക്കാതെവന്നാൽ അതിൽ താഴെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. നിശ്ചിത എണ്ണം വിദ്യാർഥികൾ ഉണ്ടെങ്കിലേ പ്രോഗ്രാം നടത്തുകയുള്ളൂ. വിവരങ്ങൾക്ക്: http://admissions.dtekerala.gov.in/-ലെ ബി.ടെക് (ഈവനിങ്) ലിങ്കിലെ പ്രോസ്പക്ടസ് കാണുക.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ജോലിചെയ്യുന്ന ഡിപ്ലോമക്കാർക്ക് കെമിക്കൽ, സിവിൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ബി.ടെക്. (പാർട്ട്‌ടൈം) പ്രോഗ്രാം നടത്തുന്നുണ്ട്. വിവരങ്ങൾക്ക്: https://admissions.cusat.ac.in
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment