പ്ലസ്‌ടു സയൻസ് വിദ്യാർഥിയാണ്. ബി.എസ്‌സി. ജിയോളജി കോഴ്‌സ് പഠിക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ ഏതെല്ലാം കോളേജുകളിലാണ് ഈ കോഴ്‌സുള്ളത്? പ്രവേശനം ലഭിക്കാൻ എത്ര ശതമാനം മാർക്കുവേണം?
-സീമന്ത്, കണ്ണൂർ
കോഴ്‌സ് നടത്തുന്ന സർവകലാശാലകൾ ഓരോവർഷവും പ്രസിദ്ധപ്പെടുത്തുന്ന പ്രോസ്പെക്ടസിൽ പ്രവേശനവ്യവസ്ഥകൾ വ്യക്തമാക്കിയിരിക്കും.
• കണ്ണൂർ സർവകലാശാലയുടെ 2019-ലെ ബിരുദപ്രവേശന പ്രോസ്പക്ടസ് പ്രകാരം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നു പഠിച്ച് ഹയർസെക്കൻഡറി ജയിച്ചവർക്ക് ബി.എസ്‌സി. ജിയോളജി പ്രോഗ്രാം പ്രവേശനത്തിന് അർഹതയുണ്ട്.
• കേരള സർവകലാശാലയിലെ കോളേജുകളിലെ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ കുറഞ്ഞത് രണ്ടുവിഷയങ്ങൾ പഠിച്ചിരിക്കണം.
• മഹാത്മാഗാന്ധി സർവകലാശാല: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, ബയോളജി എന്നിവയിൽ കുറഞ്ഞത് രണ്ടുവിഷയങ്ങൾ പഠിച്ചിരിക്കണം.
• കോഴിക്കോട് സർവകലാശാലയിൽ പ്ലസ് ടു തലത്തിൽ സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും ജിയോളജി ഒരുവിഷയമായി സയൻസ് സ്ട്രീമിലോ ഹ്യുമാനിറ്റീസ് സ്ട്രീമിലോ പഠിച്ചവർക്കും അപേക്ഷിക്കാം.
• കേരളത്തിൽ, ബി.എസ്‌സി. ജിയോളജി ഉള്ള ചില സർക്കാർ/എയ്ഡഡ് കോളേജുകൾ: ഗവ. കോളേജ്, കാസർകോട്; എം.ഇ.എസ്. കോളേജ് പൊന്നാനി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട (ഓട്ടോണമസ്), ഗവ. കോളേജ് നാട്ടകം (കോട്ടയം), യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, എസ്.എൻ. കോളേജ് വർക്കല, എസ്.എൻ. കോളേജ്, ചെമ്പഴന്തി, എസ്.എൻ. കോളേജ്, ചേർത്തല.
ഏതാനും അൺ എയ്ഡഡ് കോളേജുകളിലും കോഴ്‌സുണ്ട്.
സർവകലാശാലകളാണ് പൊതുവേ പ്രവേശനം നടത്തുന്നത്. ഓരോ സർവകലാശാലയും പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാനുള്ള ചട്ടങ്ങൾ പ്രോസ്പെക്ടസിൽ നൽകിയിരിക്കും. അതനുസരിച്ചുകണക്കാക്കുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
സർവകലാശാല, അപേക്ഷകരുടെ മാർക്കുരീതി എന്നിവയനുസരിച്ച് ഓരോവർഷത്തെയും പ്രവേശനസാധ്യതകൾ വിഭിന്നമായിരിക്കും. അതിനാൽ പ്രവേശനത്തിന് എത്രമാർക്കുവേണം എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. പരമാവധി മാർക്ക് പ്ലസ് ടു തലത്തിൽ വാങ്ങാൻ ശ്രമിക്കുക.
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment