പ്ലസ്‌ടു കൊമേഴ്‌സ് വിദ്യാർഥിയാണ്. ഐ.എ.എസ്. നേടണമെന്നാണ് ആഗ്രഹം. ഇതിനായി എന്താണ് ചെയ്യേണ്ടത്?
- രമ്യ, തിരുവനന്തപുരം
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.) ഉൾപ്പെടെ 24-ൽപരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻവേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത ഒരു അംഗീകൃത സർവകലാശാലാ ബിരുദം/തത്തുല്യ യോഗ്യത ആണ്. നിശ്ചിതവിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള, താത്‌പര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് രണ്ടുഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്തശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാകോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കുമുമ്പ് യോഗ്യത നേടിയാൽമതി. പൊതുസ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടുപേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാംഘട്ടമാണ് മെയിൻ പരീക്ഷ.
മൊത്തം ഒമ്പതുപേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണ്ണം യോഗ്യതാപേപ്പറുകളാണ്. ബാക്കി ഏഴെണ്ണം റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ ഏഴ് പേപ്പറിൽ രണ്ടെണ്ണം ഓപ്‌ഷണൽ പേപ്പറാണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്‌ഷണൽ വിഷയങ്ങളിൽനിന്ന് (ഇതിലൊന്ന് കൊമേഴ്‌സ് ആൻഡ് അക്കൗണ്ടൻസിയാണ്) ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. മെയിൻ പരീക്ഷയ്ക്ക് ഏതുവിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത് അതിനനുസരിച്ച് ബിരുദപ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദവിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻപരീക്ഷ യോഗ്യത നേടുന്നവർക്ക് പേഴ്സണാലിറ്റി ടെസ്റ്റ് തുടർന്നുണ്ടാകും.
റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാസർവീസായ ഐ.എ.എസിൽ സ്വന്തം സംസ്ഥാനത്തുതന്നെ പോസ്റ്റിങ് വേണമെങ്കിൽ മികച്ച റാങ്ക് വേണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ 2020-ലെ സിവിൽ സർവീസസ് വിജ്ഞാപനം കാണുക. www.upsc.gov.in.
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment