ടി.വി.യില്ല, സ്മാർട്ട് ഫോണില്ല
കെ.പി. പ്രവിത
കൊച്ചി
: പഠനം ഓൺലൈനിൽ പുനരാരംഭിക്കുമ്പോൾ സംസ്ഥാനത്ത് കംപ്യൂട്ടറും ഇന്റർനെറ്റും പോയിട്ട് ടി.വി. പോലുമില്ലാതെ 2.61 ലക്ഷം വിദ്യാർഥികളുണ്ടെന്നത് പ്രതിസന്ധിയാകുന്നു. പൊതുവിദ്യാലയങ്ങളിൽനിന്നുള്ള വിവരങ്ങൾ സമാഹരിച്ച് സമഗ്രശിക്ഷ കേരള നടത്തിയ പ്രാഥമിക അവലോകനത്തിലാണ് ഈ കണ്ടെത്തൽ.
43.76 ലക്ഷം കുട്ടികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതിൽ 5.98 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങളൊന്നുമില്ലാത്തത്. ഓൺലൈൻ പഠനത്തിന് ഇവർക്കായി ബദൽ മാർഗങ്ങൾ നടപ്പാക്കേണ്ടിവരും.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചെറിയ കണക്കാണ്. എന്നാൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് സമഗ്രശിക്ഷ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടർ എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പഠനം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുന്നുണ്ട്.
ആദിവാസി മേഖലകൾ, തീരദേശം എന്നിവിടങ്ങളിൽനിന്നെല്ലാമുള്ള കുട്ടികൾ ഇതിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള മാർഗങ്ങളില്ല. ഓരോ മേഖലകൾ കേന്ദ്രീകരിച്ച് ക്ലാസ് മുറികൾ ഒരുക്കുക, സ്കൂളുകളിൽ ഇവർക്കായി പ്രത്യേകം ക്ലാസ് സജ്ജീകരിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലുണ്ട്.
No comments:
Post a Comment