ഭിന്നശേഷി വിഭാഗക്കാർക്ക് നീറ്റ് യു.ജി. ജയിക്കാൻ എത്ര മാർക്കാണ് വേണ്ടത്?
- അരുൺകുമാർ,
കാസർകോട്
മുൻകൂട്ടി പ്രഖ്യാപിക്കുന്ന ഒരു മാർക്ക് വെച്ചല്ല നീറ്റ് യു.ജി. യോഗ്യത നിർണയിക്കുന്നത്. മറിച്ച്, അപേക്ഷാർഥിയുടെ കാറ്റഗറിയനുസരിച്ചു നിശ്ചയിക്കുന്ന, നീറ്റ് സ്കോറുമായി ബന്ധപ്പെട്ട ഒരു സ്ഥാനം വെച്ചാണ് (പെർസന്റൈൽ സ്കോർ എന്നു പറയും). ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് നീറ്റ് യു.ജി. യോഗ്യത നേടാൻ കുറഞ്ഞത് 45-ാം പെർസന്റൈൽ സ്കോർ വേണം. നീറ്റ് എഴുതുന്നവർക്കു ലഭിച്ച സ്കോർ പരിഗണിക്കുമ്പോൾ, ഏതു സ്കോറിനു തുല്യമോ മുകളിലോ ആണ്, 55 ശതമാനം പേരുടെയും സ്കോർ, അല്ലെങ്കിൽ ഏതു സ്കോറിനു തുല്യമോ താഴെയോ ആണ് 45 ശതമാനം പേരുടെയും സ്കോർ, ആ സ്കോറാണ് 45-ാം പെർസന്റൈൽ സ്കോർ.
സംവരണവിഭാഗ (പട്ടിക/ഒ.ബി.സി. വിഭാഗക്കാർ) ആനുകൂല്യം ഉള്ള ഭിന്നശേഷി വിഭാഗക്കാരെങ്കിൽ, യോഗ്യത നേടാൻ 40-ാം പെർസന്റൈൽ സ്കോർമതി. (ആ സ്കോറിനോ മുകളിലോ ആയിരിക്കും 60 ശതമാനം പേരുടെ സ്കോർ/ആ സ്കോറിനോ താഴെയോ ആയിരിക്കും 40 ശതമാനം പേരുടെയും സ്കോർ).
നീറ്റിൽ പരീക്ഷാർഥികൾക്കു ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന ഒരു കട്ട് ഓഫ് ആയതിനാൽ പരീക്ഷാ മൂല്യനിർണയം കഴിഞ്ഞേ ഇത് എത്രയെന്ന് നിശ്ചയിക്കുകയുള്ളൂ. ഓരോ വർഷവും ഈ കട്ട് ഓഫ് മാറി വരാം. ആ മൂല്യം ഫലപ്രഖ്യാപനത്തോടൊപ്പമേ പ്രസിദ്ധപ്പെടുത്തൂ.
ജനറൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് 2017, 2018, 2019 വർഷങ്ങളിൽ ഈ കട്ട് ഓഫ്, യഥാക്രമം 118, 107, 120 എന്നിങ്ങനെയായിരുന്നു. പട്ടിക/ഒ.ബി.സി. വിഭാഗ ഭിന്നശേഷിക്കാർക്ക് ഇത് യഥാക്രമം 107, 96, 107 എന്നിങ്ങനെയും. ഈ കട്ട് ഓഫ് മാർക്ക് വർഷംതോറും മാറാം. അതിനാൽ കട്ട് ഓഫ് മാർക്ക് തത്‌കാലം മറന്ന് പരമാവധി മാർക്ക് സ്കോർ ചെയ്യാൻ ശ്രമിക്കുക.
നീറ്റ് യോഗ്യത നേടുന്നവർക്ക് അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടാൻ ചെല്ലുമ്പോൾ അക്കാദമിക് യോഗ്യതയും തെളിയിക്കേണ്ടതുണ്ട് എന്ന കാര്യവും ഓർക്കുക.
No comments:
Post a Comment