ഡോ. എസ്. രാജൂകൃഷ്ണൻ
സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്രസ്വഭാവം പ്രോത്സാഹിപ്പിക്കുക, നൂതനമായ മാനസികഭാവം ജനിപ്പിക്കുക, ബൗദ്ധിക സ്വത്തവകാശത്തിന്മേൽ അവബോധം, താത്‌പര്യം, പ്രചോദനം എന്നിവ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒരു ദേശീയതല മത്സരം. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ. ആർ.) സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരത്തിലൂടെയാണ് ഇന്നവേഷൻ അവാർഡുകൾ നൽകുന്നത്.
നൂതന ആശയങ്ങൾ
ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ടുള്ള ആശയങ്ങൾ ആരായാനും അവയുടെ സാധ്യതയും പ്രായോഗികതയും വിലയിരുത്താനും ഉതകുന്ന നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്തതയുള്ളതും ഉപയോഗപ്രദവുമായ നിർദേശങ്ങളാണ് നൽകേണ്ടത്. ഒരു പുതിയ ആശയമോ, സംവിധാനമോ, ഉപകരണമോ, രൂപകല്പനയോ, നിലനിൽക്കുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമോ നിർദേശിക്കാം.
തികച്ചും പുതുതായ ഒരു മോഡൽ, പ്രോട്ടോടൈപ്പ്, പരീക്ഷണവിവരങ്ങൾ എന്നിവയിൽകൂടി തെളിയിക്കപ്പെട്ടതാകണം ആശയം. ബയോടെക്നോളജി, ബയോളജി, കെമിസ്ട്രി, ഇലക്‌ട്രോണിക്സ് ആൻഡ് എൻജിനിയറിങ്/ഡിവൈസ് ആൻഡ് ഡിസൈൻ തുടങ്ങിയ വിഭാഗങ്ങളിൽ നിർദേശങ്ങൾ നൽകാം.
സമ്മാനം
മികച്ച നിർദേശത്തിന് സമ്മാനം ഒരുലക്ഷം രൂപയാണ്. 50,000 രൂപയുടെ രണ്ടും 30,000 രൂപയുടെ മൂന്നും 20,000 രൂപയുടെ നാലും 10,000 രൂപയുടെ അഞ്ചും സമ്മാനങ്ങൾ നൽകും.
യോഗ്യത
18 വയസ്സിൽ താഴെ പ്രായമുള്ള 12-ാം ക്ലാസ് വരെ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഒറ്റയ്ക്കോ വിദ്യാർഥികളുടെ ഒരു ഗ്രൂപ്പായോ മത്സരത്തിൽ പങ്കെടുക്കാം.
പ്രൊപ്പോസൽ തയ്യാറാക്കാം
പ്രൊപ്പോസലുകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ പരമാവധി 5000 വാക്കുകളിൽ തയ്യാറാക്കണം. വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയിൽ നിന്നുമുള്ള ഓതന്റിക്കേഷൻ സർട്ടിഫിക്കറ്റ് (സീൽ, തീയതി സഹിതം) നൽകണം. പ്രൊപോസൽ തയ്യാറാക്കൽ സംബന്ധിച്ച മാർഗനിർദേശങ്ങൾ www.csir.res.in ൽ ‘കരിയേഴ്സ് ആൻഡ് ഓപ്പർച്ചൂണിറ്റീസ്’ > ‘ആപ്ലിക്കേഷൻ ഫോംസ്’ ലിങ്കിൽ ലഭിക്കും. അപേക്ഷ ഇ-മെയിൽ ആയി ciasc.ipu@niscair.res.in ൽ ലഭിക്കേണ്ട അവസാന തീയതി മേയ് 31. സ്ഥാപനമേധാവി വഴിയും ഇ-മെയിലിലേക്ക് അയയ്ക്കാം. ഹാർഡ് കോപ്പി, ‘ഹെഡ്, സി.എസ്.ഐ.ആർ. -ഇന്നവേഷൻ പ്രൊട്ടക്‌ഷൻ യൂണിറ്റ്, എൻ.ഐ.എസ്.സി.എ.ഐ. ആർ. ബിൽഡിങ്, 14-സത്‌സംഗ് വിഹാർ മാർഗ്, സ്പെഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, ന്യൂഡൽഹി-110067 എന്ന വിലാസത്തിലും ലഭിക്കണം.
No comments:
Post a Comment