കുമ്പളയിൽ 2639
ബേക്കലിൽ 814
കാസർകോട്: പഠനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമ്പോൾ ഇന്റർനെറ്റ്, കേബിൾ ടി.വി. സൗകര്യങ്ങളില്ലാതെ ജില്ലയിൽ 11,418 വിദ്യാർഥികൾ. ബ്ലോക്കുതല റിസോഴ്‌സ് കേന്ദ്രങ്ങൾ വഴി സമഗ്രശിക്ഷാ കേരള അധികൃതർ എടുത്ത കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. പ്രീപ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള 2,02,306 വിദ്യാർഥികൾക്കിടയിലാണ് വിദ്യാഭ്യാസവകുപ്പധികൃതർ കണക്കെടുത്തത്.
കുമ്പള ബി.ആർ.സി. പരിധിയിലാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കൂട്ടികൾ ഏറ്റവും കൂടുതലുള്ളത്-2639. ഏറ്റവും കുറവ് ബേക്കലിലാണ്-814. ചെറുവത്തൂരിൽ 1050, ചിറ്റാരിക്കാലിൽ 1700, ഹൊസ്ദുർഗിൽ 1225, കാസർകോട്ട് 1900, മഞ്ചേശ്വരത്ത് 2090 വീതം വിദ്യാർഥികൾക്കും പഠനസൗകര്യമില്ലെന്ന് കണക്കുകൾ പറയുന്നു. എന്നാൽ, ലോക്ക്ഡൗണിനിടെ എടുത്ത ഈ കണക്ക് പൂർണമായും ശരിയല്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ക്ലാസ്‌റൂം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ടെലിവിഷൻ, കേബിൾ കണക്ഷൻ, ഡിഷ്, കംപ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ എന്നീ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ചത്.
കേബിൾ ടി.വി.കണക്ഷനും സ്മാർട്ട് ഫോണും ഇന്റർനെറ്റും, എന്തിന് വൈദ്യുതി പോലും ഇല്ലാത്ത വീടുകളും കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്.
അത്തരം വീടുകളിൽ അടിയന്തര ഇടപെടലുകൾ നടത്തി വിദ്യാർഥികളെ പഠനസജ്ജരാക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് കത്തെഴുതിയിരിക്കുകയാണ് അധികൃതർ.
കോവിഡിന്റെ പശ്ചാത്തലത്തിൽ വിക്‌ടേഴ്‌സ് ചാനൽ, യുട്യൂബ്, സമഗ്ര പോർട്ടൽ തുടങ്ങിയവയിലൂടെ ഓൺലൈനായി വിദ്യാർഥികളെ പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ, ജില്ലയുടെ മലയോരത്തും തീരപ്രദേശത്തുമാണ് ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്ത കുട്ടികളിൽ ഭൂരിപക്ഷവും.
മലയോരത്തെ പട്ടികജാതി, പട്ടികവർഗ കോളനികളിൽ ഓൺലൈൻ പഠനം അസാധ്യമാണ്. കാരണം അവർക്ക് ടി.വി., കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇല്ല.
No comments:
Post a Comment