Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday, 15 May 2020

യുവാക്കൾക്ക് മൂന്നുവർഷം സൈനികരാവാൻ ‘ടൂർ ഓഫ് ഡ്യൂട്ടി’

യുവാക്കൾക്ക് മൂന്നുവർഷം സൈനികരാവാൻ ‘ടൂർ ഓഫ് ഡ്യൂട്ടി’
 

ന്യൂഡൽഹി: യുവാക്കൾക്ക് സൈന്യത്തിൽ മൂന്നുവർഷത്തെ ഹ്രസ്വകാല സർവീസിന് അവസരമൊരുക്കുന്നു. ഓഫീസർമാരായും ജവാൻമാരായും സേവനം നടത്താനുള്ള പദ്ധതി കരസേന കേന്ദ്രത്തിനു സമർപ്പിച്ചു. ആദ്യമായാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത്.

പദ്ധതിയെ ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്. സൈനികസേവനം സ്ഥിരം ജോലിയാക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ സൈനികജീവിതത്തിന്റെ സാഹസികതയും മറ്റും ആഗ്രഹിക്കുന്ന യുവാക്കളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി. ടൂർ ഓഫ് ഡ്യൂട്ടി നിർബന്ധിത സൈനികസേവനമല്ലെന്ന് സേനാകേന്ദ്രങ്ങൾ വ്യക്തമാക്കി.

ഹ്രസ്വകാല സേവനമാണെങ്കിലും ജോലിയിലും പരിശീലനത്തിലും ഇളവുണ്ടായിരിക്കില്ല. തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങളിലും വിട്ടുവീഴ്ചയില്ല. പ്രായവും ശാരീരികക്ഷമതയും വിദ്യാഭ്യാസയോഗ്യതയും കർശനമായി പരിശോധിക്കും. അതിർത്തിയിലുൾപ്പെടെ ഇവരെ നിയോഗിക്കും.

നിലവിൽ, ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിൽ സൈന്യത്തിൽ ചേരുന്നവർ പരമാവധി 14 വർഷത്തിനുശേഷം വിരമിക്കും. ഇക്കാലയളവിൽ സൈനികനുവേണ്ടി അഞ്ചുകോടി മുതൽ 6.8 കോടി രൂപ വരെയാണ് രാജ്യം ചെലവഴിക്കുന്നത്. മൂന്നുവർഷത്തെ ടൂർ ഓഫ് ഡ്യൂട്ടി ആവുമ്പോൾ ചെലവ് 80-85 ലക്ഷം രൂപയിൽ ഒതുങ്ങുമെന്നാണ് സൈന്യത്തിന്റെ കണക്കുകൾ.

യുവാക്കളിൽ രാജ്യസ്നേഹവും ദേശീയബോധവും വളർത്താൻ പദ്ധതി സഹായിക്കുമെന്നും സൈന്യം പറയുന്നു. സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കളിൽ ഉത്തരവാദിത്വം, ആത്മവിശ്വാസം തുടങ്ങിയവ കൂടും. ഇതു പിന്നീട് കോർപ്പറേറ്റ് മേഖലകളിൽ ജോലി ലഭിക്കാൻ സഹായിക്കുമെന്നും സൈന്യം അവകാശപ്പെടുന്നു.

അർധസൈനിക വിഭാഗങ്ങളിൽനിന്ന് ഏഴുവർഷത്തേക്കുവരെ സൈന്യത്തിൽ ഡെപ്യൂട്ടേഷനിൽ ആളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നിശ്ചിത കാലാവധിക്കുശേഷം ഇവർക്ക് മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങാൻ സാധിക്കും.

 നിർബന്ധിത സേവനമല്ല

 ലക്ഷ്യം യുവാക്കളെ ആകർഷിക്കൽ

No comments:

Post a Comment