എം. ബഷീർ
തിരുവനന്തപുരം
: വ്യവസായങ്ങൾക്ക് അനുയോജ്യമാകുന്ന തരത്തിൽ നൂതന സാങ്കേതികതകളിൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താദ്യമായി നിർമിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്) എം.ടെക് കോഴ്‌സ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകി.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം കോളേജ് ഒാഫ് എൻജിനിയറിങ്ങിലും കൊല്ലം ടി.കെ.എം. കോളേജിലുമാണ് പുതിയ അധ്യയനവർഷം മുതൽ കോഴ്‌സ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. കഴിഞ്ഞ അക്കാദമിക വർഷം റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷനിൽ എം.ടെക്, ബി.ടെക് കോഴ്‌സുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.
എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരമുള്ള എം.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ കോഴ്‌സുകൾക്ക് വരുന്ന അധ്യയനവർഷം മുതൽ 18 വീതം സീറ്റുകളിൽ പ്രവേശനമുണ്ടാകും. ഇന്റർ ഡിസിപ്ലിനറി മാതൃകയിലുള്ള കോഴ്‌സുകളിലേക്ക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ശാഖകളിലെ എൻജിനിയറിങ് ബിരുദധാരികൾക്ക് പ്രവേശനം ലഭിക്കും.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് അടുത്ത മൂന്നുവർഷത്തേക്ക് അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കാതെ നിലവിലുള്ള വിദഗ്ധ അധ്യാപകർ ജോലിഭാരം പങ്കുവെച്ച് ക്ലാസുകൾ കൈകാര്യംചെയ്യുന്ന രീതിയിലാണ് കോഴ്‌സുകൾ അനുവദിച്ചിട്ടുള്ളത്.
അനിവാര്യം
വലിയ തൊഴിലവസരങ്ങളുള്ള സേവനമേഖല ഉൾപ്പെടെയുള്ളവ നിർമിതബുദ്ധിയുടെയും മെഷീൻ ലേണിങ്ങിന്റെയും തത്ത്വങ്ങൾക്ക് അടിസ്ഥാനമായി മാറുകയാണ്. തദ്ദേശീയമായ ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് ഈ മേഖലയിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ ലഭ്യത അനിവാര്യമാണ്. നാക് എ ഗ്രേഡും എൻ.ബി. എ. അക്രഡിറ്റേഷനുമുള്ള സ്ഥാപനങ്ങൾക്ക് ആധുനിക കോഴ്‌സുകൾ അനുവദിക്കുകയാണ് സർക്കാർ നയം.
Courtesy Mathrbhoomi
No comments:
Post a Comment