അതിപ്രശസ്തയായ ഒരു നടി ഒരിക്കൽ ഒരഭിമുഖത്തിൽ പറയുകയുണ്ടായി: ‘പലരും എന്നിൽ ചൊരിയുന്ന അധിക്ഷേപങ്ങളത്രയും അരയന്നത്തിനു മേൽ പതിക്കുന്ന വെള്ളം പോലെയാണെനിക്ക്. ഞാനതൊന്നങ്ങു കുടഞ്ഞുകളയും’. അവരുടെ കണ്ണിൽ ലോകം മുഴുവൻ രണ്ടു കൈയുംനീട്ടി സ്വീകരിക്കുന്ന പലതും ശരാശരി നിലവാരം മാത്രമുള്ളതായിരുന്നു, പരമബോറും. ആ ശരാശരികളുടെ ലോകത്ത് തികച്ചും ശരിയാണെന്ന ബോധം നമുക്കുണ്ടാവുമ്പോൾ ജലാശയത്തിലെ വെള്ളത്തിനു നനയ്ക്കാനാവാത്ത അരയന്നംപോലെ നമുക്കു നിലനിൽക്കുക സാധ്യമാണ്. അക്ഷോഭ്യരായി അധിക്ഷേപങ്ങളെ നേരിടാൻ കഴിയുമ്പോഴും വിമർശനങ്ങളെ മുന്നോട്ടേക്കുള്ള പ്രയാണത്തിനുള്ള ഇന്ധനമാക്കി മാറ്റാൻ കഴിയുമ്പോഴുമാണ് അതു സാധ്യമാവുക.
പരാജയങ്ങൾക്ക് ഒരാളെ മഹത്ത്വത്തിലേക്കു നയിക്കാം. പഴികളിൽ പതറിപ്പോയെങ്കിൽ തീർന്നു. അതിതീവ്രമായ ആഗ്രഹങ്ങളുണ്ട്, പരിശ്രമവും. പക്ഷേ, കൃത്യമായി അതിനുവേണ്ട നൈസർഗികമായ കഴിവുകൾ ഇല്ലെന്നു വരുന്ന ഘട്ടം ചില വഴിമാറലുകളുണ്ട്. മനസ്സിൽ ആഴത്തിൽ പതിഞ്ഞ ബാലേ സുന്ദരിയുടെ പ്രേരണ കാരണമാണ് ഒരു ബാലേ നർത്തകിയാവണം എന്നവൾ തീരുമാനിച്ചത്. പക്ഷേ, ഒരു ബലേറിനയായി ശോഭിക്കാൻ തടസ്സമായ ചില പരിമിതികൾ അവൾ മനസ്സിലാക്കുന്നു. മറ്റൊരു നാട്യരൂപത്തിലേക്ക് അവൾ കളംമാറുന്നത് 19-ാമത്തെ വയസ്സിലാണ്. അവൾ അവിടെ കിരീടംവെക്കാത്ത റാണിയായി. കൊള്ളാത്തൊരു ബാലെ നർത്തകി അല്ലായിരുന്നെങ്കിൽ നല്ലൊരു ബേർലെസ്‌ക് നർത്തകിയായി ലോകം തന്നെ അറിയുമായിരുന്നുവോ എന്നു സംശയം പ്രകടിപ്പിച്ചിരുന്നു പിന്നീട് ഡിറ്റ വോൺ ടീസ്. ഒരു പഴിയിൽ പൊഴിയാനുള്ളവരല്ല പ്രതിഭകൾ.
No comments:
Post a Comment