പ്ലസ്‌വൺ സയൻസ് വിദ്യാർഥിയാണ്. ബിരുദതലത്തിൽ തുടർന്നും സയൻസ് പഠിക്കാനാണ് താത്‌പര്യം. അതിന്, എന്തെല്ലാം തരത്തിലുള്ള കോഴ്സുകളാണുള്ളത്?
- രേഷ്മ, കണ്ണൂർ
• മൂന്നു വർഷ സയൻസ് ബിരുദ പ്രോഗ്രാമുകളാണ് കൂടുതലും ഉള്ളത്. ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്‌സി.) പ്രോഗ്രാം മിക്ക സർവകലാശാലകളിലും/കോളേജുകളിലും ഉണ്ട്. എന്നും പ്രസക്തിയുള്ള, പരമ്പരാഗത പ്രോഗ്രാമുകളാണ് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഹോം സയൻസ് തുടങ്ങിയവയിലെ ബി.എസ്‌സി. പ്രോഗ്രാമുകൾ. ബന്ധപ്പെട്ട മേഖലയിലെ പൊതുസ്വഭാവമുള്ള കോഴ്സുകളാണിവ.
• കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് ആരംഭിക്കുന്ന കോഴ്സുകളാണ് മറ്റൊരു വിഭാഗം. പരമ്പരാഗത കോഴ്സുകളുടെ ഏതെങ്കിലും ഒരു മേഖലയ്ക്ക് ഊന്നൽ നൽകുന്ന പഠനങ്ങൾ നടത്തുന്ന കോഴ്സ് ആണ് ഇവ. ഉദാഹരണത്തിന്, ഇലക്‌ട്രോണിക്സ് (ഫിസിക്സ് മേഖല), ബയോകെമിസ്ട്രി (കെമിസ്ട്രിയിലെ ഉപവിഷയം), മൈക്രോബയോളജി (ബയോളജിയുമായി ബന്ധപ്പെട്ടത്) തുടങ്ങിയ ബി.എസ്‌സി. പ്രോഗ്രാമുകൾ. ഒരു പൊതു മേഖലയെക്കാൾ, അതിലെ ഒരു പ്രത്യേക മേഖലയിലെ പഠനത്തിൽ താത്‌പര്യമുള്ളവർക്ക് ഇതേക്കുറിച്ച് ചിന്തിക്കാം.
• മൂന്നാമതൊരു വിഭാഗം സയൻസിലെ മൂന്ന് വർഷ ബി.എസ്‌സി. ഓണേഴ്‌സ് കോഴ്സുകളാണ്. ഉയർന്ന നിലവാരമുള്ള സിലബസ് അടിസ്ഥാനമാക്കിയ കോഴ്സുകളാണ് ഇവ.
• നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.) പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്.
• ഒട്ടേറെ സ്ഥാപനങ്ങൾ ഇപ്പോൾ അഞ്ചുവർഷ സയൻസ് കോഴ്സുകൾ നടത്തുണ്ട്. ഇന്റഗ്രേറ്റഡ് എം.എസ്‌സി., ഡ്യുവൽ ഡിഗ്രി ബി.എസ്-എം.എസ്., ഇന്റഗ്രേറ്റഡ് ബി.എസ്‌സി-എം.എസ്‌സി., തുടങ്ങിയ പേരുകൾ വഴി അവ അറിയപ്പെടുന്നു. പ്ലസ്ടു കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും ഒറ്റ പ്രോഗ്രാമായി ചെയ്യാൻ ഇവയിൽ അവസരം ലഭിക്കുന്നു. എക്സിറ്റ് (പുറത്തു വരിക) ഓപ്ഷൻ ഉള്ള ഇന്റഗ്രേറ്റഡ് കോഴ്സിൽ മൂന്ന് വർഷം കഴിഞ്ഞ് ബിരുദവുമായി പുറത്തുവരാനുള്ള ഓപ്ഷൻ ഉണ്ടാകും. അതില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാക്കിയേ പുറത്തുവരാൻ കഴിയൂ.
• ഇവ കൂടാതെ മൂന്ന് വർഷത്തെ ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വൊക്.) കോഴ്സുകളും ഉണ്ട്. സ്വന്തമായി ഒരു തൊഴിൽമേഖലയിൽ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവർക്ക് ചിന്തിക്കാവുന്ന മേഖലയാണ് ബി.വൊക്. സോഫ്റ്റ്‌വേർ ഡെവലപ്മെന്റ്, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ തുടങ്ങിയ ബി.വൊക്. പ്രോഗ്രാമുകൾ ഉദാഹരണം. താങ്കളുടെ ഭാവി പദ്ധതികൾകൂടി പരിഗണിച്ച്, പ്ലസ്ടു കഴിഞ്ഞ് എടുക്കേണ്ട സയൻസ് പ്രോഗ്രാമിനെപ്പറ്റി തീരുമാനത്തിലെത്തുക.
Courtesy Mathrbhoomi
No comments:
Post a Comment