Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 20 May 2020

ലോക്ഡൗൺ അവസരമാക്കി നേടിയത് ഏഴരലക്ഷം രൂപവെറുതേ ഇരുന്ന്‌ സമയം കളയരുത്‌.വെല്ലുവിളികളെസാങ്കേതികവിദ്യ ഉപയോഗിച്ച് നേരിടാം

ലോക്ഡൗൺ അവസരമാക്കി നേടിയത് ഏഴരലക്ഷം രൂപവെറുതേ ഇരുന്ന്‌ സമയം കളയരുത്‌.വെല്ലുവിളികളെസാങ്കേതികവിദ്യ ഉപയോഗിച്ച് നേരിടാം

കെ. അർജുൻ

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് വെറുതേ സമയം കളയാൻ ഇവർ തയ്യാറായില്ല; കോവിഡിനെ തോൽപ്പിക്കാൻ ആശയം നൽകി. കിട്ടിയതോ 10,000 ഡോളർ (ഏകദേശം ഏഴരലക്ഷത്തോളം രൂപ). കൊറോണവൈറസ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉയർത്തുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ മോട്‌വാനി ജഡേജ ഫാമിലി ഫൗണ്ടേഷൻ ‘കോഡ്-19’ എന്നപേരിൽ സംഘടിപ്പിച്ച 72 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ഹാക്കത്തണിൽ കണ്ണൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ സി.അഭിനന്ദും ശില്പ രാജീവും വിജയികളായി. ഡെവലപ്പർമാരും ഐ.ടി. സ്ഥാപനങ്ങളും അടക്കം ആയിരത്തോളം പേർ പങ്കെടുത്ത മത്സരത്തിലാണ് ഇവർ നേട്ടം കൈവരിച്ചത്.

ഐ ക്ലാസ് റൂം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളുമായും ഗവേഷണസ്ഥാപനങ്ങളുമായും ബന്ധിപ്പിക്കാൻ കഴിയുന്ന ഐ ക്ലാസ് റൂം സംവിധാനമാണ് സമ്മാനത്തിന് അർഹരാക്കിയത്. ഗവേഷകർ, വിദഗ്ധർ, അധ്യാപകർ എന്നിവരുമായി വിദ്യാർഥികൾക്ക് ഇതിലൂടെ സംവദിക്കാനും സംശയങ്ങൾ പങ്കുവെക്കാനും കഴിയും. ലക്ചർ റെക്കോഡിങ് മുതൽ ഓൺലൈനായി അസൈൻമെന്റുകളും പ്രോജക്ടുകളും സമർപ്പിക്കാം. അധ്യാപകർക്ക് ക്ലാസെടുക്കുന്നതുപോലെ വിദ്യാർഥികൾക്ക് സ്വന്തമായി ഗ്രൂപ്പുകൾ തുടങ്ങി പഠിക്കാം. ഓരോ ആവശ്യങ്ങൾക്കായി വ്യത്യസ്ത പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുപകരം അവയെല്ലാം ഒരുമിച്ചുലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഭാവിയിലേക്ക്

അടച്ചിടൽക്കാലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓൺലൈനായി ക്ലാസുകളും പരീക്ഷകളും നടത്തുന്നുണ്ട്. ഐ.ടി. കമ്പനികളും വീഡിയോ കോൺഫറൻസിങ് സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നു. ഹാക്കത്തണിൽ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടതിലാണ് ഇവർ പങ്കെടുത്തത്. തങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടന്നപ്പോൾ അധ്യാപകരുമായി ആശയവിനിമയം നടത്തുന്നതിലടക്കം കുറേയധികം ന്യൂനതകളുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തരത്തിലൊരു സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഇവർ തീരുമാനിച്ചത്.

ഐ ക്ലാസ് റൂം വിദ്യാഭ്യാസരംഗത്ത് ഭാവിയിൽ ഉപയോഗിക്കാവുന്ന ആശയമാണ്. ആകർഷകമായ പിയർടുപിയർ സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ട് പഠനം എളുപ്പമാക്കുന്ന ഒരു വെർച്വൽ ക്ലാസ് റൂമിലൂടെ വിദ്യാർഥികൾക്കും അധ്യാപകർക്കും പരസ്പരം സംവദിക്കാനും സംശയങ്ങൾ ഉന്നയിക്കാനും കഴിയും.

ഇന്റർനെറ്റ് അവസരങ്ങളുടെ ലോകം

കോഡിങ് കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം സംവിധാനമായ ഹാക്കർ എർത്തിൽ ഇരുവരും രജിസ്റ്റർ ചെയ്തിരുന്നു. അതിലൂടെയാണ് ‘കോഡ്-19’ ഹാക്കത്തണിനെക്കുറിച്ച് അറിയുന്നത്.

ഹാക്കത്തണിൽ രജിസ്റ്റർചെയ്തശേഷം ആദ്യഘട്ടത്തിൽ നിരവധി പ്രോബ്ലം സോൾവ് ചെയ്യണം. അതിൽ വിജയിക്കുന്നവർ ചെയ്യാനുദ്ദേശിക്കുന്നത് സംബന്ധിച്ച ആശയം സമർപ്പിക്കണം. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തണിൽ ഇന്ററാക്ടീവ് സെഷൻസ്, വിദഗ്ധരുടെ നിർദേശങ്ങൾ എന്നിവയുണ്ടാകും. പ്രോട്ടോടൈപ്പ് പൂർത്തിയാക്കുന്നവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.

പഠിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങൾ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ആവശ്യമായിവന്നപ്പോൾ ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് അവ മനസ്സിലാക്കിയത്. ഐ ക്ലാസ് റൂം പ്രോട്ടോടൈപ്പ് ജനങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയിലേക്ക് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് കരുതി. പഠനാവശ്യങ്ങൾക്കായി ഒന്നിലധികം ആശയവിനിമയസംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുപകരം എല്ലാവർക്കും ഒരുപോലെ ഇടപഴകാനും ആശയങ്ങൾ പങ്കിടാനുള്ള സംവിധാനം വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.

- ശില്പ രാജീവ്

ലോക്ഡൗണിൽ ലഭിച്ച സമയം മികച്ചരീതിയിൽ പ്രയോജനപ്പെടുത്തി. ഇന്റർനെറ്റിന്റെ സഹായത്തോടെ നമ്മുടെ കഴിവുകൾ വികസിപ്പിച്ച് ഭാവിയിൽ ജോലിസംബന്ധമായ കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തണം.

- സി. അഭിനന്ദ്

No comments:

Post a Comment