ഏറ്റവും നല്ലതിനായി പരിശ്രമിക്കുകയും ഏറ്റവും മോശമായതു പ്രതീക്ഷിക്കുകയും ചെയ്യേണ്ട നാളുകളാണ് അനിശ്ചിതത്വത്തിന്റെ നാളുകൾ. മനുഷ്യബന്ധങ്ങളെ മുന്നോട്ടുനയിക്കുന്നതിൽ സുരക്ഷിതത്വബോധം പോലെത്തന്നെ സാഹസികതയുടെ ഒരംശവും ഉണ്ട്.
രണ്ടുപേർ കളിക്കുമ്പോൾ ഒരാളല്ലേ ജയിക്കുകയുള്ളൂ. ഒരാൾക്കു നേടാനുള്ള സാധ്യതയും മറ്റൊരാൾക്കു നഷ്ടപ്പെടുവാനുള്ള സാധ്യതയുമുണ്ട്. ചാൻസ് ഫിഫ്റ്റി ഫിഫ്റ്റിയാണ്. എന്നാലും എല്ലാവരും കളി ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതു നഷ്ടസാധ്യതയെക്കൂടി ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. ജീവിതത്തെ മുന്നോട്ടുനയിക്കുന്നത് ആ നഷ്ടസാധ്യതകൂടിയാണ്. വിജയപരാജയങ്ങളുടെ കണക്കു ഞാൻ സൂക്ഷിക്കാറില്ല. അതു ദൈവത്തിന്റെ പണിയാണെന്നു ഗാന്ധിജി പറഞ്ഞത് അതുകൊണ്ടാവണം.
അരക്ഷിതാവസ്ഥ, അനിശ്ചിതത്വം എന്നിവ വലുതായൊന്നും അനുഭവിക്കേണ്ടിവരാതിരുന്നവർ അതിലൂടെ കടന്നുപോവുന്നു. കോവിഡ് ഭീഷണി മറികടക്കാനുള്ള കൃത്യമായ ഒരു പരിഹാരം വൈദ്യശാസ്ത്രത്തിനില്ല, സാമ്പത്തിക ശാസ്ത്രത്തിനില്ല, രാഷ്ട്രീയ നേതൃത്വങ്ങൾക്കില്ല. എല്ലാവരും അവരവരുടെ രീതിയിൽ കോവഡിനെ പ്രതിരോധിക്കുക എന്നേയുള്ളൂ. അടുത്തവർഷം ലോകം എങ്ങനെയിരിക്കും എന്നല്ല, അടുത്ത ആഴ്ച ലോകം എന്താവും എന്നു ചിന്തിക്കേണ്ട സ്ഥിതിയാവുമ്പോൾ ഓരോ വ്യക്തിയും കർമനിരതമാവണം. താൻ പാതി ലോകം പാതി.
ഈ നാളുകളിൽ ജീവിതത്തിൽ അപായസാധ്യതകൾ ഏറെയാണ്. വിജയം എന്നും റിസ്ക് എടുക്കുന്നവരുടേതാണ്. വിജയിച്ചാൽ അവർക്കു ജയം ആഘോഷിക്കാം. പരാജയമാണെങ്കിൽ അതവരെ കൂടുതൽ വിവേകികളാക്കും. കരുതലോടെ നീങ്ങുക, നമുക്കു വിജയിക്കാം, കൂടുതൽ വിവേകികളുമാവാം.