എം.ബഷീർ
തിരുവനന്തപുരം
: സംസ്ഥാനസർക്കാർ വിഭാവനംചെയ്യുന്ന ‘പഠനത്തിനൊപ്പം ജോലി’ പദ്ധതി ഈ അധ്യയനവർഷം നടപ്പാക്കും. ജോലിക്കുള്ള പ്രതിഫലം സർക്കാർ നിശ്ചയിക്കും. പഠനസമയത്തിനുശേഷം എത്രമണിക്കൂർ ജോലിചെയ്യണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യവസ്ഥയുണ്ടാക്കുന്ന സർക്കാർ, ഇതിനായി ഒരു പൊതു പ്ലാറ്റ്‌ഫോമും തയ്യാറാക്കും. പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ കരട് റിപ്പോർട്ട് തയ്യാറാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥിനേതാക്കളുമായി നടത്തിയ ചർച്ചയിൽനിന്ന് രൂപപ്പെട്ട ആശയമാണ് യാഥാർഥ്യമാകാനൊരുങ്ങുന്നത്. 2004-ൽ യു.ജി.സി. പ്രഖ്യാപിച്ച പദ്ധതി മദ്രാസ് സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകൾ നടപ്പാക്കിക്കഴിഞ്ഞു. 2017-ൽ ഓൾഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും ഓൾഇന്ത്യ ടെക്നിക്കൽ മാനേജ്‌മെന്റ് കൗൺസിലും പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി താത്പര്യമെടുത്ത് കേരളത്തിലും പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
സംസ്ഥാനത്ത് കോളേജ് ക്ലാസുകളുടെ സമയം രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാമെന്ന ചർച്ചയും ഇതിന്റെ പശ്ചാത്തലത്തിലാണ്. അധ്യാപകസംഘടനകളിൽനിന്നുൾപ്പെടെ എതിർപ്പുകൾ വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
സർവകലാശാലകളും സർക്കാർകോളേജുകളും അർധസർക്കാർസ്ഥാപനങ്ങളും ചേർന്ന് പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നരീതിയിലും സർക്കാരിന്റെയും സർവകലാശാലകളുടെയും മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികൾക്കുതന്നെ സ്വന്തമായി ജോലി തിരഞ്ഞെടുക്കാവുന്ന രീതിയുമാണ് ആലോചനയിലുള്ളത്.
സർവകലാശാലകളും കോളേജുകളും തൊഴിലധിഷ്ഠിത അനുബന്ധകോഴ്‌സുകൾ ആരംഭിക്കുകയും ജോലിപരിചയം അക്കാദമിക വിലയിരുത്തലിനു പരിഗണിക്കുകയും വേണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പഠനറിപ്പാർട്ടിലുണ്ട്.
സ്ഥാപനങ്ങൾക്ക് അവരുടെതന്നെ വിവിധ വകുപ്പുകളെ ഉപയോഗിച്ച് ജോലിസാധ്യതകൾ സംബന്ധിച്ച പഠനങ്ങൾ നടത്തി അതനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് രൂപംനൽകാം.
വ്യവസായസ്ഥാപനങ്ങൾ അവയുടെ സാമൂഹികഉത്തരവാദിത്വത്തിന്റെ ഭാഗമായി പദ്ധതിയെ കാണണം. പദ്ധതി നടപ്പാകുമ്പോൾ സർക്കാരിന്റെയും സർവകലാശാലകളുടെയും കർശന നിരീക്ഷണം ഉണ്ടാകണമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
No comments:
Post a Comment