കൊമേഴ്സിൽ നെറ്റ് യോഗ്യതയുണ്ട്. നെറ്റ് യോഗ്യതയുള്ളതിനാൽ കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപകനിയമനത്തിന് സെറ്റ് യോഗ്യത നേടേണ്ടതുണ്ടോ? -പ്രദീപ്, കണ്ണൂർ
കൊമേഴ്സ് വിഷയത്തിലേതുൾപ്പെടെ കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനും വൊക്കേഷണൽ ഹയർസെക്കൻഡറിയിലെ നോൺ- വൊക്കേഷണൽ അധ്യാപക നിയമനത്തിനുമായി നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്). എന്നാൽ, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും കോളേജുകളിലെയും സർവകലാശാലകളിലെയും അധ്യാപക നിയമനത്തിനുമുള്ള അർഹതനിർണയപരീക്ഷയാണ്.
വ്യത്യസ്തമേഖലകളിലെ അധ്യാപകനിയമനങ്ങൾക്കാണ് ഇവ രണ്ടും നടത്തുന്നത്. അതുകൊണ്ട്, നെറ്റ് യോഗ്യതയുണ്ട് എന്നതുകൊണ്ട് സെറ്റിൽനിന്ന് നിങ്ങൾക്ക് ഇളവുലഭിക്കുന്നതല്ല.
സെറ്റ് എഴുതാൻ, പൊതുവേ അതിന്റെ പരിധിയിൽവരുന്ന വിഷയങ്ങളിൽ പി.ജി. ബിരുദവും ബി.എഡും നിർബന്ധമാണ്. എന്നാൽ, കൊമേഴ്സ് ഉൾപ്പെടെ ചില വിഷയങ്ങൾക്ക് ബി.എഡ്. ഇല്ലാത്തവർക്കും സെറ്റ് എഴുതാം എന്ന വ്യവസ്ഥയുണ്ട്. എന്നാൽ, നിയമനത്തിന്റെ കാര്യത്തിൽ കൊമേഴ്സിലെ ഒരു തസ്തികയിലേക്ക് സെറ്റ് യോഗ്യത നേടിയ ബി.എഡ്. ഉള്ളവർ ഉണ്ടെങ്കിൽ അവർക്കായിരിക്കും പരിഗണന.
ബി.എഡ്. ഉള്ളവർ ഇല്ലെങ്കിൽ സെറ്റ് യോഗ്യതയുള്ളവരെ പരിഗണിക്കും. ആ ഘട്ടത്തിൽ പിഎച്ച്.ഡി./എം.ഫിൽ. ഉള്ളവർ, ജെ.ആർ.എഫ്./നെറ്റ് യോഗ്യത ഉള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. പക്ഷേ, ഇവർക്ക് നിയമനം കിട്ടിയാൽ ജോലിയിൽ പ്രവേശിച്ച് അഞ്ചുവർഷത്തിനുള്ളിൽ ബി.എഡ്. ബിരുദം നേടേണ്ടതുണ്ട്.
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment