![](https://epaperfs.mathrubhumi.com/mb/2020/06/08/Matrubhoomi/KG1/5_09/a5adf373_180848_P_9_mr.jpg)
![](https://epaperfs.mathrubhumi.com/mb/2020/06/08/Matrubhoomi/KG1/5_09/a5adf373_180848_P_20_mr.jpg)
കൂടുതൽ പഠിക്കുമ്പോഴാണ് അറിയാത്ത എന്തുമാത്രം കാര്യങ്ങളുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നതെന്ന് പറഞ്ഞത് ഐൻസ്റ്റൈനാണ്. ആഴത്തിൽ അറിയുമ്പോഴാണ് അജ്ഞതയുടെ വൈപുല്യത്തെപ്പറ്റിയുള്ള ബോധം ഉണ്ടാവുന്നത്. നാമിപ്പോഴുള്ളത് വിവരസാങ്കേതിക വിപ്ലവത്തിന്റെ ലോകത്താണ്. വിവരങ്ങളത്രയും വിരൽത്തുമ്പിലെത്തുന്ന ലോകമാണ്.
വിവരത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒന്നുകിൽ സംഭ്രമിച്ചു മാറി നിൽക്കേണ്ടിവരുന്നു അല്ലെങ്കിൽ പ്രളയപ്രവാഹത്തിൽനിന്നും വേണ്ടതു പിടിച്ചെടുക്കാനുള്ള ശ്രദ്ധ പാളിപ്പോവുന്നു. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പഠനത്തിലെ ശ്രദ്ധ മാറിപ്പോവുന്നതിലെ പ്രധാന വില്ലൻ മൊബൈൽ ഫോണാണ്, ഇന്റർനെറ്റും. എന്നാൽ ഇതുരണ്ടും ഇല്ലാതെ എന്തെങ്കിലും സാധ്യമാവുന്ന ലോകവുമല്ല. മഹാ ഉപകാരികളാണെങ്കിലും ഇൻസ്ട്രുമന്റ്സ് ഓഫ് മാസ് ഡിസ്‌റ്റർബൻസ് എന്നു വിശേഷിപ്പിക്കപ്പെടാൻ മാത്രം ഉപദ്രവകാരികളുമാണ് മൊബൈൽ ഫോണുകൾ. സാങ്കേതികവിദ്യ അപഹരിക്കുന്ന ഏകാഗ്രതയെ തിരികെയെത്തിക്കാനായി പുതിയ സാങ്കേതികവിദ്യ തേടേണ്ട അവസ്ഥയിലാണ് നാം. ഈ അവസ്ഥയിൽനിന്ന് രക്ഷതേടാൻ അമേരിക്കൻ എഴുത്തുകാരൻ നീൽ സ്ടോസ് ഒടുവിൽ ഫ്രീഡം എന്നൊരു ആപ്പിൽ അഭയംപ്രാപിക്കുകയായിരുന്നു.
ദിവസത്തിൽ 22 മണിക്കൂർ തനിക്ക് ഇന്റർനെറ്റിന്റെ ആവശ്യമില്ല എന്നു തീരുമാനിക്കുകയായിരുന്നു. അത്രസമയമേ സൃഷ്ടിപരമായ തിരച്ചിലുകൾക്ക് ആവശ്യമുള്ളൂ. ബാക്കിയത്രയും അലച്ചിലുകളാണ്, ലക്ഷ്യമില്ലാത്ത സൈബറിടത്തെ അലച്ചിലുകൾ. അദ്ദേഹം ഒന്നുകൂടി ചെയ്തു, ശ്രദ്ധയെ വഴിപിഴപ്പിക്കുന്ന മൊബൈൽ ഫോണിനെ സൂക്ഷിക്കാൻ കിച്ചൺസെയ്ഫ്, ഇപ്പോഴത് കെസെയ്ഫ് എന്ന കണ്ടെയ്നർ വാങ്ങിവെച്ചു. ടൈമറുള്ളതാണ് കണ്ടെയ്നർ.
ടൈമർ സെറ്റുചെയ്തുവെച്ചാൽ ആ സമയംമാത്രമേ കണ്ടെയ്നർ തുറക്കുക സാധ്യമാവൂ. മൊബൈലിനോട് പലർക്കും ഒരുതരം ആസക്തിയാണ്. അതിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ സ്‌ടോസിനെ പോലെ രസകരവും നൂതനവുമായ വഴികൾ തേടുകയേ രക്ഷയുള്ളൂ.
സാങ്കേതികവിദ്യ ഒരു സ്ഥിരം കുറ്റവാളിയാണെങ്കിലും ഏകാഗ്രത ഇല്ലാതാക്കുന്നതിൽ ബാഹ്യസമ്മർദങ്ങളുണ്ടാവാം, ആത്മസംഘർഷങ്ങളും. അങ്ങനെയുള്ള അവസരങ്ങളിൽ ഏകാഗ്രത നഷ്ടമാവുമ്പോൾ മനസ്സിനെ പിടിച്ചുകെട്ടാനല്ല ശ്രമിക്കേണ്ടത്, ഒന്നയച്ചുവിടാനായി ശരീരത്തിൽ ശ്രദ്ധയൂന്നിയാൽ മതി. നല്ലൊരു കുളിയിൽ വഴിമാറിയ ശ്രദ്ധ തിരിച്ചെത്തും. ചെറിയ സമയത്തെ ഒരു വ്യായാമത്തിൽ, വെറുതേ ഒരു നടത്തത്തിൽ, അല്ലെങ്കിൽ ചെറിയ സമയത്തെ ഒരു സൗഹൃദസംഭാഷണത്തിൽ ഒക്കെയും വീണ്ടെടുക്കാവുന്നതാണത്.
No comments:
Post a Comment