കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ചുവാർക്കാനുതകുന്ന തരത്തിലുള്ള പുതിയ കോഴ്സുകളും പഠനരീതികളും നിർദേശിച്ച് സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു. നിലവിലുള്ള ബിരുദ, ബിരുദാനന്ത പഠനവിഷയങ്ങളെയും രീതികളെയും ഭാവിക്കനുഗുണമാകുന്ന തരത്തിലും ലോകനിലവാരത്തിലുമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സമിതി ശുപാർശചെയ്ത രീതിയിലുള്ള സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിനുള്ള കടമ്പകൾ ഏറെയാണെങ്കിലും നിലവിലെ സാഹചര്യങ്ങളെ കണ്ടില്ലെന്നു നടിക്കാതെ വിലയിരുത്തുകയും ചെയ്യുന്നുണ്ട് സമിതി റിപ്പോർട്ട്. സംസ്ഥാനത്തിന്റെ നിലവിലുള്ള ഉന്നതവിദ്യാഭ്യാസ രംഗം എവിടെ നിൽക്കുന്നെന്നും മാറ്റങ്ങൾ എങ്ങോട്ടു നയിക്കുമെന്നും ഇത്തരം റിപ്പോർട്ടുകളുടെ ഭാവിയെന്തെന്നും വിലയിരുത്തുന്ന പരമ്പര ഇന്നുമുതൽ
എം. ബഷീർ
ന്നതവിദ്യാഭ്യാസരംഗത്ത് കേരളം മുൻപന്തിയിലാണെന്ന് നാം വീമ്പിളക്കുമ്പോഴും സമീപകാലത്ത് കേട്ട വിമർശനങ്ങളിലൊന്ന് വ്യവസായങ്ങൾക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ കേരളത്തിൽനിന്ന് ആവശ്യത്തിന് കിട്ടുന്നില്ലെന്നതാണ്. ലോകമെമ്പാടും പുതിയ സാങ്കേതികതകൾക്കും നൂതന രീതികൾക്കും അനുയോജ്യമായി അക്കാദമിക സംവിധാനങ്ങളെ മാറ്റുമ്പോൾ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം പരമ്പരാഗതരീതികളിൽനിന്ന് മാറാൻ മടിക്കുന്നെന്നും ആരോപണങ്ങളുയർന്നു. പുതുതലമുറ കോഴ്സുകളിൽ ഉന്നതവിദ്യാഭ്യാസം നടത്താൻ കേരളത്തിൽ ആവശ്യത്തിന് സംവിധാനമില്ലെന്ന കാരണംപറഞ്ഞ് പലരും ഉന്നതവിദ്യാഭ്യാസമെന്നത് പരമ്പരാഗത വിഷയങ്ങളിലും രീതികളിലുമൊതുക്കി.
18 മുതൽ 23 വയസ്സുവരെയുള്ള കുട്ടികൾ ഉന്നതപഠനത്തിന് ചേരുന്നതിന്റെ ശരാശരിയെടുത്താൽ കേരളത്തിൽ അത് 37 ശതമാനം മാത്രമായി. തൊട്ടടുത്തുള്ള തമിഴ്നാടിനെയും മറ്റുപല വലിയ സംസ്ഥാനങ്ങളെയും വെച്ചുനോക്കുമ്പൾ അത് തുലോം കുറവുമാണ്. കോളേജുകളുടെ ദേശീയ റാങ്കിങ്ങിൽ കേരളത്തിൽനിന്നുള്ള കോളേജുകൾ ആദ്യത്തെ നൂറിൽ പത്തിൽ താഴെ മാത്രമെന്നതും ചിന്തിക്കേണ്ടതുണ്ട്. ഈ ദശാബ്ദത്തിന്റെ അവസാനമാകുമ്പോഴേക്കും ഈ ശരാശരി 48 ശതമാനമാക്കുക ലക്ഷ്യംവെച്ചാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉടച്ചുവാർക്കാൻ ലക്ഷ്യംവെച്ച് പുതിയ കോഴ്സുകൾക്ക് ഒരുമ്പെടുന്നതും. എന്നാൽ, സർക്കാർ നിയോഗിച്ച ഒരു സമിതി നൽകുന്ന റിപ്പോർട്ട് സർവകലാശാലകൾ വഴി നടപ്പാക്കിയെടുക്കുകയെന്ന കടമ്പ മുന്നിലുള്ളപ്പോഴും കേരളത്തിന്റെ നിലവിലെ യാഥാർഥ്യം ഇത് ആവശ്യപ്പെടുന്നുണ്ട്.
പുതുവിഷയങ്ങൾ വന്നു, പേരിൽ മാത്രം
കഴിഞ്ഞ പത്തുവർഷത്തെ സാഹചര്യം പരിശോധിച്ചാൽ സംസ്ഥാനത്ത് ആർട്സ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ ഒട്ടേറെ കോളേജുകൾ വന്നു. ഇതിനു പിന്നാലെ പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ പല കോളേജുകൾക്കും അനുമതി ലഭിച്ചെങ്കിലും അതിന് സമാനമായ മറ്റ് സൗകര്യങ്ങളോ ജോലിയോ ലഭ്യമാകാതെ വന്നപ്പോൾ ഇവയിൽ പലതും ആളില്ലാ കോഴ്സുമായി മാറി. കാര്യമായ ഗവേഷണസംവിധാനങ്ങളില്ലാത്തതും രാജ്യത്തിനകത്തും വിദേശങ്ങളിലുമുള്ള മറ്റ് പ്രധാന സർവകലാശാലകൾ അംഗീകാരം നൽകാത്തതും ഇത്തരം മേഖലകളിലെ ഉന്നതപഠനത്തിന് തടസ്സമാകുന്നുണ്ട്.
മുമ്പ് എൻജിനിയറിങ്ങിന് പ്രവേശനം ലഭിക്കാത്തവർ പരമ്പരാഗത രീതിയിൽ ബി.സി.എ., ബി.എസ്സി. കംപ്യൂട്ടർ സയൻസ് തുടങ്ങിയവയ്ക്കൊക്കെ പ്രവേശനം നേടി. എന്നാൽ, ഇന്ന് എൻജിനിയറിങ്ങിനുതന്നെ പകിട്ട് കുറഞ്ഞതോടെ ഈ വിഭാഗത്തിൽ പ്രവേശനത്തിന് ആളില്ലാത്ത അവസ്ഥയുമായി. അതുപോലെ ഏതാനും വർഷംമുമ്പ് ജോലി സാധ്യതയുണ്ടെന്നു പറഞ്ഞ് ഒട്ടേറെ കുട്ടികൾ പ്രവേശനംനേടിയ പല കോഴ്സുകൾക്കും പറഞ്ഞപോലുള്ള ഗുണമുണ്ടായില്ലെന്നതും മറ്റൊരു യാഥാർഥ്യമായി. കൂടാതെ, ഇവയ്ക്കൊന്നും കാര്യമായ ഉപരിപഠന സാധ്യതയില്ലാത്തതും മറ്റിടങ്ങളിൽ പ്രവേശനം നേടുന്നതിന് കേരളത്തിൽനിന്ന് ലഭിച്ച ബിരുദം മതിയാകാത്തതും ഇത്തരം കോഴ്സുകളിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയും അവർ പിന്നെയും പരമ്പരാഗത കോഴ്സുകളിൽത്തന്നെ ആഭിമുഖ്യം കാട്ടുകയും ചെയ്തു. കോളേജുകളുടെ പ്ലേസ്മെന്റ് സെല്ലുകൾ പലതും ഫലപ്രദമായി പ്രവർത്തിക്കാത്തതുകൂടിയായപ്പോൾ കാര്യങ്ങൾ അവതാളത്തിലുമായി. അതേസമയം, യു.ജി.സി. നിർദേശിച്ച വി.വോക് ഉൾപ്പെടെയുള്ളവയ്ക്ക് കേരളത്തിൽനിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ചതും. ഇന്ന് മികച്ചൊരു ജോലിക്ക് ആവശ്യമായ പ്രാഗല്ഭ്യമായിരിക്കില്ല നാളത്തേക്കു വേണ്ടത്. ഇക്കാര്യങ്ങൾകൂടി കണക്കിലെടുത്താണ് സമിതിയുടെ പുതിയ ശുപാർശകൾ
യു.ജി.സി. മാർഗനിർദേശങ്ങൾ കടലാസിൽ
കാലാകാലങ്ങളിൽ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നവീകരണത്തിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാറുണ്ടെങ്കിലും അവയൊന്നും സർവകലാശാലകൾ നടപ്പാക്കുന്നില്ലെന്നതാണ് വാസ്തവം. സംഘടനാശക്തിയെ മറികടന്ന് ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ സർവകലാശാലാ സമിതികൾക്ക് ആർജവമില്ലെന്നതാണ് സത്യം. അധ്യാപകരുടെ വൈദഗ്ധ്യ നവീകരണത്തിന് 2010-ൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവുണ്ടായിട്ടുപോലും പത്തുവർഷമായിട്ടും പൂർണരൂപത്തിൽ നടപ്പാക്കാനായില്ല. ഇന്റർനെറ്റ് സൗകര്യവും സംവിധാനങ്ങളുമില്ലാതിരുന്ന കാലത്ത് അധ്യാപകർക്ക് ലൈബ്രറികളും മറ്റും ഉപയോഗിക്കേണ്ട അവസ്ഥയുണ്ടായിരുന്നതിനാൽ പി.ജി. അധ്യാപകർക്ക് ഒന്നരമണിക്കൂർ ഒരുമണിക്കൂറെന്നത് ഇന്നും വേണമെന്ന് വാദിക്കുന്നതും മറ്റൊരു ഉദാഹരണം. വൊക്കേഷണൽ വിഷയങ്ങളിൽ ആഡ് ഓൺ വിഷയങ്ങൾ വേണമെന്ന നിർദേശം പല കോളേജുകളും നടപ്പാക്കിയത് സർട്ടിഫിക്കറ്റ് നൽകാൻവേണ്ടി മാത്രവും. അതോടൊപ്പം എല്ലാ കോഴ്സുകളിലും പരിസ്ഥിതിപഠനം വേണമെന്ന നിർദേശവും കടലാസിൽ മാത്രമൊതുങ്ങുന്നെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കുമ്പോഴാണ് ഉന്നതവിദ്യാഭ്യാസ കാര്യത്തിൽ സമൂലമാറ്റത്തിനായി മറ്റൊരു സമിതി റിപ്പോർട്ടുകൂടി വരുന്നത്. (തുടരും)
ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മുൻവർഷങ്ങളിലെ ചില സമിതി റിപ്പോർട്ടുകളും അവയുടെ സ്ഥിതിയും
No comments:
Post a Comment