അന്യൂനമായ വരകൾ കടുവകളെയും സീബ്രയെയും നിർവചിക്കുന്നതുപോലെ, മായ്ച്ചാൽ മായാത്ത മികവിന്റെ മുദ്രകളാവണം ഒരോ സ്ഥാപനത്തെയും അടയാളപ്പെടുത്തുന്നത്. മത്സരങ്ങളാൽ മറികടക്കാവുന്നതല്ല ആധുനികലോകത്തെ പരിമിതികൾ. മത്സരത്തിന്റെ പഴയലോകമല്ല പാരസ്പര്യത്തിന്റെ പുതിയ ലോകം. അവിടെ മികവിന്റെ തികവിൽ മായുന്നതാണ് പരിമിതികളുടെ അതിരുകൾ.
ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ ഭൂപടത്തിൽ കേരളത്തിന്റെ യശസ്സുയർത്തി എൻ.ഐ.ആർ.എഫ്. സർവേയിൽ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായി ഐ.ഐ.എം കോഴിക്കോടുണ്ട്.
അരനൂറ്റാണ്ടിന്റെയും അതിനോടടുത്തും അനുഭവസമ്പത്തുള്ള സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇരുപതുകളിലുള്ള ഐ.ഐ.എം. കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്. ഒരു സ്ഥാപനത്തിന്റെ ഹ്രസ്വ-ദീർഘകാല ലക്ഷ്യങ്ങളിൽ എത്രത്തോളം കൈവരിക്കാനാവുന്നു എന്നത് അക്കാദമിക മികവിനെ ആശ്രയിച്ചിരിക്കുന്നു. അക്കാദമിക് കലണ്ടർതന്നെ മാറ്റത്തിന് വിധേയമാക്കേണ്ടി വരുന്ന കോവിഡ് കാലത്ത് അതിജീവനം മികവിന്റെ മാറിയ വഴികളിലൂടെ മാത്രമാണ് സാധ്യമാവുക. ഏതു മേഖലയുടെയും അതിരുകൾ പുനർനിർവചിക്കുക മികവുറ്റ പ്രവർത്തനമാണ്.
നമ്മളാരെന്ന് നിർവചിക്കുന്നത് നമ്മുടെ പ്രവർത്തനങ്ങളാണ്. ആ പ്രവർത്തനങ്ങളിൽ അങ്ങോളമിങ്ങോളം നിഴലിക്കേണ്ടതാണ് മികവെങ്കിൽ അതൊരു ചിട്ടയാണ്, മികവ് ശീലംതന്നെയാവണം. ശമ്പള സ്കെയിലിൽ അളക്കുക സാധ്യമല്ലാത്ത ഒന്നാണ് മികവ്, ഓരോ വ്യക്തിയിൽ നിന്നും സ്ഥാപനം ന്യായമായും പ്രതീക്ഷിക്കുക മികവിന്റെ തികവാണ്.
ആധുനികലോകത്ത് മന്ത്ര എന്നത് വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്ന ലക്ഷ്യത്തിലേക്കുള്ള മാർഗമാണ്. ഞങ്ങളുടെ മികവിന്റെ രസതന്ത്രം അത്രയൊന്നും സങ്കീർണമല്ല. സത്യം, നിത്യം, പൂർണം – മികവിലേക്ക് കുറുക്കുവഴികളില്ല. വളഞ്ഞ വഴികളും. മികവിന് ഒഴികഴിവുകളില്ല, ഒഴിവു ദിനങ്ങളുമില്ല.
ചലനാത്മകങ്ങളായ പരിഷ്കാരങ്ങളാണ് കാലത്തെ അതിജീവിക്കാൻ സഹായിക്കുക. പരിഷ്കാരങ്ങൾ സാധ്യമാവുക ചിന്തകൾ സ്വതന്ത്രമാവുന്നിടത്താണ്. അതു വിജയിക്കുക മനോഭാവം മാറുമ്പോഴുമാണ്. സ്വതന്ത്ര ചിന്തകളുടെ വിളവിനമാവേണ്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിപ്ലവകരമായ പരീക്ഷണങ്ങളിലൂടെയും പരിഷ്കരണനടപടികളിലൂടെയും മറ്റുള്ള സ്ഥാപനങ്ങൾക്ക് മാതൃകയാവേണ്ടതാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വതന്ത്ര ചിന്തകളുടെ വിഹാരരംഗം ആയതുകൊണ്ടു തന്നെയാവണം പ്രതിഭാശാലികളായ നേതാക്കൾ പലരും ലോകത്തെ മാറ്റിമറിക്കാൻ ഏറ്റവും അനുയോജ്യമായ ആയുധമായി വിദ്യാഭ്യാസത്തെ കണ്ടത്. നൂതനമായ ആശയങ്ങളുടെ ഉത്സവപ്പറമ്പുകളാവണം നമ്മുടെ വിദ്യാലയങ്ങൾ; മികവിന്റെ കേന്ദ്രങ്ങൾ.
No comments:
Post a Comment