ലോകം അടിമുടി മാറുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ ക്രമങ്ങളെയും കോവിഡ്-19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഇതിനകംതന്നെ നിർണായകമായ മാറ്റങ്ങൾ അരങ്ങേറിയ ഒരിടം വിദ്യാഭ്യാസമേഖലയാണ്. രാജ്യത്തെ വിദ്യാലയങ്ങളും കലാശാലകളും എന്ന് പ്രവർത്തനമാരംഭിക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സർവകലാശാലകളുടെ പുതുവർഷ പ്രവർത്തനം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് യു.ജി.സി. നിർദേശിച്ചിട്ടുണ്ട്. അവശേഷിക്കുന്ന പരീക്ഷകളും മൂല്യനിർണയവും പൂർത്തിയാക്കി അടുത്ത അധ്യയനവർഷത്തിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ശാരീരിക അകലം അടിസ്ഥാനപ്രമാണമായി മാറുന്ന പുതിയ ജീവിതക്രമം ഔപചാരിക വിദ്യാഭ്യാസത്തെ പഴയ നിലയിൽ തുടരാൻ അനുവദിക്കുമോ എന്ന സംശയം വ്യാപകമായി ഉയരുന്നുണ്ട്.
ഈയൊരു സന്ദർഭത്തിലാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇതിനകംതന്നെ അത് ഭാഗികമായെങ്കിലും നിലവിൽവന്നുകഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സർവകലാശാലകൾ, നഗരമേഖലയിലെ കോളേജുകൾ, അൺ എയ്ഡഡ് വിദ്യാലയങ്ങൾ എന്നിവിടങ്ങളിലൊക്കെ ഓൺലൈൻ പഠനം വ്യാപകമായിക്കഴിഞ്ഞു. പൊതു സർവകലാശാലകൾ, കോളേജുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഭാഗികമായും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുതിയ വിദ്യാഭ്യാസവർഷത്തിന് ജൂൺ ഒന്നിനുതന്നെ കേരള സർക്കാരും തുടക്കംകുറിച്ചു. വിദ്യാഭ്യാസ പ്രക്രിയ ഒരു വഴിത്തിരിവിലേക്കെത്തുകയാണെന്ന് കരുതാൻ പോന്നവിധത്തിൽ ഈ പഠനരീതിക്ക് പ്രാമുഖ്യം വന്നിരിക്കുന്നു
കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഓൺലൈൻ പഠനം പുതിയ വഴികൾ തുറന്നുതരുന്നുണ്ട് എന്നതിൽ സംശയമില്ല. മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കാതെ അതിനെ ഉപയോഗപ്പെടുത്തുക തന്നെയാണ് നാമിപ്പോൾ ചെയ്യേണ്ടതും. വിദ്യാലയങ്ങളും കലാലയങ്ങളും അനന്തമായി അടച്ചിടുന്നത് ഒരു പ്രതിരോധമേയല്ല. അതുകൊണ്ടുതന്നെ, ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ ഉപയോഗിക്കാനുള്ള ഇപ്പോഴത്തെ ശ്രമം ശ്ലാഘനീയവുമാണ്.
• ഗുരുതര പ്രതിസന്ധികൾ
അതേസമയം, ഓൺലൈൻ പഠനം ഉയർത്തുന്ന വലിയ വെല്ലുവിളികളെ ഈ സന്ദർഭത്തിൽ നാം കാണാതിരുന്നുകൂടാ. ഇനിയങ്ങോട്ട് ഓൺലൈൻ പഠനം മാത്രംമതി എന്ന മട്ടിലുള്ള പ്രഖ്യാപനങ്ങൾ ചിലയിടങ്ങളിൽനിന്ന് ഉയർന്നുകേൾക്കുന്ന സന്ദർഭത്തിൽ പ്രത്യേകിച്ചും. നാമിപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള വഴി എന്നതിനപ്പുറം, ഓൺലൈൻ പഠനത്തെ വിദ്യാഭ്യാസപ്രക്രിയയുടെ അടിസ്ഥാനഘടകമാക്കാനുള്ള ശ്രമം ഗുരുതരമായ സാമൂഹികപ്രത്യാഘാതം ഉളവാക്കാൻ പോന്നതാണ്.
ഓൺലൈൻ പഠനം മൂന്നു തലങ്ങളിലെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിതുറക്കുന്നുണ്ട്. അതിലാദ്യത്തേത് രാജ്യത്തുടനീളം നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തിന്റേതാണ്. പാശ്ചാത്യലോകത്തെയോ, ഇന്ത്യയിലെതന്നെ സ്വകാര്യ സർവകലാശാലകളെയോ മാതൃകയായി സങ്കല്പിച്ച് ഓൺലൈൻ വിദ്യാഭ്യാസരീതിയെ ഒറ്റയടിക്ക് പിൻപറ്റുന്നത്, ഇന്ത്യയിലെ ഭൂരിപക്ഷം വിദ്യാർഥികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നതിലാണ് ചെന്നവസാനിക്കുക.
ഇന്ത്യൻ സമൂഹത്തിലെ ഡിജിറ്റൽ സാക്ഷരത എത്രയോ പരിമിതമായ നിലയിലാണ് ഇപ്പോഴും തുടരുന്നത്. കേവലം മൊബൈൽഫോൺ, സ്മാർട്ട്ഫോൺ വ്യാപനത്തെ ഡിജിറ്റൽ സാക്ഷരതയായി സങ്കല്പിക്കുന്നത് ഒട്ടും ആശാസ്യമല്ല. ദേശീയ ഡിജിറ്റൽ സാക്ഷരതാ മിഷൻ (National Digital Literacy Mission) ഡിജിറ്റൽ സാക്ഷരത എന്താണെന്ന് വ്യക്തമാക്കുന്നത് ഇവിടെ ശ്രദ്ധിക്കണം. ഡിജിറ്റൽ സാങ്കേതികതയിലുള്ള പരിജ്ഞാനം, അതിലെ ആശയവിനിമയ ഉപകരണങ്ങൾ, ശൃംഖലകൾ തുടങ്ങിയവ കണ്ടെത്താനും ഉപയോഗിക്കാനും വിലയിരുത്താനുമുള്ള ശേഷി, അത്തരം അറിവുകൾ നിർമിക്കാനുള്ള കഴിവ് എന്നിവയാണ് ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാനമായി അവർ നിർദേശിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച്, കേരളത്തെ സംബന്ധിച്ചുപോലും ഇത് ഇപ്പോഴും എത്രയോ പരിമിതമാണ്. ഡിജിറ്റൽ വിഭജനം (Digital Divide) നമ്മുടെ സമൂഹത്തെ അസമത്വപൂർണമാക്കാൻ പോന്ന ഒന്നായി ഇവിടെയുണ്ട് എന്നർഥം.
• ഡിജിറ്റൽ അസമത്വം
വിവരസാങ്കേതിക വിദ്യയുടെയും ആശയവിനിമയ സങ്കേതങ്ങളുടെയും അസന്തുലിതമായ ലഭ്യതമൂലം ഒരു പ്രദേശമോ ജനതയോ അനുഭവിക്കുന്ന അസമത്വത്തെയാണ് ഡിജിറ്റൽ വിഭജനം എന്നുപറയുന്നത്. മൊബൈൽ ഫോണുകൾ, ടെലിവിഷൻ ചാനലുകൾ, ഇന്റർനെറ്റ്, കംപ്യൂട്ടറുകൾ തുടങ്ങിയവയുടെ ലഭ്യതയും ഉപയോഗവുമാണ് ഇതിന്റെ അടിസ്ഥാനം. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ ഘടകങ്ങൾ ഈ അസമത്വത്തിന്റെ നിർമിതിയിൽ പങ്കുചേരുന്നുണ്ട്. സാമ്പത്തിക അസമത്വവും സാമൂഹിക, സാംസ്കാരിക മൂലധനത്തിലെ അസമത്വവും എത്രയോ ശക്തമായ നമ്മുടേതുപോലൊരു സമൂഹത്തിൽ ഡിജിറ്റൽ സാങ്കേതികതയെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകമാക്കുന്നത്, നിലനിൽക്കുന്ന അസമത്വത്തെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുക. ഇന്റർനെറ്റ് ലഭ്യതയിൽ ഇന്ത്യയിലെ സ്ത്രീകൾ പുരുഷന്മാരെക്കാൾ ഏറെ പിന്നിലാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾതന്നെ വ്യക്തമാക്കുന്നുണ്ട്. ജാതീയവും വംശീയവും മറ്റുമായ ഘടകങ്ങൾ സൃഷ്ടിക്കുന്ന ഡിജിറ്റൽ അസമത്വത്തിന്റെ കണക്കുകൾ ലഭ്യവുമല്ല. കേരളത്തിൽ ഇതിനകംതന്നെ ഒരു പെൺകുട്ടി ആ അസമത്വത്തിനിരയായി ജീവനൊടുക്കേണ്ടിവന്നു. ഇത്തരം അസമത്വത്തെ മറികടന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തിയ സാമൂഹികവിഭാഗങ്ങളെ ഓൺലൈൻ അപേക്ഷകളും പ്രവേശനപരീക്ഷകളും എങ്ങനെയെല്ലാം ബാധിക്കും എന്നതും ഗൗരവമുള്ള വിഷയമാണ്.
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ലഭ്യമാകുന്ന കണക്കുകൾ ഇവിടെ കണക്കിലെടുക്കണം. ഇന്ത്യൻ ജനസംഖ്യയുടെ 66 ശതമാനം ജീവിക്കുന്ന ഗ്രാമീണമേഖലയിൽ ഇന്റർനെറ്റ് ലഭ്യതയുള്ളത് 25.3 ശതമാനത്തിനാണ്. ബാക്കിവരുന്ന 34 ശതമാനം ജനങ്ങൾ വസിക്കുന്ന നഗരമേഖലയിൽ 98 ശതമാനത്തിന് നെറ്റ് കണക്‌ഷൻ ഉണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഈ കണക്കുകൾ അനുസരിച്ച്, 80 കോടിയോളം പേർ വസിക്കുന്ന ഗ്രാമീണമേഖലയിലെ 60 കോടി ആളുകളും ഇന്റർനെറ്റ് സൗകര്യങ്ങൾക്ക് പുറത്താണ്. നഗരമേഖലയിൽ മൂന്നു കോടിയോളവും. രാജ്യത്തെ രണ്ടിലൊരാൾക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല എന്നർഥം. ജനസംഖ്യയുടെ നേർപ്പകുതിക്ക് അല്പംപോലും പ്രാപ്യമായിട്ടില്ലാത്ത ഒരു സാങ്കേതികസംവിധാനത്തെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകമായി ഉപയോഗിക്കുന്നത് ഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കുന്നതിലാണ് ചെന്നവസാനിക്കുക. സ്മാർട്ട്ഫോണുകളും ടെലിവിഷനും നെറ്റ് കണക്ടിവിറ്റിയും വ്യാപകമായ കേരളത്തിൽപ്പോലും 43.76 ലക്ഷം സ്കൂൾ വിദ്യാർഥികളിൽ 5.98 ശതമാനത്തിന് (2.61 ലക്ഷം കുട്ടികൾ) ഇവയൊന്നുംതന്നെ പ്രാപ്യമല്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇക്കാര്യം മറ്റൊരു നിലയിലും മനസ്സിലാക്കാവുന്നതാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുപ്പതു ശതമാനത്തിലധികംവരുന്ന വിഭാഗങ്ങളിൽ ഡിജിറ്റൽ സാക്ഷരത പത്തുശതമാനം പോലുമില്ലെന്ന് ഡിജിറ്റൽ സാക്ഷരതാമിഷൻ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള സ്ഥലങ്ങളിൽത്തന്നെ ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിന് ഉപയുക്തമാവുന്ന വിധത്തിൽ അതിന്റെ ഇടമുറിയാത്ത ലഭ്യതയുണ്ടോ എന്നതും വലിയൊരു പ്രശ്നമാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനാവശ്യമായ ഡേറ്റ എങ്ങനെയാണ് വിദ്യാർഥികൾക്ക് കൈവരുക എന്നതും പ്രധാനമാണ്. പ്രതിമാസം 300-400 രൂപ നൽകി, സ്വകാര്യ സേവനദാതാക്കളിൽനിന്ന് വിദ്യാർഥികൾതന്നെ ഇത് വാങ്ങേിവരുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. മധ്യവർഗത്തിന് താഴെയുള്ളവർക്ക് ഇത് എത്രത്തോളം താങ്ങാനാവും?
• വിദ്യാഭ്യാസപ്രക്രിയയുടെ അനുബന്ധംമാത്രം
ഇന്റർനെറ്റ് ലഭ്യതയെയും ഡിജിറ്റൽ സാക്ഷരതയെയും സംബന്ധിച്ചുള്ള ഈ കണക്കുകൾ വ്യക്തമാക്കുന്നത് ഓൺലൈൻ പഠനത്തെ വിദ്യാഭ്യാസപ്രക്രിയയുടെ അനുബന്ധമായല്ലാതെ അടിസ്ഥാന ഘടകമായി ഇപ്പോൾ പരിഗണിച്ചുകൂടാ എന്നതാണ്. അങ്ങനെ ചെയ്യുന്നത് ഭരണഘടന വാഗ്ദാനംചെയ്യുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധമായേ പര്യവസാനിക്കൂ.
ഡിജിറ്റൽ ഡിവൈഡ് എന്നതിനപ്പുറം അറിവിന്റെ സ്വഭാവത്തെയും ഉള്ളടക്കത്തെയും സംബന്ധിച്ചുള്ള ഗൗരവമേറിയ പ്രശ്നങ്ങളും ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ട്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപ്രകൃതം വിവരവിതരണത്തിനും നൈപുണ്യനിർമാണത്തിനും (Skill development) പ്രാധാന്യം നൽകുന്നതാണ്. അത് വിമർശനാത്മകചിന്തയെ വികസിപ്പിക്കാൻ പര്യാപ്തമായ ഓൺലൈൻ ക്ലാസുകളിൽ അധ്യാപകരുടെ പങ്ക് ഏറിയകൂറും സ്കിൽ മാനേജർമാരുടേതായി ചുരുങ്ങുന്നുണ്ട്. ക്ലാസ് മുറികളുടെ ജൈവികവിനിമയശേഷിയും സർഗാത്മകസംവാദങ്ങളും നഷ്ടമാകുന്ന അധ്യയനരീതിയാണ് അതിന്റേത്.
ഇപ്പോൾ ലഭ്യമായ പല ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോമുകളും (ഗൂഗിൾ ക്ലാസ്റൂം, ഗൂഗിൾ ടിംസ്, ജിറ്റ്‌സി, എസമോഡോ, സൂം തുടങ്ങിയവ) പരസ്പര വിനിമയശേഷിയുള്ളവയായി (interactive platforms) സംവിധാനം ചെയ്യപ്പെട്ടവയാണ്. എന്നാൽ, പ്രയോഗത്തിൽ മിക്കവാറും പരസ്പരവിനിമയം ഒരു അസാധ്യതയായി അവശേഷിക്കുന്നു. അധ്യാപനം ഏകദിശയിലുള്ള പ്രഭാഷണത്തിലേക്കും വിവരവിതരണത്തിലേക്കും നീളുന്നു എന്നതാണ് ഇതിന്റെ ഫലം. അതോടെ വ്യാഖ്യാനാത്മകവും വിമർശനാത്മകവുമായ അവബോധരൂപവത്‌കരണം വിദ്യാഭ്യാസപ്രക്രിയയ്ക്ക് പുറത്താവും. ലഭ്യമായ നാനാതരം വിവരങ്ങൾ സമാഹരിച്ച് ക്രോഡീകരിച്ച് വിതരണം ചെയ്യുക എന്നതിൽ അധ്യാപനം അവസാനിക്കുകയും ചെയ്യുന്നു.
• ഇല്ലാതാവുന്നത് സാമൂഹികത
വാസ്തവത്തിൽ നിയോലിബറലിസം വളരെ മുമ്പേ മുന്നോട്ടുവെച്ച ഒന്നാണ് ഈ ജ്ഞാനസങ്കല്പം. വിദ്യാഭ്യാസത്തെ പലതരത്തിലുള്ള പ്രായോഗിക നൈപുണ്യങ്ങൾ (skills)ആർജിക്കലായാണ് അത് പരിഗണിക്കുന്നത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് മുകേഷ് അംബാനിയും കുമരമംഗലം ബിർളയും ചേർന്ന് സമർപ്പിച്ച, ഉന്നത വിദ്യാഭ്യാസത്തിന്റെ പുനഃസംഘാടനത്തെക്കുറിച്ചുള്ള, രേഖയിൽ ഇത് വ്യക്തമായി കാണാം. സ്വകാര്യ സംരംഭകർ അവർക്കാവശ്യമുള്ള വിശേഷവിദഗ്ധരെ നിർമിക്കുന്ന വിധത്തിൽ ഉന്നതവിദ്യാഭ്യാസത്തെ പുതുക്കിപ്പണിയണമെന്നാണ് അന്ന് നിർദേശിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന്റെ സാമൂഹികത എന്ന അടിസ്ഥാനഘടകത്തെയും വിമർശനാത്മകചിന്തയെയും ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം. വ്യക്തികേന്ദ്രിതവും വിവരാധിഷ്ഠിതവും സാങ്കേതികവുമായ അത്തരമൊരു വഴി ഓൺലൈൻ വിദ്യാഭ്യാസത്തിലും തുറന്നുകിടക്കുന്നുണ്ട്.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ അടിസ്ഥാനപ്രകൃതം ഭാഷ, സാഹിത്യം, ശുദ്ധശാസ്ത്രം, മാനവിക വിഷയങ്ങൾ, സാമൂഹ്യശാസ്ത്രം, കലാപഠനം തുടങ്ങിയവയെ വിജ്ഞാനമേഖലയിൽനിന്ന് കൂടുതൽക്കൂടുതൽ ഒഴിച്ചുനിർത്തും. (ശാസ്ത്രപഠനത്തിന് അനിവാര്യമായ പരീക്ഷണശാലകളെയും ഇതിൽ ഉൾപ്പെടുത്താനാവില്ല). മേൽപ്പറഞ്ഞ വിഷയങ്ങളൊന്നും കേവലം വിവരകേന്ദ്രിതമല്ല. ഏകമുഖമായ ഭാഷണങ്ങൾ കലാ-സാഹിത്യ പഠനത്തെയും മറ്റും എവിടെയും എത്തിക്കില്ല. ഭാവാത്മകമായ (affective) ഘടകം അടിസ്ഥാനമായി വരുന്ന ഒന്നാണ് കലാ-സാഹിത്യ പഠനം. അത്തരം വിഷയങ്ങളുടെ ചരമസ്ഥാനങ്ങളായി ഈ പഠനസമ്പ്രദായം മാറിയേക്കാനിടയുണ്ട്.
തുടക്കത്തിൽ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ, ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെ അപ്പാടെ നിരസിക്കുകയല്ല നമ്മുടെ സന്ദർഭത്തിന്റെ താത്പര്യം. മറിച്ച് അത്തരമൊന്നിനെ സ്വീകരിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകേണ്ട കരുതലിനെക്കുറിച്ചാണ്. നാം നേരിടുന്ന പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ ഓൺലൈൻ പഠനത്തിലേക്കുള്ള വഴിതിരിയൽ അനിവാര്യമാണ്. പഴയ സമ്പ്രദായങ്ങളിൽനിന്ന് മാറാനുള്ള അധ്യാപകരുടെയും സംവിധാനങ്ങളുടെയും വൈമുഖ്യം ഈ വഴിമാറ്റത്തിന് തടസ്സമാവരുത്. എന്നാൽ, അതിനു ശ്രമിക്കുമ്പോൾ വിദ്യാഭ്യാസരംഗത്തെ സാമൂഹികനീതിയുടെ നിഷേധംമുതൽ വിദ്യാഭ്യാസ പ്രക്രിയയുടെയും വിജ്ഞാനസങ്കല്പത്തിന്റെയും ഉള്ളടക്കംവരെ നമ്മുടെ പരിഗണനയിൽ ഉണ്ടാവണം.
(ഡോ. പി.എം. ആരതി മഹാത്മാഗാന്ധി സർവകലാശാലയുടെ ‘സ്‌കൂൾ ഓഫ് ലീഗൽ തോട്ട്’-ലും സുനിൽ പി. ഇളയിടം സംസ്കൃത സർവകലാശാല മലയാളവിഭാഗത്തിലും അധ്യാപകരായി പ്രവർത്തിക്കുന്നു)
No comments:
Post a Comment