Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 2 June 2020

Kasaragod ജില്ലയിൽ ഓൺലൈൻപഠനസൗകര്യമില്ലാതെകൂടുതൽപേർബളാൽ പഞ്ചായത്തിൽ, കുറവ് ചെറുവത്തൂരിൽ11,647 വിദ്യാർഥികൾ

ജില്ലയിൽ ഓൺലൈൻപഠനസൗകര്യമില്ലാതെകൂടുതൽപേർബളാൽ പഞ്ചായത്തിൽ, കുറവ് ചെറുവത്തൂരിൽ11,647 വിദ്യാർഥികൾ

കാസർകോട്: ജില്ലയിൽ 587 സ്കൂളുകളിലായി ആകെയുള്ള 1,84,337 വിദ്യാർഥികളിൽ ഓൺലൈൻ പഠനത്തിന് മാർഗമില്ലാത്തത് 11,647 പേർക്കാണെന്ന് സർവശിക്ഷാ അഭിയാന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതിൽ അയ്യായിരത്തോളം പേർ മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലാണ്. ഇവ ഉൾപ്പെടുന്ന കാസർകോട് വിദ്യാഭ്യാസ ജില്ലയിലാണ് മഹാഭൂരിപക്ഷവും.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ താരതമ്യേന കുറവാണ്‌. ജില്ലയുടെ വടക്കൻമേഖലയുടെ അവികസിതാവസ്ഥയെ ഇത് സൂചിപ്പിക്കുന്നു. പഞ്ചായത്തുതലത്തിൽ ബളാൽ പഞ്ചായത്തിലാണ് കൂടുതൽ-745 പേർ. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലാണ് ഇത് പെടുന്നതെങ്കിലും പട്ടികവിഭാഗം ജനങ്ങൾ കൂടുതലുള്ള പഞ്ചായത്താണിത്. കുമ്പള-606, ബദിയഡുക്ക-507, വൊർക്കാടി-500, തൃക്കരിപ്പൂർ-450 എന്നിങ്ങനെയാണ് ഓൺലൈൻ പഠനസാധ്യതയില്ലാത്ത കൂടുതൽ കുട്ടികളുള്ള മറ്റ് പഞ്ചായത്തുകൾ. തൃക്കരിപ്പൂർ പഞ്ചായത്തിൽ 450 പേരുണ്ട്. ഇത് അവികസിതാവസ്ഥയ്ക്കപ്പുറം കൂടുതൽ സ്കൂളുകളും കുട്ടികളുമുള്ള പഞ്ചായത്ത് എന്ന നിലയ്ക്കാണെന്ന് കരുതപ്പെടുന്നു. ഏറ്റവും കുറച്ച് കുട്ടികൾക്ക് സൗകര്യമില്ലാത്തത് ചെറുവത്തൂരിലാണ്-40 പേർ മാത്രം. തൊട്ടടുത്ത പിലിക്കോട് പഞ്ചായത്തിൽ 142 പേർക്കില്ല. ഒന്നാംക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ കണക്കിൽ വരും.

ടെലിവിഷൻ, കംപ്യൂട്ടർ, സ്മാർട്ട്‌ഫോൺ എന്നിവയിലൂടെ പാഠഭാഗങ്ങൾ കിട്ടാത്തവരുടെ കണക്കാണ് ഇത്. ജൂൺ എട്ടിന് ട്രയൽ പൂർത്തിയാകുമ്പോഴേക്ക് ഇവർക്കും സൗകര്യമൊരുക്കാൻ നെട്ടോട്ടത്തിലാണ് വിദ്യാഭ്യാസ അധികൃതർ. തദ്ദേശസ്ഥാപനങ്ങളെ ബന്ധപ്പെട്ട് ടെലിവിഷൻ-കംപ്യൂട്ടർ സൗകര്യങ്ങളൊരുക്കാനാണ് ശ്രമം. വായനശാലകളിലും കമ്യൂണിറ്റി സെന്ററുകളിലും ടെലിവിഷൻ സ്ഥാപിക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ടെലിവിഷൻ സെറ്റിന് പൂർവവിദ്യാർഥി സംഘടനകൾ അടക്കമുള്ളവരിൽനിന്ന് സ്പോൺസർമാരെ കണ്ടെത്താനും ശ്രമമുണ്ട്.

പട്ടികജാതി പട്ടികവർഗ കോളനികളിലാണ് സൗകര്യമില്ലാത്തവർ ഏറെയുമെന്ന് കണക്കാക്കുന്നു. 1264 കോളനികളിലായി 80000-ഓളം ജനസംഖ്യയുള്ള പട്ടികവർഗവിഭാഗത്തിൽ ആകെ 9718 വിദ്യാർഥികളിൽ 10 ശതമാനം പേർക്കെങ്കിലും സൗകര്യമില്ലെന്ന് ജില്ലാ ട്രൈബൽ ഓഫീസ് അധികൃതർ പറഞ്ഞു. 111 ഇടത്ത് ഡയറക്ട് ടു ഹോം (ഡി.ടി.എച്ച്.) കണക്ഷനും 88 ടെലിവിഷൻ സെറ്റുകളും വേണമെന്ന് വകുപ്പിലേക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. വിവിധ കോളനികളിലായി നേരത്തേ സജ്ജമാക്കിയിരിക്കുന്ന 30 പഠനകേന്ദ്രങ്ങളിൽ ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒരിടത്ത് 30 പേർക്കാണ് സൗകര്യം. ഇതിനുപുറമെയാണ് കൂടുതൽ ഡി.ടി.എച്ച്. കണക്ഷനും ടെലിവിഷനും ആവശ്യംവന്നത്. ജില്ലയിലെ എൺപതോളം പ്രമോട്ടർമാർ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

540 കോളനികളിലായി 56,000 ജനസംഖ്യയുള്ള പട്ടികജാതി വിഭാഗത്തിൽ എണ്ണായിരത്തോളം വിദ്യാർഥികളാണ് ആകെ. ഇവർക്കായി 122 കമ്യൂണിറ്റി ഹാളുകളുണ്ടെങ്കിലും ഇതിൽ എട്ടിടത്തേ ടെലിവിഷനുള്ളൂ. ആറു പ്രീമെട്രിക് ഹോസ്റ്റലുണ്ടെങ്കിലും ബദിയഡുക്ക, ദേലമ്പാടി തുടങ്ങിയ കേന്ദ്രങ്ങളിലെ ഹോസ്റ്റലുകൾ കോവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളാക്കിയതിനാൽ ക്ലാസ് സാധ്യമല്ല.

കോളനികളിൽദുരവസ്ഥ

വെള്ളരിക്കുണ്ട് : ഇത് തലശ്ശേരി കാവുംഭാഗം ജി.എച്ച്‌.എസ്.എസ്സിലെ എട്ടാംതരം വിദ്യാർഥി സുചിത്ര സുമേഷ്. വിക്ടേഴ്‌സ് ചാനൽ കാണണമെന്നും സ്കൂളിലെ ഓൺലൈൻഗ്രൂപ്പിൽ ചേർന്ന് പഠിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ മാർഗമില്ല. മുടന്തേൻപാറ മലമുകളിലെ ഓലക്കുടിലിൽ ടി.വി.യും ഫോണും വൈദ്യുതിയുമില്ല. മലയോരപ്രദേശങ്ങളിലാണ് ഗുരുതരമായ ഈ പ്രശ്നമുള്ളത്. മുടന്തേൻപാറ കോളനിയിൽ ഒരുകുടുംബം മാത്രമല്ല ഈ വിഷമത്തിൽ. മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ സഹോദരങ്ങൾ മനീഷ്, മഞ്ജിത്, അനിത തുടങ്ങി കോളനിയിലെ ഇരുപതിലധികം കുട്ടികളും ഈ പ്രതിസന്ധിയിലാണ്. ചുറ്റുവട്ടമുള്ള 15 വീടുകളിൽ ഒരിടത്തും ടി.വി.യോ നെറ്റ് കണക്ഷനെടുക്കാവുന്ന ഫോണോ ഇല്ല. അതിർത്തിഗ്രാമങ്ങളിൽ പുതിയ പഠനരീതി കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. പല ക്ലാസുകളിലും മൂന്നിലൊരുഭാഗം കുട്ടികൾക്കു മാത്രമാണ് വീട്ടിൽ സ്മാർട്ട് ഫോണുള്ളത്. അധ്യാപകർ കുട്ടികളുടെ ഗ്രൂപ്പുണ്ടാക്കി പഠനപ്രവർത്തനങ്ങൾ നൽകാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

അതിരുമാവ് ഗ്രാമം ഓൺലൈനിനു പുറത്ത്‌

കമ്പല്ലൂർ: അതിരുമാവ്, വായിക്കാനം, മീനംചേരി, അത്തിയടുക്കം തുടങ്ങിയ കോളനികളുടെ സമീപത്ത്‌ ടവർ ഇല്ലാത്തതിനാൽ സ്മാർട്ട്‌ഫോൺ സാധ്യമല്ല. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകൾ സംയോജിക്കുന്ന അതിരുമാവിൽ കോളനിക്കുപുറമെ മുന്നൂറോളം കുടുംബങ്ങളുണ്ട്. ഇവർക്ക് ഫോൺ റെയ്‌ഞ്ചേ ഇല്ല. ഫോൺചെയ്യാൻ മൂന്നും നാലും കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥിതി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ പത്തോളം കോളനികളിൽ സാംസ്കാരികനിലയം പോലുമില്ല. ഉള്ളതുതന്നെ അപകടാവസ്ഥയിലാണ്. വായിക്കാനം കോളനിയിൽ കുട്ടികൾക്ക് സമീപത്തെ വായനശാലയിലെത്താൻ നാലുകിലോമീറ്റർ അകലെയുള്ള തയ്യേനിയിൽ എത്തണം. കുണ്ടാരം കോളനിയിൽ സാംസ്കാരിക നിലയമുണ്ടെങ്കിലും അപകടാവസ്ഥയിലാണ്.

കുടുംബത്തിന് ചെലവേറും

:കോളനികളിലെ സാധാരണക്കാരായ രക്ഷിതാക്കൾക്ക്‌ സ്മാർട്ട് ഫോൺ ഉള്ളവർപോലും ഇന്റർനെറ്റ് കണക്ഷനെടുക്കാറില്ല. ഓൺലൈൻ ക്ലാസ് ലഭിക്കാൻ ഇന്റർനെറ്റ് കണക്ഷനെടുക്കാനും റീചാർജ് ചെയ്യാനും ചെലവേറും. രക്ഷിതാക്കൾ കൂലിവേലയ്ക്കുപോയി ജീവിക്കുന്നവരാണ്. പകൽ എട്ടുമണിക്കുമുമ്പ് ജോലിക്കു പോകും. ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നത് 8.30-നുശേഷമാണ്. ദുരുപയോഗസാധ്യത ഭയന്ന് ഫോൺ കുട്ടികളെ ഏല്പിച്ചുപോകാൻ രക്ഷിതാക്കൾ തയ്യാറുമല്ല.

No comments:

Post a Comment