പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രശ്നമാകില്ല
ടി.ജി. ബേബിക്കുട്ടി
തിരുവനന്തപുരം
: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. എന്നിവയുടെ ശേഷിക്കുന്ന പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയത് മാർക്ക് അടിസ്ഥാനത്തിൽ ഉപരിപഠന കോഴ്‌സുകൾക്ക് ചേരാനിരിക്കുന്ന കുട്ടികളെ ബാധിക്കും. പ്രമുഖ ദേശീയ സ്ഥാപനങ്ങളിൽ മാർക്കുകൂടി അടിസ്ഥാനമാക്കിയാണ് ഉപരിപഠനത്തിനു പ്രവേശനം. ബിരുദത്തിനു താത്പര്യമുള്ള സ്ഥാപനങ്ങളിൽ ഇഷ്ടപ്പെട്ട വിഷയങ്ങൾക്ക് പ്രവേശനം ലഭിക്കുന്നതിനെയും ക്രമീകരണം ബാധിക്കും.
പന്ത്രണ്ടാം ക്ലാസിൽ കൊമേഴ്‌സ്, ചില ഹ്യുമാനിറ്റീസ് വിഷയങ്ങൾ എന്നീ പരീക്ഷകളാണ് സി.ബി.എസ്.ഇ.യിൽ അവശേഷിച്ചിരുന്നത്. സയൻസ് വിഷയങ്ങൾ പൂർത്തിയായിരുന്നു. അതിനാൽ മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപ്പരീക്ഷയെഴുതുന്ന കുട്ടികളെ ബാധിക്കാനിടയില്ല.
ശരാശരി: ദോഷമാകാം
നന്നായെഴുതിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്ക് റദ്ദാക്കിയ വിഷയങ്ങൾക്കു നൽകാനാണ് തീരുമാനം. നടക്കാനിരിക്കുന്ന പരീക്ഷയിലാകാം ചില കുട്ടികൾക്ക് കൂടുതൽ മാർക്ക് കിട്ടാൻ സാധ്യത. അങ്ങനെയുള്ളവർക്ക് പുതിയ ക്രമീകരണം ദോഷമാകാം.
ഐ.എസ്.സി.: ബയോളജിവിദ്യാർഥികൾക്ക് ആശങ്ക
ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിൽ അവശേഷിച്ചിരുന്ന പരീക്ഷയിൽ ബയോളജിയും ബിസിനസ് സ്റ്റഡീസും ഉൾപ്പെടുന്നുണ്ട്. ദേശീയതലത്തിലെ ശാസ്ത്രപഠന സ്ഥാപനങ്ങളിലേതടക്കമുള്ള പ്രവേശനപ്പരീക്ഷകൾക്ക് ബയോളജിയുടെ മാർക്ക് മാനദണ്ഡമാകുന്നതിനാൽ ഏതാനും പോയന്റുകൾക്കെങ്കിലും ചിലർ പിന്തള്ളപ്പെട്ടു പോകുമോയെന്ന ആശങ്കയുണ്ട്. പത്താംക്ലാസിൽ ജ്യോഗ്രഫി, ഹിന്ദി, എക്കണോമിക്‌സ്, കംപ്യൂട്ടർ സയൻസ്, ബയോളജി എന്നിവയാണ് നടക്കേണ്ടിയിരുന്നത്.
തലവേദന കൊമേഴ്‌സുകാർക്ക്
പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികളുടെ ബിസിനസ് സ്റ്റഡീസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് പരീക്ഷകളാണ് സി.ബി.എസ്.ഇ.യിൽ അവശേഷിച്ചിരുന്നത്. രണ്ടും മിക്ക വിദ്യാർഥികളും കൂടുതൽ മാർക്ക് സ്‌കോർ ചെയ്യുന്ന വിഷയങ്ങളാണ്. ഇക്കണോമിക്‌സ്, അക്കൗണ്ടൻസി, ഇംഗ്ലീഷ് എന്നിവയാണ് പൂർത്തിയാക്കിയത്. അക്കൗണ്ടൻസി ഇക്കുറി പല വിദ്യാർഥികൾക്കും പ്രയാസമായിരുന്നു. ഇക്കണോമിക്സിന് താരതമ്യേന അധികമാർക്ക് ലഭിക്കാനുള്ള സാധ്യത കുറവുമാണ്.
മലയാളം പരീക്ഷ നേരത്തേ റദ്ദാക്കിയ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. സ്‌കൂളുകളോടുതന്നെ ഇന്റേണൽ മാർക്ക് നൽകാൻ സി.ബി.എസ്.ഇ. ആവശ്യപ്പെട്ടിരുന്നു. അതിനാൽ പരീക്ഷയുടെ മൊത്തം മാർക്ക് കൂട്ടുമ്പോൾ മലയാളം തുണയ്ക്കും.
No comments:
Post a Comment