കളമശ്ശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) അവസാനസെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ ഓൺലൈനായി നടത്തുന്നു. ജൂൺ 10 മുതൽ 25 വരെയായിരിക്കും ഓൺലൈൻപരീക്ഷ.
മൂഡിലിന്റെയോ ഗൂഗിൾ ക്ലാസ്റൂമിന്റെയോ സഹായത്തോടെയായിരിക്കും പരീക്ഷ നടത്തുക. സ്മാർട്ട് ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം, ഇ-മെയിൽ ഐ.ഡി. എന്നിവ ഓൺലൈൻ പരീക്ഷാർഥികൾക്ക് ഉണ്ടായിരിക്കണം. വീടുകളിൽ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾ മൂൻകൂട്ടി അറിയിച്ചാൽ കോളേജുകളിലെ സൗകര്യം പ്രയോജനപ്പെടുത്താം.
മൂന്നുമണിക്കൂറാണ് പരീക്ഷാസമയം. ഉത്തരങ്ങളെല്ലാം അപ്‌ലോഡ് ചെയ്തെന്ന് ഉറപ്പാക്കാൻ നിശ്ചിതസമയം നീക്കിവെക്കും. പരീക്ഷയ്ക്കുശേഷം പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ അഞ്ചുമിനിറ്റ് വൈവ നടത്തും.
പരീക്ഷാനടത്തിപ്പിന് ഉന്നത ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉൾപ്പെടുത്തി പ്രത്യേക സെല്ലും മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിച്ചു. വിദ്യാർഥികളുടെ പരീക്ഷാ സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താനും പരീക്ഷയ്ക്കു നേതൃത്വംനൽകാനുമുള്ള ചുമതല പ്രിൻസിപ്പൽമാർക്കും വകുപ്പ് മേധാവികൾക്കുമാണ്.
No comments:
Post a Comment