മകൾ ഐ.സി.എ.ആർ.-യു.ജി. എൻട്രൻസിന് അപേക്ഷിച്ചപ്പോൾ കാറ്റഗറിയിൽ ഇ.ഡബ്ല്യു.എസ്. ഓപ്ഷൻ ശ്രദ്ധിച്ചില്ല. ഇത് അഡ്മിഷൻ സമയത്ത് തെളിയിച്ചാൽ മതിയോ? മറിച്ച്, അപേക്ഷ സമയത്ത് എന്തെങ്കിലും പിശക് പറ്റിയതാണ് എങ്കിൽ തിരുത്താൻ അവസരം ലഭിക്കുമ്പോൾ ഇത് തിരഞ്ഞെടുക്കാൻ സാധിക്കുമോ?
- സീന, എറണാകുളം
ഐ.സി.എ.ആർ. നടത്തുന്ന ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ (എ.ഐ.ഇ.ഇ.എ) യു.ജി.ക്ക് അപേക്ഷിക്കുന്ന വേളയിൽത്തന്നെ അപേക്ഷാർഥി തന്റെ റിസർവേഷൻ കാറ്റഗറി പൂരിപ്പിക്കണമെന്ന് പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ [ക്ലോസ് 4.1 (a) (പേജ് 9), 4.1 (b) (പേജ് 11)] വ്യക്തമാക്കിയിട്ടുണ്ട്. കാറ്റഗറിയിൽ ഏഴ് ഓപ്ഷനുകൾ ഉള്ളതിൽ ഒന്ന് ഇ.ഡബ്ല്യു.എസ്. ആണ്. അവകാശവാദങ്ങൾ തെളിയിക്കുന്ന ഒരു രേഖയും അപേക്ഷ നൽകുമ്പോൾ അപ് ലോഡ് ചെയ്യേണ്ടതില്ല.
അലോട്ട്മെന്റ് നൽകുന്നത് അപേക്ഷാർഥിയുടെ കാറ്റഗറികൂടി പരിഗണിച്ചാണ്. ഇ.ഡബ്ല്യു.എസ്. ഉൾപ്പടെ ഏതെങ്കിലും സംവരണ കാറ്റഗറി തിരഞ്ഞെടുക്കുന്നവർക്ക് അതിന്റെ അടിസ്ഥാനത്തിൽ ഒരു അലോട്ട്മെന്റ് ലഭിച്ചാൽ ബാധകമായ പിൻതുണ രേഖ പ്രവേശനവേളയിൽ ഹാജരാക്കേണ്ടതുണ്ട്.
അപേക്ഷ നൽകുന്ന വേളയിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾ മാത്രമേ അലോട്ട്മെന്റ് വേളയിൽ പരിഗണിക്കുകയുള്ളൂ. അപേക്ഷ നൽകിയ ശേഷം ഒരു അവകാശവാദവും ഉന്നയിക്കാൻ കഴിയില്ല. ഉന്നയിച്ചാലും പരിഗണിക്കില്ല.
അപേക്ഷയിലെ ചില ഫീൽഡുകളിലെ പിശകുകൾ തിരുത്താൻ അവസരം കിട്ടും. പുതിയ സമയക്രമം അനുസരിച്ച് അപേക്ഷിക്കാനുള്ള സമയപരിധിയായ ഏപ്രിൽ 30-ന് ശേഷം ആയിരിക്കും ഈ സൗകര്യം ലഭിക്കുക. കൃത്യമായ തീയതികൾ പിന്നാലെ അറിയിക്കും. മകൾ, ഇ.ഡബ്ല്യു.എസ്. അർഹതയുള്ള അപേക്ഷാർഥിയാണെങ്കിൽ കാറ്റഗറി ഫീൽഡിൽ മാറ്റം അനുവദിക്കുന്നപക്ഷം ആ സമയത്ത് കാറ്റഗറി ഇ.ഡബ്ല്യു.എസ്. ആക്കുക.
No comments:
Post a Comment