പ്ലസ്ടുവിന് കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ബി.ഫാം. പഠിക്കാമോ? പ്ലസ് ടുവിന് ബയോളജി പഠിച്ചിരിക്കണോ? പ്രവേശനം എങ്ങനെയാണ്?
-രാഹുൽ, പത്തനംതിട്ട
കേരളത്തിലെ 2020-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശന പ്രോസ്പെക്ടസ് പ്രകാരം ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളും മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജിയും പഠിച്ച് ഓരോന്നും പ്രത്യേകം ജയിച്ച്, പ്ലസ് ടു / തത്തുല്യ പരീക്ഷ ജയിച്ചവർക്ക് ബി.ഫാം. (ബാച്ച്‌ലർ ഓഫ് ഫാർമസി) പ്രവേശനത്തിന് അർഹതയുണ്ട്. ബയോളജി പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കുകയും പഠിക്കുന്ന കംപ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുണ്ടാവുകയും ചെയ്യുന്ന പക്ഷം നിങ്ങൾക്ക് ബി.ഫാം. പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷ ജയിക്കണം. പ്ലസ് ടു മാർക്ക് സംബന്ധിച്ച വ്യവസ്ഥയൊന്നുമില്ല.
പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ഒരു പേപ്പർ. രണ്ടര മണിക്കൂർ ദൈർഘ്യം. ഫിസിക്സിൽ നിന്നും 72-ഉം, കെമിസ്ട്രിയിൽ നിന്നും 48-ഉം പ്ലസ് ടു നിലവാരമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടമാകും. ഈ പേപ്പർ കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യപേപ്പർ തന്നെയാണ്. ഈ പേപ്പറിൽ കെമിസ്ട്രിയിൽ 192 ൽ (48x4) ലഭിക്കുന്ന മാർക്കിനെ 2.25 കൊണ്ട് ഗുണിക്കും. അപ്പോൾ കെമിസ്ട്രി മാർക്ക് 432 ലാകും. ഇത് ഫിസിക്സ് ഭാഗത്തെ മാർക്കിനോട് (പരമാവധി 288: 72 x 4) കൂട്ടും. അപ്പോൾ പരമാവധി മാർക്ക് 720 ആകും. ഈ മാർക്കിനെ മൂന്നിൽ രണ്ട് കൊണ്ട് ഗുണിച്ച്, മാർക്ക് 480-ൽ ആക്കും. ഇങ്ങനെ ലഭിക്കുന്ന ഇൻഡക്സ് മാർക്ക് പരിഗണിച്ചാണ് ബി.ഫാം. റാങ്ക് പട്ടിക തയ്യാറാക്കുക.
കേന്ദ്രീകൃത അലോട്ട്മെന്റ് വഴി പ്രവേശന പരീക്ഷാ കമ്മിഷണർ ഗവൺമന്റ് സീറ്റ് അലോട്ട്മെന്റ് നടത്തും. മുൻവർഷങ്ങളിലെ പ്രവേശന വിവരങ്ങൾക്ക് http://cee-kerala.org/ കാണണം.
No comments:
Post a Comment