ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയാൻ പ്രഖ്യാപിച്ച അടച്ചിടൽ തുടരുന്ന സാഹചര്യത്തിൽ 2020-’21 അധ്യയനവർഷത്തേക്കുള്ള സിലബസ് ലഘൂകരിക്കാൻ സി.ബി.എസ്.ഇ. ആലോചിക്കുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ബോർഡ് വൃത്തങ്ങൾ പറഞ്ഞു.
സിലബസ് ലഘൂകരിക്കാനുള്ള നടപടികൾ എൻ.സി.ഇ. ആർ.ടി. നേരത്തേ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
വരുന്ന അധ്യയനവർഷം വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ഒഴിവാക്കിയേക്കും. പരമാവധി സമയം അക്കാദമികപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണിത്. ആദ്യ ടേമിൽ ഇപ്പോഴുള്ളതുപോലെ അധ്യയനം നടത്താനും രണ്ടാമത്തെ ടേമിലേക്കുള്ള പാഠഭാഗങ്ങൾ കുറയ്ക്കാനുമാണ് ബോർഡ് ശ്രമിക്കുന്നത്.
സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായങ്ങൾ തേടിയതായും അവരുടെ നിർദേശങ്ങൾ അധികൃതർ പരിശോധിച്ചുവരുകയാണെന്നും ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. മുതിർന്ന അധ്യാപകരുമായി നടത്തിയ വെബിനാറിലാണ് സിലബസ് ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള സൂചന അധികൃതർ നൽകിയത്.
വിദ്യാർഥികളോട് അനുകമ്പയും സഹാനുഭൂതിയും ഉണ്ടായിരിക്കണമെന്നും അടച്ചിടൽമൂലം അവർ വിഷാദത്തിലേക്കും ഒറ്റപ്പെടലിലേക്കും പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധ്യാപകരോട് ബോർഡ് നിർദേശിച്ചു.
വീട്ടിൽ കഴിയുന്ന വിദ്യാർഥികളുമായി ആശയവിനിമയം നടത്തണമെന്നും അവരുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബോർഡ് പറഞ്ഞു.
Courtesy Mathrbhoomi
No comments:
Post a Comment