ഹ്യൂമാനിറ്റീസ് പ്ലസ്‌ടു കഴിഞ്ഞ് ഫൈൻ ആർട്സ് ബിരുദപഠനത്തിന് കേരളത്തിൽ എവിടെയൊക്കെ കോഴ്‌സുകളുണ്ട് ?
- അനിൽകുമാർ, തൃശ്ശൂർ
കേരളത്തിൽ സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള മൂന്ന് ഫൈൻ ആർട്സ് കോളേജുകളിൽ നാലുവർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) കോഴ്സുണ്ട്. കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം, രാജ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര (രണ്ടും കേരള സർവകലാശാല), കോളേജ് ഓഫ് ഫൈൻ ആർട്സ് തൃശ്ശൂർ (കോഴിക്കോട് സർവകലാശാല) എന്നിവയിൽ.
മൂന്നിലും പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട് എന്നീ സവിശേഷമേഖലകളുണ്ട്. തൃശ്ശൂരിൽ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് എന്ന സവിശേഷമേഖലയും ഉണ്ട്. പ്ലസ് ടു ആണ് പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസയോഗ്യത. പ്രായം 17-27 പരിധിയിൽ ആയിരിക്കണം.
തിരഞ്ഞെടുപ്പ്, പ്രവേശനപരീക്ഷ (എഴുത്തുപരീക്ഷയും, പ്രായോഗിക പരീക്ഷയും) അടിസ്ഥാനമാക്കിയാണ്. http://www.dtekerala.gov.in/-ൽ അഡ്മിഷൻസ് ലിങ്കിൽ ഉള്ള 2019-ലെ ബി.എഫ്.എ. പ്രോസ്പക്ടസ് പരിശോധിക്കുക.
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാല (കാലടി), ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) കോഴ്സ് നടത്തുന്നുണ്ട്. പെയിന്റിങ്, മ്യൂറൽ പെയിന്റിങ്, സ്കൾപ്ചർ എന്നീ സവിശേഷമേഖലകൾ ഉണ്ട്. പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 22 വയസ്സ്. അഭിരുചിപരീക്ഷ ഉണ്ടാകും. വിവരങ്ങൾക്ക്: https://ssus.ac.in/under-graduate
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, പെയ്ന്റിങ്, അപ്ലൈഡ് ആർട്ട്, സ്കൾപ്ചർ എന്നീ മേഖലകളിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് കോഴ്സ് നടത്തുന്നുണ്ട്. പ്ലസ് ടു യോഗ്യത വേണം. അഭിരുചി പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ട്. https://rIvcollege.com
No comments:
Post a Comment