പ്ലസ്ടു സയന്‍സ് കഴിഞ്ഞ് ബി.എസ്സി. അനസ്‌തേഷ്യാ ടെക്നോളജി പഠിക്കാന്‍! കേരളത്തില്‍ എവിടെയാണ് കോഴ്സുള്ളത്? നീറ്റ് യു.ജി. എഴുതണോ ?
കേരളത്തില് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനുവേണ്ടി എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് 2019 ലെ നഴ്സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സ് പ്രവേശനം നടത്തിയത്. അതിന്റെ പ്രോസ്പക്ടസ് പ്രകാരം ഈ പ്രവേശനപ്രക്രിയയില്‍ ബി.എസ്സി. അനസ്‌തേഷ്യാ ടെക്നോളജി കോഴ്സില്ല. എന്നാല്‍, പാരാമെഡിക്കല്‍ ഡിപ്ലോമ പ്രോഗ്രാം പ്രവേശന പ്രോസ്പക്ടസ് പ്രകാരം രണ്ടരവര്‍ഷത്തെ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യാ ടെക്നോളജി ഡിപ്ലോമ പ്രോഗ്രാം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുണ്ട്.സ്വാശ്രയമേഖലയില്‍ 16 സ്ഥാപനങ്ങളില്‍ ഈ ഡിപ്ലോമ പ്രോഗ്രാമുണ്ട്. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നുവിഷയങ്ങള്‍ക്കുംകൂടി മൊത്തത്തില്‍ 40 ശതമാനം മാര്‍ക്കുനേടി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഈ മൂന്നുവിഷയങ്ങള്‍ക്ക് കിട്ടിയ മൊത്തം മാര്‍ക്ക് പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.സ്വകാര്യമേഖലയില്‍ അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സസില്‍ കൊച്ചി ബി.എസ്സി. അനസ്‌തേഷ്യാ ടെക്നോളജി പ്രോഗ്രാം ലഭ്യമാണ്. സ്ഥാപനത്തിന്റെ പ്രവേശനപരീക്ഷയുണ്ട്. കേരളത്തിനുപുറത്ത് സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ ചില സ്ഥാപനങ്ങളില്‍ ഡിഗ്രി പ്രോഗ്രാമുണ്ട്. സര്‍ക്കാര്‍മേഖലയില്‍ ഋഷികേശ് (ബി.എസ്സി. അനസ്‌തേഷ്യാ ടെക്നോളജി), ഭുവനേശ്വര്‍ (ബി.എസ്‌സി. ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യോളജി ടെക്നോളജി), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്; പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ബി.എസ്‌സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് അനസ്‌തേഷ്യാ ടെക്നോളജി) എന്നിവയില്‍ പ്രോഗ്രാമുണ്ട്. നീറ്റ് യു.ജി. അടിസ്ഥാനമാക്കിയല്ല പ്രവേശനം. പ്രത്യേകം പ്രവേശനപരീക്ഷകള്‍ ഉണ്ട്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നിയന്ത്രിതമായ, താത്കാലികമായി ബോധം നഷ്ടമാകുന്ന അവസ്ഥയുമായി ബന്ധപ്പെട്ട പഠനമേഖലയാണ് അനസ്‌തേഷ്യാ ടെക്നോളജി. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നതിലും അവരെ നിരീക്ഷിക്കുന്നതിലും ഡോക്ടര്‍മാരെ സഹായിക്കുന്ന അനുബന്ധ ആരോഗ്യ പ്രൊഫഷണല്‍ ആണ് അനസ്‌ത്യേഷ്യാ ടെക്നീഷ്യന്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അനുബന്ധ ആരോഗ്യ പ്രൊഫഷണലുകള്‍ എന്നിവരുമൊത്തുപ്രവര്‍ത്തിക്കേണ്ട ഇവര്‍ അനസ്‌തേഷ്യാവകുപ്പിലും ഓപ്പറേഷന്‍ തിയേറ്ററുകളിലുമാണ് മുഖ്യമായും ജോലിചെയ്യേണ്ടിവരുക.
അതുകൊണ്ടുതന്നെ അനസ്‌തേഷ്യാവകുപ്പും ശസ്ത്രക്രിയാസംവിധാനങ്ങളുമുള്ള ആശുപത്രികളിലാണ് ജോലിയവസരങ്ങള്‍ ഉണ്ടാവുക. ആരോഗ്യമേഖല വളര്‍ന്നുവികസിക്കുന്ന ഈകാലഘട്ടത്തില്‍, ഈമേഖലയില്‍ യോഗ്യത നേടുന്നവര്‍ക്ക്, സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയവയില്‍ ജോലി ലഭിക്കാം.
No comments:
Post a Comment