ഓരോ എൻജിനിയറിങ് ബ്രാഞ്ചും പഠിക്കാൻ (ബി.ടെക്.) ഏതെല്ലാം കോളേജുകളിൽ അവസരമുണ്ട് എന്ന് പരിശോധിക്കാനുള്ള വെബ്സൈറ്റ് ഏതാണ്? -ഫിറോസ്, എറണാകുളം
ഓരോ എൻജിനിയറിങ് ബ്രാഞ്ചിന്റെയും ബി.ടെക്. പ്രോഗ്രാമുകൾ ഉള്ള രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും എല്ലാ വിവരങ്ങളും നേരിട്ടു നൽകുന്ന പൊതുവായ ഒരു വെബ്സൈറ്റ് ശ്രദ്ധയിൽ വന്നിട്ടില്ല. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ.) വെബ്സൈറ്റിൽ സംസ്ഥാനം തിരിച്ചുള്ള എൻജിനിയറിങ് കോളേജുകൾ, ഓരോന്നിലും ഉള്ള കോഴ്സുകൾ എന്നിവ ലഭ്യമാണ്.
www.aicte-india.org ലെ ‘സ്റ്റാറ്റിസ്റ്റിക്സ്’ എന്ന ലിങ്കിൽ, ‘എ.ഐ.സി.ടി.ഇ. അപ്രൂവ്ഡ് യൂണിവേഴ്സിറ്റീസ്/ഇൻസ്റ്റിറ്റ്യൂഷൻസ്’ എന്ന ഉപ ലിങ്കിൽ ഇത് കണ്ടെത്താം.
കേരളത്തിലെ എൻജിനിയറിങ് കോളേജുകളുടെ പട്ടിക, സർക്കാർ, സർക്കാർ/സർവകലാശാലാ നിയന്ത്രിതം, സ്വകാര്യ സ്വാശ്രയം എന്ന് തരംതിരിച്ച് പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്. ഓരോ കോളേജിനുനേരെയും അവിടെ ഏതൊക്കെ ബ്രാഞ്ചുകളിലെ ബി.ടെക്. പ്രോഗ്രാമുകൾ ഉണ്ട് എന്നും നൽകിയിട്ടുണ്ട്. 2020-ലെ പ്രോസ്പക്ടസ് http://cee-kerala.org യിൽ കീം 2020 എന്ന ലിങ്കിൽ കിട്ടും. https://cee.kerala.gov.in ൽ ‘കീം 2020 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്ക് വഴിയും പ്രോസ്പക്ടസ് കിട്ടും.
കേരളത്തിൽ, ബ്രാഞ്ചു തിരിച്ച് കോളേജ് ലഭ്യത മനസ്സിലാക്കാൻ, കഴിഞ്ഞവർഷത്തെ അലോട്ട്മെന്റിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അവസാനറാങ്ക് പട്ടിക പരിശോധിക്കാവുന്നതാണ്. ഇതിൽ ഓരോ ബ്രാഞ്ചിലെയും ഗവൺമെന്റ് (ജി), സർക്കാർ സ്വാശ്രയം (എൻ), സ്വകാര്യ സ്വാശ്രയം (എസ്) എന്നീ വിഭാഗങ്ങളിലെ കോളേജുകളും അലോട്ട്മെന്റിനു ശേഷമുള്ള അവസാനറാങ്ക് നിലയും നൽകിയിട്ടുണ്ട്.
http://cee-kerala.org ൽ കീം 2019 അലോട്ട്മെന്റ് ഡീറ്റെെൽസ്-ൽ 2019 ജൂലായ് 17-നു പ്രസിദ്ധപ്പെടുത്തിയ ലാസ്റ്റ് റാങ്ക് പട്ടിക പ്രകാരം കമ്മിഷണറുടെ അലോട്ട്മെന്റിൽ, അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബി.ടെക്. പ്രോഗ്രാം, രണ്ടു സർക്കാർ വിഭാഗം കോളേജുകളിലും ഒരു സർക്കാർ നിയന്ത്രിതത്തിലും ഒമ്പത് സ്വകാര്യ സ്വാശ്രയത്തിലും ഉണ്ട്. ഇപ്രകാരം മറ്റു ബ്രാഞ്ചുകളുടെയും ലഭ്യത കണ്ടുപിടിക്കാം.
അഖിലേന്ത്യാ തലത്തിൽ ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന ബി.ടെക്./ബി.ഇ. അലോട്ട്മെന്റിന്റെ സീറ്റ് ലഭ്യത സംബന്ധിച്ച വിവരങ്ങൾ https://josaa.nic.in ൽ ‘സീറ്റ് മട്രിക്സ്’ ലിങ്കിൽ ലഭ്യമാണ്. ഐ.ഐ.ടി,. എൻ.ഐ.ടി., ഐ.ഐ.ഐ.ടി., ഗവൺമന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഇതിന്റെ പരിധിയിൽ വരുന്നത്.
ഐ.ഐ.ടി.കളിലെ വിവിധ ബ്രാഞ്ച് ലഭ്യത സംബന്ധിച്ച വിവരം https://jee adv.ac.in ലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. കെമിക്കൽ എൻജിനിയറിങ് 15-ഉം സിവിൽ 19-ഉം ഐ.ഐ.ടി.കളിൽ ഉണ്ട്. ഇവയൊക്കെ പരിശോധിക്കുക.
No comments:
Post a Comment