Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 21 April 2020

Study Abroad

*കോവിഡ് കാലത്തെ വിദേശപഠന ആശങ്കകള്‍*

***** ***** *******

ഉന്നതവിദ്യാഭ്യാസമേഖല കോവിഡ് 19-ൽനിന്ന് മുക്തമല്ല. വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ ഒന്നിക്കുന്ന സ്ഥലം എന്ന നിലയിൽ ലോകത്തെ സർവകലാശാലകളും കോളേജുകളും ജാഗ്രതയിലാണ്. കേരളത്തിലെ വിദ്യാർഥികളിൽ ഒട്ടേറെ പേർ ഈ വർഷവും ഉന്നതവിദ്യാഭ്യാസത്തിനായി ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ പ്രവേശനം കരസ്ഥമാക്കിയിട്ടോ അപേക്ഷിക്കാൻ തയ്യാറായിട്ടോ നിൽക്കുന്നവരുണ്ട്. മികച്ച സർവകലാശാലകളിലെ പഠനവും അതിലൂടെ ശോഭനമായ ഭാവിയും ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും കോവിഡ് സമ്മാനിക്കുന്നത് വലിയ ആശങ്കകളാണ്. 

*അക്കാദമിക് മേഖല*

കോവിഡ്-19 ന്റെ പശ്ചാതലത്തിൽ പ്രവേശന നടപടികൾ, സെമസ്റ്റർ തുടങ്ങുന്നത് എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ചർച്ചകൾ അക്കാദമിക് രംഗത്തുനിന്ന് ഉയർന്നുവരുന്നുണ്ട്.

*ഒന്ന്:* ആദ്യ സെമസ്റ്റർ (മിക്കവാറും സെപ്റ്റംബറിൽ ആരംഭിക്കുന്നത്) പൂർണമായും ഓൺലൈൻ പഠനമാക്കി രണ്ടാമത്തെ സെമസ്റ്ററിനു (ജനുവരിയിലോ മറ്റോ തുടങ്ങുന്ന) മാത്രം വിദ്യാർഥികൾ കാമ്പസിൽ എത്തുന്ന ക്രമീകരണം.

*രണ്ട്:* സെപ്റ്റംബർ സെമസ്റ്റർ പൂർണമായി ഒഴിവാക്കി ജനുവരിയിൽ ആദ്യ സെമസ്റ്റർ തുടങ്ങുകയും പിന്നീട് വേനൽക്കാല അവധിയെ രണ്ടാംസെമസ്റ്റിനു മാറ്റിവെക്കുകയും ചെയ്യുക.

ഇതിൽ ഒന്നാമത്തേതിനാണ് കൂടുതൽ സ്വീകാര്യത. ജൂൺ-ജൂലായ് മാസങ്ങളോടെ കോവിഡ് കുറഞ്ഞു തുടങ്ങിയാൽത്തന്നെ കേരളത്തിൽനിന്നുൾപ്പെടെ പോകുന്ന വിദ്യാർഥികളെ കാര്യമായി ബാധിക്കും. കാരണം സെപ്റ്റംബറിന് മുമ്പ് യാത്രാവിലക്കുകൾ നീങ്ങിയിട്ടുണ്ടാകുമോ എന്ന് പറയാൻ കഴിയില്ല. വിസ പ്രോസസിങ്, ടിക്കറ്റ് ബുക്കിങ് എന്നിവയിൽ വ്യക്തതയുണ്ടാവില്ല. പാശ്ചാത്യ സർവകലാശാലകളിൽ ധാരാളമായി ഏഷ്യയിൽനിന്ന് കുട്ടികൾ പഠിക്കാൻ പോകുന്നതുകൊണ്ട് ഇത് ഇന്ത്യക്കാരെമാത്രം ബാധിക്കുന്ന കാര്യവുമല്ല.

അതിനാൽ പ്രവേശനംനേടിയ സർവകലാശാല നിങ്ങളോടു വിസ എടുക്കാനും സെപ്റ്റംബറിലെ യാത്രയ്ക്ക് തയ്യാറെടുക്കാനും നിർദേശിച്ചാൽ കരുതലോടെ നീങ്ങുക. ഏറ്റവുംനല്ല വഴി അതേ കോഴ്സിന് ചേർന്നവരെ ഓൺലൈനായോ സോഷ്യൽ മീഡിയ വഴിയോ കണ്ടെത്തി കൂട്ടായി തീരുമാനത്തിൽ എത്തുക. സർവകലാശാലയ്ക്ക് സ്വന്തം സാഹചര്യം വിശദീകരിച്ച് ഇ-മെയിൽ അയക്കാവുന്നതാണ്. അന്താരാഷ്ട്ര വിദ്യാർഥി സമൂഹം ഏതൊരു വിദേശ സർവകലാശാലയുടെയും നെടുംതൂണാണ്. അതിനാൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം ഒരു സർവകലാശാലയും എടുക്കില്ലെന്ന് ഉറപ്പിക്കാം.

*അസാധാരണ നടപടികൾ വേണ്ടിവരും*

കോവിഡ് ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് അധ്യയനമേഖല, ബിരുദത്തിന്റെ സ്വഭാവം എന്നിവ അനുസരിച്ചു വലിയ വ്യത്യാസങ്ങൾ ഉണ്ട്. ഉന്നതവിദ്യാഭ്യാസത്തെ നമുക്ക് രണ്ടായി തിരിക്കാം. ക്ലാസ്റൂം, ലബോറട്ടറി/ക്ലിനിക്കൽ ശിക്ഷണത്തിൽ ഊന്നുന്ന പാഠ്യബിരുദങ്ങൾ (എം.ബി.എ., എം.എസ്സി. എന്നിവയടക്കം) എന്നും ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന ഗവേഷണബിരുദങ്ങൾ (മുഖ്യമായും എംഫിൽ., എം.എസ്., പിഎച്ച്.ഡി. എന്നിവ) എന്നും.

പാഠ്യബിരുദങ്ങൾ (കൂടുതലായും മാസ്റ്റേഴ്സ് ബിരുദങ്ങൾ): ക്ലാസ്റൂം കേന്ദ്രീകൃതമായ പഠനത്തിൽ ഊന്നുന്നവയിൽ ഗണിതം, സാമ്പത്തികം, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ്, സാമൂഹികശാസ്ത്രം, ചരിത്രം എന്നതൊക്കെ ഉൾപ്പെടുന്നു. അവയൊക്കെ ഒരു പരിധിവരെ ആദ്യ സെമസ്റ്ററിൽ ഫലപ്രദമായി ഓൺലൈൻ സേവനങ്ങളിലൂടെ ലഭ്യമാക്കാൻ സർവകലാശാലകൾക്ക് സാധിക്കും.

അതേസമയം, ലബോറട്ടറി/ക്ലിനിക്കൽ സൗകര്യങ്ങൾ അടിസ്ഥാനമാക്കുന്ന അനേകം വിഷയങ്ങൾ ഉള്ളവയാണ് രസതന്ത്രം, വൈദ്യശാസ്ത്രം, നഴ്സിങ്, ബയോളജി, ജ്യോതിശ്ശാസ്ത്രം എന്നിവ. പല എൻജിനിയറിങ് ശാഖകൾക്കും ലബോറട്ടറി ഉപയോഗം നിർബന്ധമാണ്. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുകൊണ്ട് ചിലർ ലബോറട്ടറി പരീക്ഷണങ്ങൾക്കു പകരം അതേവിഷയങ്ങൾ പഠിപ്പിക്കാൻ ഓൺലൈൻ മാർഗങ്ങൾ അവലംബിക്കാൻ നോക്കുന്നുണ്ട്.

കൂടാതെ പാഠ്യപദ്ധതി പുനഃക്രമീകരിച്ചു ലബോറട്ടറി/ക്ലിനിക്കൽ വിഷയങ്ങൾ ജനുവരിയിൽ തുടങ്ങുന്ന രണ്ടാംസെമസ്റ്ററിലേക്കു മാറ്റുകയും മറ്റുള്ളവ ഓൺലൈൻ ആയി സെപ്റ്റംബറിൽത്തന്നെ തുടങ്ങുന്ന രീതിയും ആലോചിക്കുന്നു. ഇതിലെല്ലാം തീരുമാനമാകാൻ ദിവസങ്ങളെടുക്കും. വിവിധ സർവകലാശാലകൾ പലരീതികൾ തിരഞ്ഞെടുക്കും. പ്രവേശനം നേടിയവർ, പ്രത്യേകിച്ച് ലബോറട്ടറി/ക്ലിനിക്കൽ അനുബന്ധ വിഷയങ്ങൾ തിരഞ്ഞെടുത്തവർ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് നിരീക്ഷിക്കുക.

*ഗവേഷണ ബിരുദങ്ങൾ:* ഗവേഷണബിരുദങ്ങളിൽ ചിലപ്പോൾ പ്രവേശനം ഒരു സെമസ്റ്റർ നീട്ടിവെക്കാം. ഗവേഷണ ബിരുദങ്ങൾ കൃത്യമായി അക്കാദമിക് വർഷം പാലിക്കാറില്ല എന്നതുകൊണ്ട് ഒരു സെമസ്റ്റർ മാത്രമായി നീട്ടിവെക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇതിലേക്ക് പ്രവേശനം നേടിയവർ കൂടുതലും ഫണ്ടിങ് കരസ്ഥമാക്കിയിട്ടുണ്ടാവും- ഇത് ശ്രദ്ധിക്കണം.

ഫണ്ടിങ്- പ്രോജക്റ്റ്, സർക്കാർ സ്കീം എന്നിവയിൽ ഏതാണെങ്കിലും മുൻനിശ്ചിത കാലയളവിൽ മാറ്റംവരുത്തുന്നത് എളുപ്പമാവണമെന്നില്ല. അത്തരം ആശങ്കകൾ പരിഹരിക്കാൻ പ്രവേശനംനേടിയവർ അവരുടെ നിശ്ചയിച്ച ഉപദേഷ്ടാവിനെയോ ഓഫർ ലെറ്ററിൽ ഒപ്പിട്ടുള്ള ആളെയോ ബന്ധപ്പെട്ടു കാര്യങ്ങൾ അന്വേഷിക്കുന്നത് നല്ലതാണ്.

*വേണം പ്ലാൻ ബി*

കോവിഡ് ലോകംമുഴുവൻ ബാധിച്ച സാഹചര്യത്തിൽ സർവകലാശാലകളും കോളേജുകളും അനുകമ്പയോടെയുള്ള സമീപനം സ്വീകരിക്കുമെന്നതിനാൽ വിദേശത്തെ ഉപരിപഠനത്തിന്റെ കാര്യത്തിൽ അതിയായ ആശങ്കയ്ക്ക് സ്ഥാനമില്ല. പ്രവേശനം നേടാത്തവർ കോവിഡിന് ശേഷം അപേക്ഷിക്കുമ്പോൾ പ്രക്രിയയുടെ വേഗം കൂടുതലായിരിക്കാം. താത്പര്യമുള്ള സ്ഥലത്ത് പ്രവേശനം കിട്ടിയില്ലെങ്കിൽ ഉടനെത്തന്നെ മറ്റൊരിടത്ത് അതേവർഷം പ്രവേശനംനേടാൻ പലർക്കും സാധിക്കാറുണ്ട്. അതിനുള്ള സാവകാശം ഈ വർഷം ലഭിക്കണമെന്നില്ല.

അതുകൊണ്ട് വർഷം നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കണം. പഠിക്കാൻ ഉദ്ദേശിക്കുന്ന വിഷയത്തിൽ കേരളത്തിലോ പുറത്തോ ഉള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം. പല സ്ഥാപനങ്ങളും അപേക്ഷാ നടപടികൾ തുടങ്ങിയിട്ടുണ്ട്. മാസ്റ്റേഴ്സ് ഇന്ത്യയിൽ ചെയ്താലും പിഎച്ച്.ഡി. ഉൾപ്പെടെയുള്ള മറ്റ് കോഴ്സുകൾക്ക് വിദേശത്തേക്ക് പോകാം. ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ ഉന്നത വിജയം കൈവരിക്കുന്നവർക്കു വിദേശത്തു തുടർന്ന് പഠിക്കാനോ ജോലിലഭിക്കാനോ ഉള്ള അവസരങ്ങൾ കൂടുതലാണെന്ന് ഓർക്കുക.

*(ഡോ. ദീപക് പദ്‌മനാഭൻ, യു.കെ.യിലെ ക്വീൻസ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് അധ്യാപകനാണ് ലേഖകൻ)*

No comments:

Post a Comment