നീറ്റ് യു.ജി. 2020 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. നീറ്റ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ കൂടുതൽ പരിഗണിക്കുന്നത് ഏത് വിഷയത്തിലെ സ്‌കോർ ആണ് ?
-ആനന്ദ്, തൃശ്ശൂർ
പരീക്ഷയിലെ ചോദ്യങ്ങളിൽ കൂടുതൽ വെയിറ്റേജ് ബയോളജിക്കാണ്. മൊത്തമുള്ള 180 ചോദ്യങ്ങളിൽ 90 എണ്ണം ബോട്ടണി, സുവോളജി എന്നിവയിൽനിന്നാകും. അതായതു പരീക്ഷയുടെ പകുതി മാർക്ക് ഈ വിഷയത്തിൽനിന്നുമുള്ള ചോദ്യത്തിനാകും. ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്നും 45 വീതം ചോദ്യങ്ങൾ ഉണ്ടാകും. പരമാവധി മാർക്കായ 720-ൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ചാണ് റാങ്ക് നിർണയിക്കുക.
റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ഒന്നിൽ കൂടുതൽ പേർക്ക് ഒരേ മാർക്ക്/പെർസന്റൈൽ സ്കോർ വരാനുള്ള സാധ്യത ഉണ്ട്. അങ്ങനെ വരുമ്പോൾ, ടൈ- ബ്രേക്കിങ് ചട്ടം ബാധകമാക്കും. അതനുസരിച്ച് ബയോളജി (ബോട്ടണിയും സുവോളജിയും) ഭാഗത്ത് ഉയർന്ന മാർക്ക്/പെർസന്റൈൽ സ്കോർ കിട്ടുന്ന ആൾക്ക് ഉയർന്ന റാങ്ക് നൽകും. തുല്യത തുടർന്നാൽ, കെമിസ്ട്രിയിൽ ഉയർന്ന മാർക്ക്/
പൈർസന്റൈൽ സ്കോർ കിട്ടുന്ന ആളിനും. അതുവഴിയും തുല്യത മാറുന്നില്ലെങ്കിൽ, മൊത്തം രേഖപ്പെടുത്തിയ ഉത്തരങ്ങളിൽ തെറ്റിച്ചതിന്റെ മൊത്തം എണ്ണവും ശരിയായ ഉത്തരങ്ങളുടെ മൊത്തം എണ്ണവും തമ്മിലുള്ള അനുപാതം കുറവായ ആൾക്കും ഉയർന്ന റാങ്ക് കിട്ടും. എന്നിട്ടും ടൈ മാറുന്നില്ലെങ്കിൽ പ്രായം കൂടിയ ആളിനായിരിക്കും ഉയർന്ന റാങ്ക് നൽകുക. അപ്പോൾ ഇവിടെ ബയോളജിയിലെ മാർക്കിനാണ് ഉയർന്ന പരിഗണന. പിന്നെ കെമിസ്ട്രിയുടേതിനും.
മൂന്നു വിഷയങ്ങൾക്കും നല്ല രീതിയിൽ ചിട്ടയായി തയ്യാറെടുക്കുക. ഫിസിക്സിൽ, ക്രിയ ചെയ്ത് ഉത്തരം കണ്ടുപിടിക്കേണ്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇതിന് പരമാവധി പരിശീലനം നേടണം. ഈ ഭാഗത്തെ മികച്ച സ്കോർ റാങ്ക് നിർണയത്തിൽ വലിയൊരു പങ്കു വഹിക്കാം. ഏതു വിഷയത്തിൽകൂടിയായാലും നേടുന്ന ഓരോ മാർക്കിനും റാങ്ക് നിർണയത്തിൽ പ്രാധാന്യമുണ്ടെന്ന കാര്യം ഓർത്തിരിക്കുക. നെഗറ്റീവ് മാർക്ക് രീതി ഉള്ളതിനാൽ ഉത്തരം തെറ്റിച്ച് മാർക്ക് നഷ്ടപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ടൈ വരുമ്പോൾ ഒരു ഘട്ടത്തിൽ ഇത് നിർണായകമാകാം.
https://english.mathrubhumi.com/education/help-desk /ask-expert
Courtesy Mathrbhoomi
No comments:
Post a Comment