പ്ലസ് ടു വിദ്യാർഥിനിയാണ്. നീറ്റ്, ഐ.സി.എ.ആർ. വഴി ലഭിക്കുന്ന അഗ്രിക്കൾച്ചർ കോഴ്‌സും സാധാരണ ബി.എസ്‌സി. അഗ്രിക്കൾച്ചർ കോഴ്സും തമ്മിലുള്ള വ്യത്യാസവും സാധ്യതകളും കോളേജുകളും വ്യക്തമാക്കാമോ ? - മീനാക്ഷി, തിരുവനന്തപുരം
ബി.എസ്‌സി. അഗ്രിക്കൾച്ചർ എന്ന പേരിൽ രണ്ടുതരം കോഴ്‌സുകൾ ഇല്ല. അംഗീകൃത കേന്ദ്ര കാർഷികസർവകലാശാലകളും സംസ്ഥാന കാർഷികസർവകലാശാലകളുമാണ് നാലുവർഷം ദൈർഘ്യമുള്ള ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്‌സ് നടത്തുന്നത്. അടുത്ത കാലത്തായി ചില കല്പിത സർവകലാശാലകളിലും ഈ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള അഗ്രിക്കൾച്ചർ കോളേജുകളിലാണ് (വെള്ളായണി, വെള്ളാനിക്കര, കാസർകോട്, അമ്പലവയൽ) ഈ കോഴ്‌സ് നടത്തുന്നത്. കേരള പ്രവേശനപരീക്ഷാ കമ്മിഷണറാണ് ഇതിലെ ഭൂരിപക്ഷം സീറ്റിലും പ്രവേശനം നൽകുന്നത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.യിൽ 720- ൽ 20 മാർക്ക് നേടുകയും പ്രവേശന പരീക്ഷാ കമ്മിഷണർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് അപേക്ഷ നൽകുകയും ചെയ്തവരെ ഈ കോഴ്സ് ഉൾെപ്പടെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് തയ്യാറാക്കുന്ന റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും.
കേരളത്തിൽ അമ്പലവയൽ ഒഴികെയുള്ള കോളേജുകളിൽ ഈ പ്രോഗ്രാമിലെ 15 സീറ്റ് നികത്തുന്നത് ഐ.സി.എ.ആർ. - എൻ.ടി.എ. അഗ്രിക്കൾച്ചർ യു.ജി. അഖിലേന്ത്യാ പരീക്ഷയിൽ കൂടിയാണ്. ഈ പരീക്ഷയുടെ പരിധിയിൽവരുന്ന അഗ്രിക്കൾച്ചർ, അനുബന്ധകോഴ്സുകളുള്ള 59- ൽപ്പരം സർവകലാശാലകളുടെ പട്ടിക https://icar.nta.nic.in ൽ ഉള്ള എ.ഐ.ഇ.ഇ.എ. (യു.ജി) 2020 ബുള്ളറ്റിൻ അനുബന്ധം XVI ലും അതിന് പിന്നീട് വരുത്തിയ ഭേദഗതിയിലുമായി നൽകിയിട്ടുണ്ട്. ഈ കോഴ്‌സുള്ള സർവകലാശാലകളുടെ അന്തിമപട്ടിക കൗൺസലിങ് സമയത്ത് പ്രസിദ്ധപ്പെടുത്തും.
ബാച്ചിലർ ബിരുദത്തിനുശേഷം മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി. പഠന അവസരങ്ങളുണ്ട്. യോഗ്യതയ്ക്കനുസരിച്ച് കേന്ദ്ര/സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കൃഷി, അനുബന്ധവകുപ്പുകൾ, ഐ.സി.എ.ആർ. സ്ഥാപനങ്ങൾ/ഗവേഷണസ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന കാർഷിക സർവകലാശാലകൾ, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവയിലൊക്കെ തൊഴിലവസരങ്ങൾ ഉണ്ട്. ഐ.സി.എ.ആർ. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാൽ പ്രോജക്ടുകളിൽ പ്രവർത്തിക്കുവാനും അവസരംകിട്ടാം.
No comments:
Post a Comment