ദിനകരൻ കൊമ്പിലാത്ത്
കണ്ണൂർ
: രാജ്യത്തെ ഫാർമസി കോളേജുകളിലെ കോഴ്‌സുകളുടെ അംഗീകാരത്തിന് എ.ഐ.സി.ടി.ഇ.യും (ഓൾ ഇന്ത്യാകൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ) ഫാർമസി കൗൺസിൽഓഫ് ഇന്ത്യയും (പി.സി.ഐ.) ചേർന്നുള്ള ഇരട്ടനിയന്ത്രണം സുപ്രീംകോടതി എടുത്തുകളഞ്ഞു. മാർച്ച് അഞ്ചിലെ വിധിയിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് മാത്രമായിരിക്കും പരമാധികാരമെന്നും വ്യക്തമാക്കി.
ഫാർമസി ആക്ട് 1948-ലാണ് നിലവിൽവന്നത്. അതേസമയം, 1987-ൽ മാത്രമാണ് എ.ഐ.സി.ടി.ഇ. ആക്ട് ഉണ്ടാവുന്നത്. അന്നുമുതൽ ഫാർമസി കോഴ്‌സുകളും കോളേജുകളും എ.ഐ.സി.ടി.ഇ.യുടെ കീഴിലായി. ഇതിനെതിരേ പി.സി.ഐ. നൽകിയ കേസിലാണ് വിധി.
ഫാർമസി കോഴ്‌സുകൾ എൻജിനിയറിങ് പോലെ സാങ്കേതിക കോഴ്‌സുകൾ അല്ലെന്നും എ.ഐ.സി.ടി.ഇ.യുടെ കീഴിൽ വരേണ്ടതല്ലെന്നുമാണ് പി.സി.ഐ. വാദിച്ചത്.
എ.ഐ.സി.ടി.ഇ. അംഗീകാരത്തിന് പലപ്പോഴും കടുത്ത നിബന്ധനകൾ ബാധകമാണ്. അതിനാൽ പുതിയ സ്വകാര്യഫാർമസി കോളേജുകൾക്ക് കോഴ്‌സുകൾ തുടങ്ങാൽ തടസ്സമുണ്ടാവാറുണ്ട്. കഴിഞ്ഞവർഷം എ.ഐ.സി.ടി.ഇ.യുടെ അംഗീകാരം ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തെ സർക്കാർകോളേജുകൾ ഉൾപ്പെടെ മുഴുവൻ ഫാർമസി കോളേജുകളിലെയും ഡിപ്ലോമ കോഴ്‌സുകൾ താത്കാലികമായി മുടങ്ങിയിരുന്നു. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ സ്ഥിതിയുണ്ടായിരുന്നു.
അതേസമയം ഫാർമസി കോളേജുകൾ എ.ഐ.സി.ടി.ഇ.ക്ക് കീഴിൽ വരുമ്പോൾ വിദ്യാർഥികൾക്കും സ്ഥാപനത്തിനും നേട്ടമുണ്ട്. കേന്ദ്രമാനവശേഷി വകുപ്പ് എ.ഐ.സി.ടി.ഇ.ക്ക് 4000 കോടിരൂപയോളം വിദ്യാഭ്യാസ വികസനഫണ്ട് നൽകുന്നുണ്ട്. ഇതിൽ ഒരുവിഭാഗം ഫാർമസി കോളേജുകളുടെ വികസനത്തിനും വിദ്യാർഥികളുടെ സ്കോളർഷിപ്പ് ഉൾപ്പടെ മറ്റു കാര്യങ്ങൾക്കും ലഭിക്കും. ഇനി അത് ലഭിക്കില്ല. അതേസമയം ഫണ്ട് നഷ്ടപ്പെടില്ലെന്നും അത് പി.സി.ഐ. വഴി വിതരണംചെയ്യണമെന്നുമാണ് പി.സി.ഐ.യുടെ ആവശ്യം.
ഡിപ്ലോമാ ഇൻ ഫാർമസി, ബിഫാം, ബിഫാം പ്രാക്റ്റിക്കൽ, എം.ഫാം, ഫാംഡി തുടങ്ങിയ കോഴ്‌സുകൾക്കാണ് ഇനി എ.ഐ.സി.ടി.ഇ. അംഗീകാരം ആവശ്യമില്ലാത്തത്. അതേസമയം, എ.ഐ.സി.ടി.എയുടെ അംഗീകാരം ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ലെന്ന് എ.ഐ.സി.ടി.ഇ. അറിയിച്ചിട്ടുണ്ട്.
Courtesy Mathrbhoomi
No comments:
Post a Comment