പ്ലസ്‌ടു ബയോളജി -മാത്തമാറ്റിക്സ് പഠിക്കുന്നു. ന്യൂഡൽഹിയിലെ നിഫ്റ്റിൽ പഠിക്കാൻവേണ്ട യോഗ്യത എന്താണ്? പ്രവേശനം എങ്ങനെയാണ്? വിദേശത്ത് പ്ലേസ്‌മെന്റ് ലഭിക്കുമോ?
-അനഘ, എറണാകുളം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ (നിഫ്റ്റ്) ന്യൂഡൽഹി, കണ്ണൂർ ഉൾപ്പെടെയുള്ള 16 കേന്ദ്രങ്ങളിലേക്ക് ഒരു പൊതുപ്രവേശനപരീക്ഷ വഴിയാണ് ബിരുദപ്രോഗ്രാം പ്രവേശനം നടത്തുന്നത്. ബിരുദതലത്തിൽ രണ്ടു പ്രോഗ്രാമുകളാണുള്ളത്. ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) (ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, ആക്സസറി ഡിസൈൻ, ടെക്‌സ്റ്റൈൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ) പ്രോഗ്രാം പ്രവേശനത്തിന് പ്ലസ്‌ടു/തത്തുല്യ പരീക്ഷ ഏതു സ്ട്രീമിൽനിന്നും ജയിച്ചവർക്കും അപേക്ഷിക്കാം.
ബാച്ചിലർ ഓഫ് ഫാഷൻ ടെക്‌നോളജി (അപ്പാരൽ പ്രൊഡക്‌ഷൻ) പ്രവേശനത്തിന് പ്ലസ്‌ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. ഉയർന്ന പ്രായപരിധി അപേക്ഷ ക്ഷണിക്കുന്ന വർഷം (പ്രവേശനവർഷത്തിന്റെ തലേവർഷം) ഒക്ടോബർ ഒന്നിന് 23 വയസ്സാണ്. 2020 പ്രവേശനത്തിന് അപേക്ഷാസമർപ്പണം 2019 ഒക്ടോബർ 23 മുതൽ 31 വരെയായിരുന്നു. പ്രായം കണക്കാക്കിയിരുന്നത് 2019 ഒക്ടോബർ ഒന്നു വെച്ചാണ്.
ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനപരീക്ഷയ്ക്ക് ആദ്യഘട്ടത്തിൽ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റും ജനറൽ എബിലിറ്റി ടെസ്റ്റും. ഇവയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ സിറ്റുവേഷൻ ടെസ്റ്റും ഉണ്ടാകും.
ബാച്ചിലർ ഓഫ് ഫാഷൻ ടെക്‌നോളജി പ്രവേശനം ജനറൽ എബിലിറ്റി ടെസ്റ്റ് വഴിയാണ്. പരീക്ഷകളുടെ ഘടന, നിഫ്റ്റ് കേന്ദ്രങ്ങൾ, ഓരോ കേന്ദ്രത്തിലുമുള്ള പ്രോഗ്രാമുകൾ എന്നിവയറിയാൻ: https://applyadmission.net/nift2020/
പ്ലേസ്‌മെന്റ് സംബന്ധിച്ച വിശദാംശങ്ങൾ https://nift.ac.in/placements ൽ ലഭിക്കും. കേന്ദ്രീകൃത പ്ലേസ്‌മെന്റ് രീതിയാണ്. ഓൺ കാമ്പസ് പ്ലേസ്‌മെന്റ്, പ്രീ- പ്ലേസ്‌മെന്റ് ഓഫർ എന്നീ രണ്ടുരീതികളിൽ പ്ലേസ്‌മെന്റ് ലഭിക്കാം. മൾട്ടി നാഷണൽ കമ്പനികൾ/ഗ്ലോബൽ ഫാമുകൾ ഉൾപ്പടെയുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. മുൻവർഷങ്ങളിലെ റിക്രൂട്ടർമാരുടെ പട്ടിക നൽകിയിട്ടുള്ളത് പരിശോധിക്കുക.
Courtesy Mathrbhoomi
No comments:
Post a Comment