നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ചു. എന്നാൽ, കേരളത്തിലെ കീം അപേക്ഷ നൽകാൻ കഴിഞ്ഞില്ല. എന്നെ കേരളത്തിലെ എം.ബി.ബി.എസ്. പ്രവേശനത്തിനു പരിഗണിക്കുമോ? കീമിന് അപേക്ഷിക്കാൻ ഇനിയും അവസരമുണ്ടാകുമോ? -നവ്യ, കണ്ണൂർ
നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ച് യോഗ്യത നേടുന്ന ഒരാളെ, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണർ വഴിയുള്ള എം.ബി.ബി.എസ്. പ്രവേശനത്തിന് പരിഗണിക്കണമെങ്കിൽ കീം 2020 പ്രവേശനത്തിനുള്ള അപേക്ഷ യഥാസമയം നൽകിയിരിക്കണം. കീം 2020-ന് അപേക്ഷ നൽകേണ്ട സമയം കഴിഞ്ഞു. അപേക്ഷ നൽകാത്തതിനാൽ നിലവിലെ സ്ഥിതിയിൽ ഈ പ്രക്രിയ വഴിയുള്ള കേരളത്തിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് നിങ്ങളെ പരിഗണിക്കില്ല.
കീമിന് ഇനിയും അപേക്ഷിക്കാൻ അവസരം ലഭിക്കണമെങ്കിൽ സർക്കാർ ആ രീതിയിൽ ഒരു തീരുമാനം എടുക്കണം. അങ്ങനെ തീരുമാനം എടുത്താൽ പ്രവേശന പരീക്ഷാ കമ്മിഷണർ https://cee.kerala.gov.in/ , http://www.cee-kerala.org/ എന്നിവ വഴി അത് അറിയിക്കും. അതിനാൽ വെബ് സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കുക. അനുമതി ലഭിച്ചാൽ യഥാസമയം അപേക്ഷിക്കുക.
കീം അപേക്ഷ നൽകാത്തവർക്കും ഓൾ ഇന്ത്യ ക്വാട്ട വഴി കേരളത്തിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് അവസരമുണ്ട്. സർക്കാർ മെഡിക്കൽ/െഡന്റൽ കോളേജുകളിലെ 15 ശതമാനം എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്കാണ് ഓൾ ഇന്ത്യ ക്വാട്ട വഴിയുള്ള അലോട്ട്മെന്റ്. നീറ്റ് യു.ജി. യോഗ്യത കിട്ടിയാൽ ഇതിൽ പങ്കെടുക്കാം. നീറ്റ് ഫലപ്രഖ്യാപനത്തിനുശേഷം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) ഇതു സംബന്ധിച്ച അലോട്ട്മെന്റ് പ്രക്രിയ നടത്തും. അപ്പോൾ, അതിന് രജിസ്റ്റർ ചെയ്ത് ചോയ്സ് നൽകി പ്രക്രിയയിൽ പങ്കെടുക്കുക.
Courtesy Mathrbhoomi
No comments:
Post a Comment