കേരളത്തിൽ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം കിട്ടാൻ പ്ലസ് ടുവിന് എത്രശതമാനം മാർക്കുവേണം? പ്രവേശനത്തിന് പ്രായപരിധി ഉണ്ടോ? കേരളത്തിനുപുറത്ത് ഡിഗ്രി നഴ്‌സിങ് പഠിക്കാൻ പറ്റിയ നല്ലസ്ഥാപനങ്ങൾ ഉണ്ടോ ? - കൃഷ്ണ, തൃശ്ശൂർ
നിലവിലെ വ്യവസ്ഥയനുസരിച്ച് കേരളത്തിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി വഴി നടത്തുന്ന, ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം പ്ലസ് ടു തല പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷാർഥി പ്ലസ് ടു പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു മൊത്തത്തിൽ 50 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം.
യോഗ്യതാപരീക്ഷയുടെ അന്തിമവർഷ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിക്കുന്ന മൊത്തം ഇൻഡക്‌സ് മാർക്ക് (പ്രോസ്പെക്ടസ് വ്യവസ്ഥപ്രകാരം ഓരോ വിഷയത്തിന്റെയും നോർമലൈസ് ചെയ്ത മാർക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുക.
പ്രവേശനത്തിന് എത്രമാർക്ക് പ്ലസ് ടു തലത്തിൽ വേണ്ടിവരുമെന്ന് മുൻകൂട്ടിപറയാൻ സാധ്യമല്ല. ഒരുവർഷത്തെ മാർക്കുതോത്, മുൻവർഷത്തെ തോതിൽനിന്ന് വ്യത്യസ്തമായിരിക്കും. അതിനാൽ ഒരുവർഷം ഒരു ഇൻഡക്‌സ് മാർക്കിന് ലഭിക്കുന്ന റാങ്ക് അടുത്ത വർഷവും അതേ ഇൻഡക്‌സ് മാർക്കിന് ആവർത്തിക്കണമെന്നില്ല. റാങ്കുകളുടെ അടിസ്ഥാനത്തിൽ സാധ്യതകൾ വിലയിരുത്തുന്നതിൽ പരിമിതികൾ ഉണ്ടെങ്കിലും സാധ്യത വിലയിരുത്താൻ അതാകും കുറച്ചുകൂടി ഉചിതം.
2019- ലെ പ്രവേശനത്തിന്റെ അവസാന റാങ്ക്നില https://lbscentre.in/index.htm ൽ ബി.എസ്‌സി. നഴ്‌സിങ് ലിങ്കിൽ ലഭ്യമാണ്. അത് പരിശോധിക്കുക. പ്രവേശനവർഷം ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കണം. ഉയർന്ന പ്രായപരിധി ഇല്ല. കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ട്‌സ് പരിശോധിക്കുക. കേരളത്തിനുപുറത്ത് ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിവിധ ക്യാമ്പസുകൾ), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പുതുശ്ശേരി), രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്‌സിങ് (ന്യൂ ഡൽഹി), ബനാറസ് ഹിന്ദുസർവകലാശാല (വാരാണസി) തുടങ്ങിയ പ്രമുഖസ്ഥാപനങ്ങൾ ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ നൽകുന്നത്.
Courtesy Mathrbhoomi
No comments:
Post a Comment