യുണൈറ്റഡ് നേഷൻസ്: കൊറോണ വൈറസ് പടർന്നതുകാരണം ലോകത്ത് രണ്ടരക്കോടിയോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
അന്താരാഷ്ട്രതലത്തിൽ കൃത്യമായ നയം രൂപപ്പെടുത്തിയാലേ ഈ സ്ഥിതി മറികടക്കാനാവൂവെന്നും യു.എൻ. ഏജൻസിയായ അന്താരാഷ്ട്ര തൊഴിലാളിസംഘടന (ഐ.എൽ.ഒ.) പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ തൊഴിലിടത്തെ ജീവനക്കാരുടെ സംരക്ഷണം, തൊഴിലും വരുമാനവും ഉറപ്പാക്കൽ, സമ്പദ്‌വ്യവസ്ഥയെയും തൊഴിലിനെയും ഉത്തേജിപ്പിക്കൽ എന്നിങ്ങനെ മൂന്നു സുപ്രധാന നിർദേശങ്ങൾ അന്താരാഷ്ട്ര തൊഴിലാളിസംഘടന (ഐ.എൽ.ഒ.) മുന്നോട്ടുവെച്ചിട്ടുണ്ട്.
തൊഴിൽനഷ്ടം 53ലക്ഷംമുതൽ 2.47 കോടിവരെ ആകാമെന്നാണ് മുന്നറിയിപ്പ്. തൊഴിൽസമയവും വരുമാനവും കുറയും.
സഞ്ചാരനിയന്ത്രണമുള്ളതിനാൽ വികസ്വരരാജ്യങ്ങളിലുള്ള സ്വയംതൊഴിൽ മേഖലകൾക്കും നേട്ടമുണ്ടാക്കാനാവില്ല.
2020 കഴിയുമ്പോഴേക്കും 860 ശതകോടിമുതൽ 3.4 ലക്ഷംകോടി ഡോളർ വരെ വരുമാനനഷ്ടവും ലോകത്തുണ്ടാകാം. ദാരിദ്ര്യം കൂടും.
88 ലക്ഷംമുതൽ 2.5 കോടിവരെ തൊഴിലാളികളുടെ നില ദാരിദ്ര്യരേഖയ്ക്ക് താഴെയാവുമെന്നും ഐ.എൽ.ഒ. ചൂണ്ടിക്കാട്ടുന്നു.
കൊറോണയുടെ പരിണതഫലങ്ങൾ ആരോഗ്യരംഗത്തുമാത്രം ഒതുങ്ങില്ലെന്ന് ഐ.എൽ.ഒ. ഡയറക്ടർ ജനറൽ ഗയ് റൈഡെർ പറഞ്ഞു.
2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തെ മറികടക്കാൻ ലോകം ഒരുമിച്ചുനിന്നതുപോലെ ഇവിടെയും ആവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments:
Post a Comment