എം.എസ്‌സി. മാത്തമാറ്റിക്സിനു പഠിക്കുന്നു. പി.ജി. നേടിയശേഷം ഗേറ്റ് എഴുതാൻ കഴിയുമോ ?. യോഗ്യത നേടിയാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിലഭിക്കുമോ?
-ഫാത്തിമ, എറണാകുളം
മൊത്തം 25 വിഷയങ്ങളിലാണ് 2020-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) നടത്തിയത്. അതിൽ ഒരു വിഷയം, മാത്തമാറ്റിക്സ് ആയിരുന്നു. മാത്തമാറ്റിക്സിൽ മാസ്റ്റേഴ്‌സ് ബിരുദമുള്ളവർക്ക് ഗേറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 2020-ലെ ഗേറ്റിന് എം.എസ്‌സി. ജയിച്ചവർക്കും 2020-ൽതന്നെ യോഗ്യത നേടണം എന്ന വ്യവസ്ഥയോടെ 2019-’20 അധ്യയനവർഷം കോഴ്‌സിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു.
ബിരുദം നേടിയശേഷമേ അപേക്ഷിക്കാൻ കഴിയൂ എന്ന വ്യവസ്ഥ നിലവിലില്ല. അതിനാൽ, നിലവിലെ വ്യവസ്ഥപ്രകാരം, അടുത്ത അധ്യയന വർഷം നിങ്ങൾ കോഴ്‌സിന്റെ ഫൈനൽ വർഷത്തിൽ ആണെങ്കിലും ഗേറ്റ് എഴുതാം.
സയൻസ് വിദ്യാർഥികളെ സംബന്ധിച്ച് മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ സാമ്പത്തികസഹായത്തോടെ സയൻസിൽ ഡോക്ടറൽ പ്രോഗ്രാം പ്രവേശനം നേടാൻ സഹായിക്കുന്ന പരീക്ഷയാണ് പൊതുവേ ഗേറ്റ്. എൻജിനിയറിങ് വിഷയങ്ങളിൽ ഗേറ്റ് യോഗ്യത നേടുന്നവർക്ക് നിരവധി തൊഴിലവസരങ്ങൾ പൊതുമേഖലാസ്ഥാപനങ്ങളിൽ ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കാറുണ്ട്.
പരിമിതമായ അവസരങ്ങൾമാത്രമാണ് സയൻസ് ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാസ്ഥാപനങ്ങളിൽ ഉള്ളത്. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) എ.ഇ.ഇ. (റിസർവയർ) തസ്തികയിലേക്ക് മാത്തമാറ്റിക്സ് ഗേറ്റ് യോഗ്യതനേടിയവർക്ക് അവസരം നൽകിയിട്ടുണ്ട്. 60 ശതമാനം മാർക്ക് എം.എസ്‌സി.ക്ക് വേണം. ബിരുദതലത്തിൽ മാത്തമാറ്റിക്സ്/ഫിസിക്സ് പഠിച്ചിരിക്കണം. ഫിസിക്സ്, ജിയോളജി, ജിയോഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് പി.ജി., എം.സി.എ. യോഗ്യതയുള്ളവർക്കും ഒ.എൻ.ജി.സി.യിൽ അവസരമുണ്ടാകാറുണ്ട്.
മറ്റ് അവസരങ്ങൾ: കെമിസ്ട്രി-മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് -ലബോറട്ടറി സൂപ്പർവൈസർ; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ -അസിസ്റ്റന്റ് ഓഫീസർ (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം).
No comments:
Post a Comment