ബി.എസ്സി. സുവോളജി വിദ്യാർഥിയാണ്. കോഴിക്കോട് സർവകലാശാലയിൽ ഇംഗ്ലീഷ് എം.എ.യ്ക്ക് പഠിക്കണമെന്നുണ്ട്. പ്രവേശന യോഗ്യത എന്താണ് ? പ്രവേശന പരീക്ഷയുണ്ടോ ? മാനദണ്ഡം എന്താണ് ? - ഐശ്വര്യ, തൃശ്ശൂർ
കോഴിക്കോട് സർവകലാശാലാ പഠനവകുപ്പിലെ 2020-ലെ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രവേശനത്തിന് ഇംഗ്ലീഷ്/ഫങ്ഷണൽ ഇംഗ്ലീഷ് മുഖ്യവിഷയമായി പഠിക്കാത്തവർക്ക് ബിരുദതല പാർട്ട് I ഇംഗ്ലീഷിന് 45 ശതമാനം മാർക്ക് വേണം. ഗ്രേഡിങ് സമ്പ്രദായത്തിൽ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കുറഞ്ഞത് 50 ശതമാനത്തിനു തുല്യമായ ഓവറോൾ സി.ജി.പി.എ. ഉണ്ടായിരിക്കണം. ഇതാണ് സർവകലാശാലയുടെ മാർച്ച് 11-ലെ പ്രവേശന വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്.
സർവകലാശാല നടത്തുന്ന പ്രവേശനപ്പരീക്ഷയിലെ സ്കോർ പരിഗണിച്ചാണ് പ്രവേശനം. അപേക്ഷിക്കാനുള്ള സമയമാണിത്. ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. നിലവിൽ അവസാന തീയതി: ഏപ്രിൽ രണ്ട്.
കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഇംഗ്ലീഷ് പ്രവേശനം മറ്റൊരു പ്രവേശനപ്രക്രിയ വഴിയാണ്. 2020-ലെ വിജ്ഞാപനം വന്നിട്ടില്ല. 2019-ലെ വ്യവസ്ഥപ്രകാരം, പ്രവേശനം തേടുന്നവർക്ക് ഇംഗ്ലീഷ് ഒരു കോമൺ കോഴ്സ് ആയി പഠിച്ച് കുറഞ്ഞത് 50 ശതമാനത്തിനു തുല്യമായ ഓവറോൾ സി.ജി.പി.എ. ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഇതര ബിരുദ പ്രോഗ്രാം കഴിഞ്ഞുവരുന്നവരുടെ പ്രവേശനം സർവകലാശാല നടത്തുന്ന പ്രവേശനപ്പരീക്ഷ വഴിയായിരുന്നു. 2019-ലെ വിജ്ഞാപനം, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ ചട്ടങ്ങൾ, കോഴ്സുള്ള കോളേജുകളുടെ പട്ടിക എന്നിവ www.cuonline.ac.in ൽ ‘പി.ജി’ ലിങ്കിൽ ലഭിക്കും.
No comments:
Post a Comment