കേരളത്തിലെ സാമ്പത്തിക പിന്നാക്ക സംവരണത്തിന് നാലുലക്ഷം രൂപയിൽ കവിയാത്ത വരുമാനം ഉണ്ടെങ്കിലും ഒരുപരിധിയിൽകൂടുതൽ ഭൂമിയുള്ളവരെ അതിൽനിന്ന് ഒഴിവാക്കുമെന്നു വായിച്ചു. എത്ര സെന്റ് വസ്തു ഉള്ളവരെയാണ് ഒഴിവാക്കുന്നത് ?
-വിനയൻ, വയനാട്
സാമ്പത്തിക പിന്നാക്ക സംവരണത്തിന് വരുമാനപരിധിവ്യവസ്ഥ തൃപ്തിപ്പെടുത്തിയാലും കുടുംബഭൂസ്വത്ത്, ഹൗസ്‌പ്ലോട്ട് വിസ്തൃതി എന്നിവയ്ക്കുള്ള നിശ്ചിതപരിധിക്കകമാണെങ്കിലേ സംവരണ ആനുകൂല്യത്തിനു പരിഗണിക്കുകയുള്ളു.
അപേക്ഷാർഥിയുടെ കുടുംബഭൂസ്വത്ത് ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കിൽ രണ്ടര ഏക്കറിലും മുനിസിപ്പൽ പ്രദേശത്തെങ്കിൽ 75 സെന്റിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തെങ്കിൽ 50 സെന്റിലും കൂടാൻപാടില്ല. ഗ്രാമപ്പഞ്ചായത്ത് പ്രദേശത്തും മുനിസിപ്പൽ/മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷാർഥിയുടെ കുംടുബത്തിന് ഭൂസ്വത്തുണ്ടെങ്കിൽ അവയുടെ ആകെവിസ്തൃതി രണ്ടരയേക്കറിൽ കൂടാൻ പാടില്ല. ഭൂമി എന്നതിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാത്തരം ഭൂമിയും ഉൾപ്പെടും.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ്‌പ്ലോട്ടിന്റെ വിസ്തൃതി, മുനിസിപ്പൽ പ്രദേശത്ത് 20 സെന്റിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് 15 സെന്റിലും കൂടാൻപാടില്ല. മുനിസിപ്പൽ പ്രദേശത്തും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തും ഹൗസ്‌പ്ലോട്ടുകൾ ഉണ്ടെങ്കിൽ അവയുടെ മൊത്തം വിസ്തൃതി 20 സെന്റിൽ കൂടാൻ പാടില്ല.
കുടുംബത്തിന് ഒന്നിലധികം ഹൗസ്‌പ്ലോട്ട് ഉണ്ടെങ്കിൽ എല്ലാംകൂട്ടിച്ചേർത്ത് പ്ലോട്ട് വിസ്തൃതി കണക്കാക്കും. വീട് നിൽക്കുന്നതോ വീട് നിർമിക്കാൻ കഴിയുന്നതോ ആയ ഭൂമിയാണ് ഹൗസ്‌പ്ലോട്ട് നിർവചനത്തിൽ വരുന്നത്.
Courtesy Mathrbhoomi
No comments:
Post a Comment