Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 4 March 2020

എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന് അപേക്ഷിക്കാൻ

സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെടുന്ന കോമ്പിനേഷൻ എടുത്ത്, കൊമേഴ്സ് സ്ട്രീമിൽ പ്ലസ്‌ടു ജയിച്ചു. ബി.കോം. (ഫിനാൻസ്) ഡിഗ്രി എടുത്തു. കേരളത്തിൽ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന് അപേക്ഷിക്കാൻ അർഹതയുണ്ടോ?

-അഞ്ജലി, കന്യാകുമാരി

പൊതുവേ ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് കോർവിഷയമായും സ്റ്റാറ്റിസ്റ്റിക്സ് കോംപ്ലിമെന്ററിയുമായി പഠിച്ചവർക്കാണ് കേരളത്തിൽ വിവിധ സർവകലാശാലാ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം പ്രവേശനത്തിന് അർഹത.

മറ്റുചില യോഗ്യതകളും സർവകലാശാലയനുസരിച്ച് പരിഗണിക്കാറുണ്ട്.

• കേരള സർവകലാശാല: കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളോടെ ബി.എസ്‌സി. വൊക്കേഷണൽ കോഴ്സ് ജയിച്ചവർക്ക് അഫിലിയേറ്റഡ് കോളേജുകളിൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാം.

• കണ്ണൂർ സർവകലാശാല കോളേജുകൾ: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഡബിൾ മെയിൻ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

• കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല: മാത്തമാറ്റിക്സ് ബിരുദധാരികൾ സബ്സിഡിയറിയായോ മെയിൻ പേപ്പറായോ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം.

• മഹാത്മാഗാന്ധി സർവകലാശാല കോളേജുകൾ: കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദധാരികൾക്കും അപേക്ഷിക്കാം.

• കാലിക്കറ്റ്‌ സർവകലാശാല കോളേജുകൾ: അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് മെയിൻകാർക്കും മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഡബിൾ മെയിൻകാർക്കും അപേക്ഷിക്കാം.

• കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെട്ട ട്രിപ്പിൾ മെയിൻകാർക്കും അപേക്ഷിക്കാം.

ചുരുക്കത്തിൽ ബി.കോം. യോഗ്യതവെച്ച് കേരളത്തിൽ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.

Courtesy Mathrbhoomi

No comments:

Post a Comment