വാർഷിക ട്യൂഷൻ ഫീസ് 250 രൂപ
:കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ്ങിലെ നാലുവർഷ ബി.എസ്‌സി. (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം ജയിച്ച്, നാലിനും കൂടി മൊത്തത്തിൽ 50 ശതമാനം മാർക്കുവാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. 2020 ഒക്ടോബർ ഒന്നിന് 17 വയസ്സെങ്കിലും ഉണ്ടായിരിക്കണം.
പ്രവേശനപരീക്ഷ
രണ്ടരമണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. 2020 ജൂൺ 14-ന് രാവിലെ 10 മുതൽ ന്യൂഡൽഹിയിൽ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പ്ലസ്ടു നിലവാരമുള്ള ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലീഷ് കോംപ്രിഹൻഷൻ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പൊതുവിജ്ഞാനം എന്നിവയിൽനിന്ന് ചില ചോദ്യങ്ങളും ഉണ്ടാകും. എല്ലാം ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ളവയായിരിക്കും.
അപേക്ഷ
അപേക്ഷാഫോറം പ്രോസ്പെക്ടസ് എന്നിവ, http://rakcon.com/ -ൽനിന്ന് ഡൗൺലോഡു ചെയ്തെടുക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. കമ്പാർട്ട്മെന്റൽ/റീ-അപ്പിയറിങ് കാർക്ക് അപേക്ഷിക്കാൻ കഴിയില്ല.
അപേക്ഷാഫീസ് 550 രൂപ ന്യൂഡൽഹിയിൽ മാറത്തക്കവിധം ‘പ്രിൻസിപ്പൽ, രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ്’ എന്ന പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് ആയി പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം നൽകണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഏപ്രിൽ 17-ന് വൈകീട്ട് അഞ്ചിനകം സ്ഥാപനത്തിൽ നേരിട്ടോ തപാലിലോ കിട്ടിയിരിക്കണം.
കൗൺസലിങ്
പരീക്ഷയുടെ ഫലം ജൂലായ് രണ്ടിന് പ്രഖ്യാപിക്കും. കൗൺസലിങ് ജൂലായ് എട്ട്, ഒൻപത്, 10 തീയതികളിൽ. സെഷൻ ജൂലായ് 20-ന് തുടങ്ങും. മൊത്തം 76 സീറ്റുണ്ട്. പ്രതിവർഷ ട്യൂഷൻ ഫീസ് 250 രൂപയാണ്. നാമമാത്രമായ മറ്റു ഫീസുകളും നൽകണം. കോഴ്സിന്റെ നാലാംവർഷം പ്രതിമാസം 500 രൂപ നിരക്കിൽ ഇന്റേൺഷിപ്പ് അലവൻസ് വിദ്യാർഥികൾക്ക് ലഭിക്കും.
Courtesy Mathrbhoomi
No comments:
Post a Comment