കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അടുത്ത അധ്യയനവർഷം മുതൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാക് അക്രഡിറ്റേഷനിൽ 3.26 പോയിൻറ്് ലഭിക്കാത്ത സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരം നൽകാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്ക് റഗുലർ കോഴ്സിന്റെ സിലബസ് തന്നെ പിന്തുടരാം.
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയുടെ കീഴിൽ കോളേജ് ആരംഭിക്കാൻ അനുവാദം നൽകി. സർവകലാശാലയ്ക്കുകീഴിലെ അൺ എയ്ഡഡ് കോളേജ് അധ്യാപികമാർ, ജീവനക്കാരികൾ എന്നിവർക്ക് ആറുമാസം പ്രസവാവധി അനുവദിക്കും. സർവകലാശാലയ്ക്കുകീഴിലെ എൻ.എസ്.എസ്. യൂണിറ്റുകളെ കൊറോണ ജാഗ്രതാനിർദേശം നൽകാൻ ചുമതലപ്പെടുത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർ മേൽനോട്ടം വഹിക്കും. മാർച്ച് 31 വരെ അഫിലിയേറ്റഡ് കോളേജുകൾക്കും പഠനവകുപ്പുകൾക്കും അവധി പ്രഖ്യാപിച്ചു. കോളേജ്, സർവകലാശാലാ ഹോസ്റ്റലുകൾ മാർച്ച് 31 വരെ പ്രവർത്തിക്കരുത്. എന്നാൽ തിയറി, പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.
ചരിത്ര കോൺഗ്രസിന്റെ നടത്തിപ്പിൽ മിച്ചംവന്ന തുക ഉപയോഗിച്ച് സർവകലാശാലയിൽ റിലീഫ് ഫണ്ട് അനുവദിക്കാൻ യോഗം തീരുമാനിച്ചു. വിദ്യാർഥികൾ ഉൾപ്പെടുന്ന സർവകലാശാല സമൂഹത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ ഫണ്ടുപയോഗിക്കും.
സർവകലാശാലാ പഠനവകുപ്പുകളിൽ സ്ഥിരാധ്യാപകനിയമനത്തിന്റെ ഭാഗമായി ഇംഗ്ലീഷ്, ഹിന്ദി പഠനവകുപ്പുകളിൽ തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യാപകനിയമനത്തിനുള്ള നിർദേശങ്ങൾ അംഗീകരിച്ചു.
നാല് എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിന് അംഗീകാരം നൽകി. പുതിയ പ്രിൻസിപ്പൽ നിയമനങ്ങൾ 2018-ലെ യു.ജി.സി. റെഗുലേഷൻ അനുസരിച്ചായിരിക്കും.
മൂന്ന് കോളേജ് അധ്യാപകരുടെയും ഒരു സർവകലാശാലാ അധ്യാപകന്റെയും സ്ഥാനക്കയറ്റത്തിന് അംഗീകാരം നൽകി. ഇൻറേണൽ കംപ്ലയിന്റ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗണിതശാസ്ത്രം പഠനവകുപ്പിലെ ഡോ. ടി.വി.രാമകൃഷ്ണന്റെ സ്ഥാനക്കയറ്റവും ഇൻക്രിമെൻറും തടഞ്ഞുവെച്ചു.
വിദ്യാർഥികൾക്ക് വിവിധ സർട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.
എൻ.എ.എം. കോളേജ് കല്ലിക്കണ്ടിയിൽ ബി.എ. ഇംഗ്ലീഷ്, എം.കോം., ഉദുമ ഗവ. കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി.എ. ഹിസ്റ്ററി, ബി.കോം. കോഴ്സുകൾക്ക് സ്ഥിരം അഫിലിയേഷൻ അനുവദിച്ചു. 2020 ജനുവരി മുതൽ സർക്കാർ കോളേജുകൾക്ക് പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് അപേക്ഷാഫീസ് നൽകേണ്ടതില്ല. അഫിലിയേഷൻ ഫീസ് അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയ തളിപ്പറമ്പ് അൽ-മഖർ അറബിക് കോളേജിൽ 2020-21 മുതൽ അഡ്മിഷൻ അനുവദിക്കുന്നതല്ല. ചരിത്രം പി.ജി. ബോർഡ് ഓഫ് ചെയർമാൻ സ്ഥാനത്തുനിന്ന് ആരോഗ്യ കാരണത്താൽ ഒഴിവായ ഡോ. കെ.ജയശ്രീ നായരുടെ രാജി സ്വീകരിച്ച് കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ ഡോ. കെ.എസ്.സുരേഷ് കുമാറിനെ പുതിയ ചെയർമാനായി നിയമിച്ചു.
റിസർച്ച് ഡയറക്ടറായി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. ജോബി കെ.ജോസിനെ നിയമിക്കും. നിലവിലെ ഡയറക്ടർ ഡോ. കെ.ശ്രീജിത്തിനെ സിൻഡിക്കേറ്റിലേക്ക് തിരഞ്ഞെടുത്തതിനാലാണ് പുതിയ നിയമനം. എല്ലാ ഗവേഷണപ്രവർത്തനങ്ങളും രജിസ്റ്റർചെയ്ത് എട്ടുവർഷത്തിനകം പൂർത്തീകരിക്കണമെന്ന നിബന്ധന അംഗീകരിച്ചു. നിലവിൽ എട്ടുവർഷം കഴിഞ്ഞ ഗവേഷകർ സമയബന്ധിതമായി അന്തിമ പ്രബന്ധം സമർപ്പിക്കണം. 21 പേർക്ക് പിഎച്ച്.ഡി. അനുവദിക്കാൻ തീരുമാനിച്ചു. ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ ഗുരുതരവീഴ്ച വരുത്തിയ വിവിധ കോളേജുകളിലെ അധ്യാപകർക്ക് പിഴചുമത്താൻ തീരുമാനിച്ചു. ഡ്യൂപ്ലിക്കേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചട്ടങ്ങൾ അംഗീകരിച്ചു.
സർവകലാശാലാ രജതജൂബിലി ആഘോഷങ്ങൾക്കായി സിൻഡിക്കേറ്റംഗം ഡോ. വി.പി.പി.മുസ്തഫ കൺവീനറായി ഉപസമിതി രൂപവത്‌കരിച്ചു.
Courtesy Mathrbhoomi
No comments:
Post a Comment