അനുശ്രീ മാധവൻ
‘‘പെൺകുട്ടിയെ വീട്ടിൽവെച്ച് ഇരിക്കുകയാണോ കല്യാണംകഴിപ്പിച്ച് വിടണം’’; കുത്തുവാക്കുകൾ പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചവരോട് തൃശ്ശൂർ അഞ്ഞൂർ സ്വദേശി ഗോപികാ ഭാസി മറുപടിനൽകിയത് 95 ലക്ഷം രൂപയുടെ ദ ഷാരൂഖ് ഖാൻ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പ് നേടിയിട്ടാണ്. ഇന്ത്യയിലെ 800 വിദ്യാർഥിനികളിൽനിന്നാണ് ഗോപികയ്ക്ക് സ്‌കോളർഷിപ്പ് ലഭിച്ചത്. മുംബൈയിൽ നടന്ന ചടങ്ങിൽ ഷാരൂഖ് ഖാനും ലാ ട്രോബ് സർവകലാശാല വൈസ് ചാൻസലർ ജോൺ ബാംബ്രിയും ചേർന്ന് ഗോപികയ്ക്ക് സമ്മാനിച്ചു. സ്‌കോളർഷിപ്പ് ലഭിച്ചതിനെക്കുറിച്ച് ഗോപിക പറയുന്നു...
# സ്‌കോളർഷിപ്പ് വേണം
എം.എസ്‌സി.ക്കുശേഷം ജോലിക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അഭിമുഖത്തിന് പോയി. അച്ഛന് അസുഖമായതോടെ ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. എന്നാലും ഒരുപാട് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിച്ചു. ആനിമൽ സ്റ്റഡീസിലായിരുന്നു താത്‌പര്യം. വിദേശ സർവകലാശാലകളിൽ അതുമായി ബന്ധപ്പെട്ട കോഴ്‌സുകളുണ്ട്. അതെല്ലാം നോക്കിയിരുന്നു. 2018 ജൂലായ് മുതൽ അയച്ച അപേക്ഷകൾക്ക് ഒരു കണക്കുമില്ല. അതിനിടയിലാണ് ഷാരൂഖ് ഖാന്റെ പേരിലുള്ള ലാ ട്രോബ് യൂണിവേഴ്‌സിറ്റിയുടെ സ്‌കോളർഷിപ്പിനെ കുറിച്ച് അറിയുന്നത്.
# അങ്ങനെ ഒരു ട്വിസ്റ്റ്
ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഷാരൂഖ് ഖാന്റെ പേരിൽ ലാ ട്രോബ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയ നൽകുന്ന സ്‌കോളർഷിപ്പാണിത്. എൻജിനിയറിങ്, മെഡിക്കൽ, മൈക്രോബയോളജി, ലൈഫ് സയൻസ് അങ്ങനെ ഏതു മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. ഓഗസ്റ്റിലായിരുന്നു അഭിമുഖം. അത് പാസായി. പിന്നീട് ഡിസംബറിൽ വീണ്ടും അഭിമുഖം നടത്തി. ഡിസംബർ അവസാനത്തിൽ ഒരു മെയിൽ വന്നു. ക്ഷമിക്കണം, നിങ്ങളെ തിരഞ്ഞെടുത്തിട്ടില്ല എന്നാണ് അതിൽ എഴുതിയിരുന്നത്. ഒരു ഘട്ടത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടു. ഒരു ആഴ്ചയ്ക്കുശേഷം വീണ്ടും മെയിൽ വന്നു. നിങ്ങൾ തയ്യാറാണെങ്കിൽ ഒരു അഭിമുഖത്തിൽ കൂടി പങ്കെടുക്കൂ എന്നായിരുന്നു ഉള്ളടക്കം. അതിലും പങ്കെടുത്തു. പിന്നീട് ദ ഷാരൂഖ് ഖാൻ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പിന് നിങ്ങളെ തിരഞ്ഞെടുത്തു എന്ന് അറിയിച്ചുകൊണ്ട് അപ്രതീക്ഷിതമായി മെയിൽ ലഭിച്ചു. തേനീച്ചകളുമായി ബന്ധപ്പെട്ട പഠനത്തിൽ ഗവേഷണം നടത്താനാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്.
# ലക്ഷ്യത്തിലേക്ക് ദൂരമുണ്ട്
തൃശ്ശൂർ കേരളവർമ കോളേജിലായിരുന്നു ബിരുദപഠനം. നാട്ടിക എസ്.എൻ. കോളേജിൽ എം.എസ്‌സി. സുവോളജി ചെയ്തു. ആനയുടെ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകളെക്കുറിച്ചുള്ള പഠനമായിരുന്നു എം.എസ്‌സി. പ്രോജക്ട്. ഇത്രയും വലിയ തുക സ്‌കോളർഷിപ്പായി നൽകുമ്പോൾ എന്നിലുള്ള ഉത്തരവാദിത്വം വളരെ വലുതാണ്.
No comments:
Post a Comment