ബിരുദം അവസാനവർഷ വിദ്യാർഥിയാണ്. 2020-ലെ സിവിൽ സർവീസ് പരീക്ഷ എഴുതണമെന്നുണ്ട്. എനിക്ക് അപേക്ഷിക്കാമോ? ഓപ്ഷണൽ വിഷയം ഇപ്പോൾ തീരുമാനിക്കണോ? ഏതുവിഷയമെടുക്കാം? ബിരുദത്തിന്റെ മെയിൻ വിഷയംതന്നെ എടുക്കണോ?
- ഗീതാലക്ഷ്മി, പത്തനംതിട്ട
:അംഗീകൃത ബിരുദമാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത. എന്നാൽ, ബിരുദം ലഭിക്കുന്നതിനുള്ള അന്തിമപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർ, ബിരുദ കോഴ്സിന്റെ അന്തിമപരീക്ഷ എഴുതാൻ പോകുന്നവർ എന്നിവർക്ക് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർ മെയിൻ പരീക്ഷയ്ക്ക് ‘ഡീറ്റെയിൽഡ്’ അപ്ലിക്കേഷൻ ഫോം നൽകേണ്ടതുണ്ട്. ആ സമയത്ത്, അപേക്ഷാർഥി യോഗ്യതാപരീക്ഷ ജയിച്ചതിന്റെ തെളിവ് അപേക്ഷയ്ക്കൊപ്പം നൽകേണ്ടിവരും. ആ രേഖയിലെ തീയതി, മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയതിക്കുമുമ്പുള്ളതാകണം. ആ സമയത്ത്, അത് നൽകാൻ കഴിയുന്നില്ലെങ്കിൽ മെയിൻ പരീക്ഷ അഭിമുഖീകരിക്കാൻ അനുവദിക്കില്ല.
പ്രിലിമിനറിക്ക് അപേക്ഷിക്കുമ്പോൾത്തന്നെ മെയിൻ പരീക്ഷയ്ക്ക് (അർഹതനേടുന്നപക്ഷം) തിരഞ്ഞെടുക്കുന്ന ഓപ്ഷണൽ വിഷയം അറിയിക്കണം. മറ്റുപേപ്പറുകൾക്കുപുറമേ തിരഞ്ഞെടുക്കുന്ന ഓപ്ഷണൽ വിഷയം അടിസ്ഥാനമാക്കി 250 മാർക്കുവീതമുള്ള രണ്ടുപേപ്പറാണ് മെയിൻ പരീക്ഷയിൽ ഉണ്ടാവുക. മൊത്തത്തിൽ നൽകിയിട്ടുള്ള 24 ഓപ്ഷണൽ വിഷയങ്ങളിൽനിന്ന് താത്‌പര്യമുള്ള ഒരെണ്ണം അപേക്ഷാർഥിക്ക് തിരഞ്ഞെടുക്കാം.
ബിരുദപ്രോഗ്രാമിന്റെ മുഖ്യവിഷയം (പട്ടികയിലുണ്ടെങ്കിൽ) എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. 24 ഓപ്ഷണൽ പേപ്പറുകളുടെയും സിലബസ് വിജ്ഞാപനത്തിലുണ്ട്. ബിരുദതല പഠനത്തിലെ വിഷയങ്ങൾ ഏതെങ്കിലും (കോർ/കോംപ്ലിെമന്ററി മുതലായവ) പട്ടികയിലുണ്ടോ എന്ന് നോക്കുക. സിലബസും പരിശോധിക്കുക. അത് ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം തോന്നുന്നപക്ഷം അത് ഓപ്ഷണലായെടുക്കുക. അല്ലെങ്കിൽ, താത്‌പര്യമുള്ളത് പഠിച്ച് പരീക്ഷ അഭിമുഖീകരിക്കാമെന്ന് വിശ്വാസമുള്ള ഒന്ന് തിരഞ്ഞെടുക്കുക.
Courtesy Mathrbhoomi
No comments:
Post a Comment