എയിംസ് ബി. എസ്‌സി. നഴ്സിങ്ങിന് 2019-ൽ രജിസ്റ്റർ ചെയ്തിരുന്നു. ഈവർഷം പ്രവേശനം തേടുന്നുണ്ടെങ്കിൽ ഫൈനൽ രജിസ്ട്രേഷൻമാത്രം നടത്തിയാൽ മതിയെന്ന് പറഞ്ഞിരുന്നു. അതിനുള്ള സമയമായോ?
-സീനത്ത്, മലപ്പുറം
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്‌സി. (പാരാമെഡിക്കൽ കോഴ്സുകൾ) എന്നിവയിലെ പ്രവേശനത്തിന് 2019-ൽ രജിസ്റ്റർ ചെയ്ത് ബേസിക് രജിസ്ട്രേഷൻ അംഗീകരിക്കപ്പെട്ടിരുന്നവർ 2020-ലെ പ്രവേശനത്തിന് വീണ്ടും ബേസിക് രജിസ്ട്രേഷൻ നടത്തേണ്ടതില്ലെന്ന് എയിംസിന്റെ 7.12.2019-ലെ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. അവർ ഫൈനൽ രജിസ്ട്രേഷൻ യഥാസമയം നടത്തണം.
2020-ലെ ഫൈനൽ രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിട്ടില്ല. ഡിസംബർ ഏഴിലെ അറിയിപ്പ് പ്രകാരം ഈ കോഴ്സുകളിലെ 2020-ലെ പ്രവേശനത്തിനുളള പ്രോസ്പെക്ടസ് മാർച്ച് 12-ന് www.aiimsexams.org-ൽ അപ് ലോഡ് ചെയ്യും. ബേസിക് രജിസ്ട്രേഷൻ അംഗീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷനുവേണ്ടി കോട് രൂപപ്പെടുത്തിയെടുക്കുവാനുള്ള സൗകര്യം മാർച്ച് 14 മുതൽ ഏപ്രിൽ 15 വൈകീട്ട് അഞ്ചുവരെ കിട്ടും. അപേക്ഷാഫീസ് അടയ്ക്കൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കൽ എന്നിവ പൂർത്തിയാക്കാനും അവസരമുണ്ടാകും. അപേക്ഷയുടെ അന്തിമനില ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്ങിന്റെത് ഏപ്രിൽ 22-നും മറ്റുള്ളവയുടെത് ഏപ്രിൽ 24-നും പ്രസിദ്ധപ്പെടുത്തും. ഫൈനൽ രജിസ്ട്രേഷൻ അംഗീകരിക്കപ്പെടാത്തവയുടെ പട്ടിക കാരണംസഹിതം ഈ തീയതികളിൽ അറിയാം. അപാകങ്ങൾ മേയ് നാലിനകം ആവശ്യമായ രേഖകൾനൽകി തിരുത്താം.
ഇതനുസരിച്ച് www.aiimsexams.org വഴി ഫൈനൽ രജിസ്ട്രേഷൻ നടത്താം. സമയക്രമത്തിലെ മാറ്റങ്ങൾ വെബ്സൈറ്റ് വഴി അറിയാം.
No comments:
Post a Comment