വ്യക്തി പരിചയം
ഇലക്ട്രോണിക്സ് എഞ്ചിനീറിയങ്ങിൽ വിസ്മയം തീർത്ത
"കുട്ടിക്കാലത്ത് തന്നെ ഇലക്ട്രോണിക്സ് ഒരു അഭിനിവേശമായി കൊണ്ട് നടന്നിരുന്ന വിദ്യാർത്ഥി. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ ശാസ്ത്ര മേളയിൽ 'ബഹിരാകാശവും മനുഷ്യനും' എന്ന വിഷയത്തിൽ സ്വയം തയ്യാറാക്കിയ ഇംഗ്ലീഷ് പ്രബന്ധം അവതരിപ്പിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരള സർക്കാരിന്റെ കെൽട്രോൺ എന്ന ഇലക്ട്രോണിക്സ് കമ്പനിയുടെ ഉയർന്ന പോസ്റ്റായ ജനറൽ മാനേജറായി വരെ ജോലി ചെയ്ത പ്രതിഭ. നിലവിൽ ലോക പ്രശസ്തമാണ നെസ്റ്റ് ഗ്രൂപ്പിൽ സീനിയർ കോർപറേറ്റ് വൈസ് പ്രസിഡന്റ്. സ്വപ്രയത്നം കൊണ്ട് നേടിയ നേട്ടങ്ങൾ"
ഒരു കാലഘട്ടത്തിൽ ആയിരങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി വിജ്ഞാനത്തിൻറെ വാതായനങ്ങൾ തുറന്ന് കൊടുത്ത ഉലൂജി അന്ത്കാറ് മാഷ് (അബ്ദുൽ കാദർ മാസ്റ്റർ) ചെറുവത്തൂർ പീ പീ ഖദീജ ദമ്പതികളുടെ മകനായി 1951 നവംബർ 4ന് ഷാഫി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവിൻറെ ശിഷ്യനായി ചന്ദ്രഗിരി എൽ പീ സ്‌കൂളിൽ. പിന്നീട് അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെ ജി എച് എസ് ചെമ്മനാട് (പരവനടുക്കം സ്‌കൂൾ). 1967-69 അധ്യയന വർഷം കാസറഗോഡ് ഗവൺമെൻറ് കോളേജിൽ നിന്നും പ്രീ ഡിഗ്രി പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും (CET) ഇലെക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി.
ഷാഫി ചെറുപ്പത്തിൽ തന്നെ പഠനത്തിൽ മിടുക്കനായിരുന്നു. സ്‌കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ കാഞ്ഞങ്ങാട് ദുർഗാ ഹൈ സ്‌കൂളിൽ വെച്ച് നടന്ന സ്കൂൾ ശാസ്ത്ര മേളയിൽ ബഹിരാകാശവും മനുഷ്യനും എന്ന വിഷയത്തിൽ ഇംഗ്ലീഷിൽ സ്വയം തയ്യാറാക്കിയ പ്രബന്ധം അവതരിപ്പിച്ച് സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയിരുന്നു. കുട്ടിക്കാലത്ത് തന്നെ സാങ്കേതിക വിജ്ഞാനത്തിൽ അത്ഭുതം സൃഷ്ട്ടിച്ച വിദ്യാർത്ഥി. എല്ലാവരെയും അത്ഭുതപ്പെടുത്തിയ നേട്ടമായിരുന്നു അത്. ഷാഫിയെ അഭിനന്ദിക്കാൻ വേണ്ടി സ്‌കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ വെച്ച് അന്നത്തെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് എട്ടുവളപ്പ് അബ്ദുൽ കാദർ രാഷ്ട്ര കവി രബീന്ദ്ര നാഥ ടാഗോറിൻറെ "ഗീതാഞ്ജലി" എന്ന പുസ്തകം ഷാഫിക്ക് സമ്മാനമായി നൽകിയിരുന്നു. ആ സമ്മാനം ഷാഫി ഇന്നും അമൂല്യമായി തന്നെ കരുതുന്നു.
ഷാഫി പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ചെമ്മനാട് പഞ്ചായത്തിലെ ഏക ഹൈ സ്‌കൂൾ പരവനടുക്കത്തുള്ള ജി എച് എസ് ചെമ്മനാട് മാത്രമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എട്ടുവളപ്പ് അബ്ദുൽ കാദർ അന്നൊരു പ്രഖ്യാപനം നടത്തിയിരുന്നു. ആ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ പഞ്ചായത്തിൽ നിന്നും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് 250 രൂപ ക്യാഷ് പ്രൈസ് സമ്മാനിക്കുമെന്ന്. അന്നത്തെ ബാച്ചിൽ ഉലൂജി ഷാഫി, ഹൈ കോടതി റിട്ടയേർഡ് ജഡ്ജി ശശിധരൻ, റിട്ടേയർഡ് ഡി വൈ എസ് പി പോക്കർ. മൂന്ന് പേരും ഓരോ ടേമിലെ പരീക്ഷകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് പരസ്പരം മാറി മാറി വന്നു. ഫൈനൽ പരീക്ഷയിൽ 78 ശതമാനം മാർക്ക് നേടി ഷാഫി പഞ്ചായത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരവനടുക്കത്ത് വെച്ച് നടന്ന അനുമോദന പരിപാടിയിൽ വെച്ച് ഏട്ടുംവളപ്പ് പ്രഖ്യാപിച്ച ക്യാഷ് പ്രൈസ് സമ്മാനിച്ചു. 1967 കാലത്ത് 250 രൂപ എന്നത് വളരെ വലിയ ഒരു സമ്മാന തുകയാണ്. പ്രോത്സാഹനമായി ലഭിച്ച സമ്മാന തുകയാണ് ഷാഫിയുടെ ഉപരിപഠനത്തിന് ഏറെ ഉപകരിച്ചതും പ്രചോദനം നൽകിയതും.
1967 - 69 ബാച്ചിൽ കാസറഗോഡ് ഗവൺമെൻറ് കോളേജിൽ നിന്നും കണക്കിൽ പ്രീ ഡിഗ്രി പൂർത്തിയാക്കിയ ഷാഫി താൻ കുട്ടിക്കാലം കൊണ്ട് മനസ്സിൽ കൊണ്ട് നടക്കുന്ന ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങിൽ പഠിക്കാൻ ആഗ്രഹിച്ചു. പക്ഷെ, അന്ന് നിലവിലുള്ള കോളേജുകളിൽ ഇലക്ട്രോണിക്സ് ട്രേഡ് ഉള്ളത് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ മാത്രം. ആകെയുള്ള 30 സീറ്റിൽ 4 സീറ്റ് മലബാർ ക്വാട്ട എന്ന പ്രത്യേക സംവരണത്തിൽ. ഷാഫിയുടെ ബാല്യ കാല സുഹൃത്ത് ഹമീദ് കളനാടിനോട് തൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്ക് വെക്കാറുണ്ടായിരുന്നു. ആ ഒരു കാരണത്താൽ ഹമീദ് കളനാട് പ്രത്യേകം താത്പര്യമെടുത്ത് കേയി സാഹിബിനെ കാണാൻ തലശ്ശേരിയിലേക്ക് ഷാഫിയുടെ കൂടെ പോയി. കേയി സാഹിബ് വിദ്യാഭ്യാസ മന്ത്രി സീയെച്ചിനോട് പറഞ്ഞു ഷാഫിക്ക് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ ലഭിച്ചു. കേയി സാഹിബ് ഷാഫിക്ക് മറ്റൊരു ഉപകാരം കൂടി ചെയ്തു. കെ എം ഇ എയുടെ ഉന്നത പഠനത്തിനുള്ള സ്‌കോളർഷിപ്പും നൽകി. പഠനം പൂർത്തിയാക്കിയ ശേഷം സമാനമായ തുക അസോസിയേഷന് നിശ്ചിത കാലയളവിൽ തിരിച്ച് നൽകണം. തൻറെ കുടുംബത്തിൽ നിന്നും ഒരാൾ എഞ്ചിനീയറിംഗ് പഠിക്കുന്നു എന്നറിഞ്ഞ് ഏറെ സന്തോഷിച്ച പയോട്ട കുഞ്ഞി കലന്തർ ഹാജി (ഉമ്പൂച്ച) അദ്ദേഹത്തിൻറെ വകയും പഠന ചിലവിലേക്കായി സ്‌കോളർഷിപ്പ് നൽകിയിരുന്നു. ബിരുദം പൂർത്തിയാക്കുന്നത് വരെ രണ്ട് സ്‌കോളർഷിപ്പും അദ്ദേഹത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് താമസ അനുബന്ധ സൗകര്യങ്ങൾ ചെയ്തു നൽകിയത് പുതിയപുര മാഹിൻച്ച പറഞ്ഞത് പ്രകാരം ഷെറൂൽ കുടുംബത്തിലെ ജസ്റ്റിസ് മൊഹിയദീനായിരുന്നു.
1973ൽ ബിരുദം പൂർത്തിയാക്കിയ ഷാഫിക്ക് അതേ വർഷം തന്നെ മലപ്പുറം തിരൂർ സീതി സാഹിബ് പൊളി ടെക്നിക്കിൽ ലെക്ച്ചറർ ആയി സ്ഥിര നിയമനം ലഭിച്ചു. ഇലക്ട്രോണിക്സ് രംഗത്ത് സാങ്കേതിക വിദ്യയുടെ പുതിയ പുതിയ ആശയങ്ങൾ മനസ്സിൽ തിളച്ച് മറഞ്ഞിരുന്ന ഷാഫിക്ക് അദ്ധ്യാപന ജോലിയിൽ താൽപര്യമില്ലായിരുന്നു. ഒൻപത് മാസം മാത്രമേ പോളിയിൽ ജോലി ചെയ്തിരുന്നുള്ളു.
1973 ൽ കേരള സർക്കാറിന്റെ കീഴിൽ കെൽട്രോൺ എന്ന ഇലക്ട്രോണിക്സ് നിർമാണ സ്ഥാപനം ആരംഭിച്ചു. സ്ഥാപകൻ കെ പീ പീ നമ്പ്യാർ. അന്നത്തെ മുഖ്യമന്ത്രി സീ അച്യുതമേനോൻ, വ്യവസായ മന്ത്രി ടീ വീ തോമസ്. ഇന്ത്യയിൽ ആദ്യമായി കളർ ടീ വീ ഇറക്കിയ കമ്പനികളിൽ ഒരു പ്രധാനപ്പെട്ട ബ്രാൻഡ് കേരളത്തിൻറെ കെൽട്രോൺ ആയിരുന്നു. എഞ്ചിനീയർ ഷാഫി 1973 ൽ സെയിൽസ് എഞ്ചിനീയറായി നിയമനം ലഭിച്ചു. ആശയവിനിമയത്തിൽ നല്ല പ്രാവീണ്യമുള്ള ഷാഫിക്ക് വിപണണത്തിൻറെ തന്ത്രങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിൽ എന്നും വിജയം നേടിയിരുന്നു. കേരളത്തിൽ ഒരു വർഷം സെയിൽസ് എഞ്ചിനീയറായി ജോലി ചെയ്ത ശേഷം നാല് വർഷം ബോംബെ മാർക്കറ്റിൽ കെൽട്രോണിന് വേണ്ടി ജോലി ചെയ്തു. നരിമാൻ പോയിന്റിലായിരുന്നു ഓഫീസ്. ബോംബയിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലേക്ക് തിരിച്ച ഷാഫി പിന്നീട് തിരുവനന്തപുരത്ത് പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്തു. നാല് വർഷം ഡിസൈനിങ്, മാനുഫാക്ച്ചറർ തസ്തികയിൽ. 1980 ൽ കെൽട്രോൺ ആലപ്പുഴ അരൂരിൽ വലിയൊരു നിർമാണ ഫാക്ടറി സ്ഥാപിച്ചു. ലോക പ്രശസ്ത ബ്രാൻഡായ ബയിലി ഫ്രാൻസുമായി കെൽട്രോൺ കൊളാബ്രേഷനായി. കളർ ടീ വീ, റേഡിയോ, പട്ടാളക്കാർക്കുള്ള വിനിമയ സാമഗ്രികൾ തുടങ്ങിയ മികച്ച ഉൽപ്പന്നങ്ങൾ കെൽട്രോണിൽ നിർമിച്ച് തുടങ്ങി. വീട് വീടാന്തരം റേഡിയോ അസംബ്ലിങ് യൂണിറ്റും നൂറിലധികം മറ്റു യൂണിറ്റുകളും പ്രവർത്തിച്ച് തുടങ്ങി. അതോടെ കെൽട്രോൺ ഉൽപ്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ ജനപ്രിയ ബ്രാൻഡായി മാറി.
എഞ്ചിനീയർ ഷാഫിയെ സംബന്ധിച്ചടുത്തോളം കെൽട്രോൺ തൻറെ കഴിവുകൾ പ്രകടപ്പിക്കാനുള്ള നല്ലൊരു ഇടം തന്നെയായിരുന്നു. നന്നേ ചെറുപ്പത്തിലേ മനസ്സിൽ കൊണ്ട് നടന്ന അതെ ആശയം, അതെ മേഖല. കമ്പനിയിൽ നല്ല കഴിവുള്ളവരെ തിരഞ്ഞെടുത്ത് നൂതനങ്ങളായ സാങ്കേതിക വിദ്യകൾ കണ്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും വേണ്ടി യൂറോപ്പിലേക്ക് എഞ്ചിനീയർമാരെ അയക്കാൻ മാനേജ്‌മന്റ് തീരുമാനിച്ചു. അന്ന് കമ്പനി തിരഞ്ഞെടുത്ത രണ്ട് പേർ ഷാഫിയും, ഷറഫുദീനും. ആറ് മാസം പാരിസിൽ പരിശീലനം. പിന്നെ യൂറോപ്പ് മുഴുവനും സഞ്ചരിച്ച്, ഒരുപാട് ഫാക്ടറികൾ ഒക്കെ സന്ദർശിച്ചു സാങ്കേതികതയുടെ പുതിയ വിദ്യകൾ പഠിച്ചു.
ജോലിയുടെ ഭാഗമായി നിരവധി ലോക രാജ്യങ്ങൾ ഷാഫി സന്ദർശിച്ചിരുന്നു. ആ യാത്രകൾ ജോലിയുടെ ഭാഗമാക്കി മാത്രം മാറ്റാതെ ലോക ചരിത്രങ്ങളിൽ താൽപര്യമുള്ള ഷാഫി തൻറെ യാത്രകൾ ചരിത്രങ്ങൾ പഠിക്കുന്നതിന് വേണ്ടിയും വിനിയോഗിച്ചു. ഫ്രാൻസ്, സ്പെയിൻ, സ്വിസ്, ജർമ്മനി, ഇറ്റലി, യു കെ, അമേരിക്ക, കാനഡ, റഷ്യൻ രാജ്യങ്ങൾ മിഡിൽ ഈസ്റ്റ് ജ്യങ്ങളിൽ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. യാത്രകൾ അദേഹത്തിന് നൽകിയത് ഒരുപാട് അനുഭവങ്ങളാണ്. യൂറോപ്പിൽ വളരെ ചുരുങ്ങിയ ചിലവിൽ യൂറോ റെയിൽ പാസ്സ് എടുത്താൽ യൂറോപ്പിൽ യഥേഷ്ടം യാത്ര ചെയ്യാമെന്ന് അദ്ദേഹം പറയുന്നു.
ആത്മാർഥത, അർപ്പണ ബോധം, കഠിന പ്രയത്നം അതൊക്കെ കൈമുതലാക്കിയ ഷാഫിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ കമ്പനി അധികാരികൾ അദ്ദേഹത്തിന് ഓരോ ഘട്ടത്തിലും ജോലിയിൽ പ്രമോഷൻ നൽകിക്കൊണ്ടിരുന്നു. ഡിസൈനിങ്ങിൽ നിന്നും മാർക്കറ്റിംഗ് മാനേജർ ആയി പ്രമോഷൻ. അതോടെ താമസം എറണാകുളത്തേക്ക് മാറ്റി. മൂന്ന് വർഷം ആ തസ്തികയിലും പിന്നീട് പ്രൊജക്റ്റ് മാനേജറായി മൂന്ന് വർഷം. അതിന് ശേഷം കെൽട്രോൺ ജനറൽ മാനേജരായി മൂന്ന് വർഷം ഷാഫി കമ്പനയിൽ ജോലി ചെയ്തു. ഷാഫി കെൽട്രോണിൽ ജോലി ചെയ്തിരുന്ന കാലത്ത് 1982 ലാണ് ഡൽഹിയിൽ ഏഷ്യാഡ് ഗെയിംസ് നടക്കുന്നത്. ആ സമയത്താണ് കെൽട്രോൺ ആദ്യമായി കളർ ടീവീ വിപണിയിൽ ഇറക്കുന്നത്. അന്ന് ഇന്ത്യൻ നിർമിത കളർ ടീ വീ ഉണ്ടായിരുന്നത് കെൽട്രോണും ട്ടെല്ലറയിടും മാത്രമായിരുന്നു. ടെലിവിഷനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ മാത്രം കണ്ടിരുന്ന കാലത്ത് വർണ ചിത്രങ്ങൾ എന്നത് ഒരു കൗതുകമായിരുന്നു. കേരളത്തിൻറെ വ്യവസായ രംഗം ഇന്ത്യ ഒട്ടുക്കും പ്രശസ്തമയക്കിയ സുവർണ കാലഘട്ടം. ജനറൽ മാനേജരായ എഞ്ചിനീയർ ഷാഫി 1994 ൽ കെൽട്രോണിൽ നിന്നും വിരമിച്ചു.
കൊച്ചി ആസ്ഥാനമായി 1990 ൽ ജവാദ് ഹസ്സനും ജഹാങ്കീറും ചേർന്ന് സ്ഥാപിച്ച ഇലക്ട്രോണിക്സ് കമ്പനിയാണ് നെസ്റ്റ്. ഹിറ്റാച്ചി, തോഷിബ, ജിഇ, സീമെൻസ്, ഫിലിപ്സ് തുടങ്ങിയ 50 ഓളം ലോകോത്തര ബ്രാൻഡുകളുടെ അസംബ്ലിങ് യുണിറ്റ്. നെസ്റ്റിലെ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് സ്ഥാപനത്തെ വളർത്തുന്നതിന് വേണ്ടി ഷാഫി നെസ്റ്റിൽ നിയമിതനായി. ഒരു വെല്ലുവിളി പോലെ ഏറ്റെടുത്ത ഉദ്യോഗം. കെൽട്രോണിൽ എല്ലാ മേഖലയിലും ജോലി ചെയ്തു ലഭിച്ച പരിചയം പുതിയ ജോലി ഏറ്റെടുക്കുന്നതിയിൽ ഷാഫിക് ധൈര്യം നൽകി. 1990 ൽ നൂറ് വിദഗ്ദ്ധ ജോലിക്കാരുമായി തുടങ്ങിയ നെസ്റ്റ് ഗ്രൂപ്പ് 2020ൽ എത്തി നിൽക്കുമ്പോൾ 5500 വിദഗ്ദ്ധ അവിദഗ്ദ്ധ തൊഴിലാളികളുമായി വളർന്നിരിക്കുന്നു. എറണാകുളം, ബാംഗ്ലൂർ, മൈസൂർ, പൂന, അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി പതിനഞ്ച് യൂണിറ്റുകൾ നെസ്റ്റ് ഗ്രൂപ്പിനുണ്ട്. ഗ്രൂപ്പിൻറെ വളർച്ചയ്ക്ക് പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിച്ച് വരുന്ന ഷാഫി കഴിഞ്ഞ 25 വർഷത്തിലധികമായി നെസ്റ്റ് ഗ്രൂപ്പിൻറെ ഭാഗമായുണ്ട്. ഉലൂജി മുഹമ്മദ് ഷാഫി നിലവിൽ ഗ്രൂപ്പിന്റെ സീനിയർ കോർപറേറ്റ് വൈസ് പ്രെസിഡന്റാണ്.
കുട്ടിക്കാല അനുഭവങ്ങളും കാഴ്‌ചകളും ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന വ്യക്തിയാണ് ഉലൂജി മുഹമ്മദ് ഷാഫി. കാസറഗോഡ് ഗവൺമെൻറ് കോളേജിൽ പഠിക്കുന്ന സമയത്ത് കാസറഗോഡ് നടന്ന കന്നഡ ഭാഷാ സമരം ഇരു ചേരിയായി സംഘർഷത്തിൽ ഏർപ്പെട്ടു. പോലീസ് വെടിവെപ്പിൽ കലാശിച്ച പ്രസ്തുത സമരത്തിൽ ഒരു കോളേജ് വിദ്യാർത്ഥി മരിച്ചിരുന്നു. സ്വകാര്യ ബസ് കമ്പനി തൊഴിലാളികളുടെ സമരം അടിച്ചമർത്താൻ ബസ് ഉടമസ്ഥൻറെ മകൻ ബസ് ഓടിക്കുമ്പോൾ തടയാൻ ചെന്ന് തൊഴിലാളി നേതാവിൻറെ നെഞ്ചത്ത് ബസ് കയറ്റി തൊഴിലാളി പിടഞ്ഞു മരിച്ചു. രണ്ടു സംഭവങ്ങളുടെയും ദൃശ്യങ്ങൾ ഇന്നും നടുക്കുന്ന ഓർമ്മകളായി അദ്ദേഹം അയവിറക്കുന്നു.
കാസറഗോഡ് തെരുവത്ത് എം എ റഹീം ഹാജി പൊയക്കര സൗദ ദമ്പതികളുടെ മകൾ നഫീസയാണ് ഷാഫിയുടെ ജീവിത പങ്കാളി. മകൻ നൗഷാദ് ദുബായിൽ ബിസിനസ്സ് ചെയ്യുന്നു. മകൾ ഡോക്ടർ സൽമത്ത് നിസ. മരുമക്കൾ ഡോക്ടർ രജീഷ് മുഹമ്മദ് കോഴിക്കോട്, നാസ്മിയ ഹഫീസ് കൊല്ലം. സഹോദരങ്ങൾ ഫാത്തിമത്ത് സുഹറ, അഹമ്മദ് അലി, അബ്ദുസ്സലാം, അബ്ദുല്ല ക്കുഞ്ഞി, മുഹമ്മദ് അഷ്‌റഫ്, അബ്ദുറഷീദ് എന്നിവർ. ജീവിതത്തിൽ ഷാഫിക്ക് ഇനിയും ഉയർച്ചകൾ താണ്ടുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു. ഷാഫിക്കും കുടുംബത്തിനും ആയുർ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. നന്മകൾ നേരുന്നു.
റാഫി പള്ളിപ്പുറം
No comments:
Post a Comment