.
കേരള കാർഷിക സർവകലാശാല നടത്തുന്ന ഇന്റഗ്രേറ്റഡ് ബി.എസ്‌സി. -എം.എസ്‌സി., കോ-ഓപ്പറേഷൻ കോഴ്‌സുകൾക്ക്, ഐ.സി.എ.ആർ.-യു.ജി. പരീക്ഷവഴി പ്രവേശനം ഉണ്ടോ ? വിശദാംശങ്ങൾ നൽകുമോ ?
-പ്രദീപ്കുമാർ,
തിരുവനന്തപുരം
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) നടത്തുന്ന ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ (എ.ഐ.ഇ.ഇ.) യു.ജി. വഴി കേരള കാർഷിക സർവകലാശാലയിലെ ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ബി.എസ്‌സി. ഫോറസ്ട്രി, ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ബി.ടെക്. ഫുഡ് ടെക്നോളജി എന്നീ പ്രോഗ്രാമുകൾക്ക് മാത്രമാണ് 15 ശതമാനം സീറ്റുകൾ നികത്തുന്നത്. ബയോടെക്നോളജി, ക്ളൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ എന്നീ രണ്ട് പഞ്ചവത്സര ബി.എസ്‌സി.-എം.എസ്‌സി. ഇന്റഗ്രേറ്റഡ് കോഴ്സുകൾ, നാലുവർഷ ബി.എസ്‌സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് പ്രോഗ്രാം എന്നിവയിലെ മുഴുവൻ സീറ്റുകളും ഇപ്പോൾ നികത്തുന്നത് കാർഷിക സർവകലാശാല നേരിട്ടാണ്. അതിനാൽ ഐ.സി.എ.ആർ. അഗ്രിക്കൾച്ചർ പ്രവേശനപരീക്ഷ വഴി ഇതിൽ പ്രവേശനം കിട്ടില്ല.
ബയോടെക്നോളജി പ്രോഗ്രാം തിരുവനന്തപുരം വെള്ളായണി കാമ്പസിലും മറ്റു രണ്ടു പ്രോഗ്രാമുകൾ തൃശ്ശൂർ വെള്ളാനിക്കര കാമ്പസിലുമാണ്. സർവകലാശാല നടത്തുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ് മൂന്നു പ്രോഗ്രാമുകളിലേക്കും പ്രവേശനം. രണ്ടു പേപ്പറാണ് പ്രവേശനപരീക്ഷയ്ക്കുള്ളത്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പേപ്പർ I-ൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്നും 60 വീതം ചോദ്യങ്ങൾ ഉണ്ടാകും. 80 മിനിറ്റ് ദൈർഘ്യമുള്ള പേപ്പർ II-ൽ മാത്തമാറ്റിക്സ്/ബയോളജിയിൽനിന്ന് 60-ഉം ജനറൽ നോളജിൽനിന്ന് 20-ഉം ചോദ്യങ്ങൾ കാണും. ഹയർ സെക്കൻഡറി സിലബസ് അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക്. ശരിയുത്തരത്തിന് ഒരു മാർക്കുവീതം. നെഗറ്റീവ് മാർക്കിങ് ഇല്ല. റാങ്ക് പട്ടികയിൽ സ്ഥാനംകിട്ടാൻ പ്രവേശനപരീക്ഷയിൽ 20 ശതമാനം (40) മാർക്ക് വാങ്ങണം. 2019-ൽ ഇതിന്റെ വിജ്ഞാപനം വന്നത് ജൂൺ ഒന്നിനാണ്.
കഴിഞ്ഞവർഷത്തെ വിജ്ഞാപനവും പ്രോസ്പെക്ടസും www.kau.in -ൽ ‘നോട്ടീസ് ബോർഡ്’ ലിങ്കിലെ ‘അക്കാദമിക് ഇൻഫോ’ എന്ന ഉപലിങ്കിൽ ലഭിക്കും. ഈ വർഷത്തെ വിജ്ഞാപനം വരുന്നത് ശ്രദ്ധിക്കുക.
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment