• അശ്വതി അനിൽ
: ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) 2020 പരീക്ഷയിൽ കെമിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ രണ്ടാംറാങ്ക് നേടിയ കണ്ണൂർ സ്വദേശി അതുൽ പ്രകാശ് പരീക്ഷാ അനുഭവങ്ങളും തയ്യാറെടുപ്പുകളും പങ്കുവെക്കുന്നു. എൻ.ഐ.ടി. സുറത്കലിൽനിന്ന് ബി.ടെക്. നേടി. ഒരുവർഷം ജോലിചെയ്തതിനു ശേഷമാണ് തയ്യാറെടുപ്പ് തുടങ്ങുന്നത്. ഉയർന്ന റാങ്ക് നേടിയെങ്കിലും പി.ജി., പിഎച്ച്.ഡി. പഠനത്തിന് ഇപ്പോഴില്ല. ഒ.എൻ.ജി.സി., ഐ.ഒ.സി.എൽ. പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയാണ് അതുലിന്റെ ലക്ഷ്യം.
ഗേറ്റ് പരീക്ഷയെക്കുറിച്ച്
ന്യൂമെറിക്കൽ, മൾട്ടിപ്പിൾ ചോയ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഓൺലൈനായാണ് പരീക്ഷ. 65 ചോദ്യങ്ങളുണ്ടാവും. 100 മാർക്ക്. മൂന്ന് മണിക്കൂർ പരീക്ഷ. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ഒരു മാർക്കിന്റെ ചോദ്യത്തിന് ഉത്തരം തെറ്റിയാൽ 1/3 മാർക്കും രണ്ടു മാർക്കിന്റെ ചോദ്യത്തിന് ഉത്തരം തെറ്റിയാൽ 2/3 മാർക്കും കുറയ്ക്കും. അതേസമയം, ചോയ്സില്ലാത്ത ന്യൂമെറിക്കൽ രീതിയിൽ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കുണ്ടാവില്ല
പഠനരീതി
ദിവസം മൂന്നുമണിക്കൂർ വീതം കോച്ചിങ് സെന്ററിലെ പരിശീലനം. ബാക്കി സമയം ഒറ്റയ്ക്കും കമ്പൈൻഡ് സ്റ്റഡി ആയും പഠിച്ചു.
പഠിക്കുന്ന സമയത്തുതന്നെ ചെറിയ കുറിപ്പുകൾ എഴുതിവെക്കുന്ന ശീലമുണ്ടായിരുന്നു. കോച്ചിങ് തീർന്നപ്പോഴേക്കും ഞാൻ നാല് വർഷംകൊണ്ട് പഠിച്ചതിന്റെ കുറിപ്പുകൾ രണ്ട് ചെറിയ നോട്ട് ബുക്കുകളായി എന്റെ കൈയിൽ ഉണ്ടായിരുന്നു. റിവൈസ് ചെയ്യുമ്പോൾ ഈ കുറിപ്പുകളാണ് ഏറ്റവും കൂടുതൽ സഹായിച്ചത്.
ടൈം മാനേജ്മെന്റ്
പഠിച്ച് കഴിയുമ്പോൾ മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ സംഘടിപ്പിച്ച് അത് ചെയ്തുനോക്കും. അങ്ങനെ 2000 മുതലുള്ള ചോദ്യപ്പേപ്പർ ചെയ്തുനോക്കി. ഫെബ്രുവരിയിലെ പരീക്ഷയ്ക്ക് മുമ്പുള്ള രണ്ടുമാസം കഠിന പരിശീലനമായിരുന്നു. കോച്ചിങ് സെന്ററിൽ നിന്നുള്ള ടെസ്റ്റ് സീരിസുകളെല്ലാം ചെയ്തു. രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ആ സമയക്രമം പാലിച്ചുകൊണ്ട് റൂമിൽ ഇരുന്ന് മോക്ക് ടെസ്റ്റുകൾ ചെയ്തുനോക്കി. ടൈം മാനേജ്മെന്റിന് ഇത് സഹായിച്ചു. തയ്യാറാക്കിയ കുറിപ്പുകൾകൊണ്ട് പഠിച്ചതെല്ലാം റിവൈസ് ചെയ്തു. കോച്ചിങ് കഴിഞ്ഞപ്പോഴേക്കും വിഷയവുമായി ബന്ധപ്പെട്ട് നല്ല ധാരണ ഉണ്ടായി. അതുകൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ പരീക്ഷ എഴുതി.
ഉയർന്ന ഗേറ്റ് സ്കോറുണ്ടെങ്കിൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ മികച്ച കരിയർ കണ്ടെത്താം
അതുൽ പ്രകാശ്
No comments:
Post a Comment